കേരളത്തില്‍ വാഹനങ്ങളുടെ എണ്ണം വികസിത പാശ്ചാത്യ രാജ്യങ്ങള്‍ക്കൊപ്പം…!

Print Friendly, PDF & Email

കേരളത്തില്‍ വാഹനങ്ങളുടെ എണ്ണം വികസിത പാശ്ചാത്യ രാജ്യങ്ങള്‍ക്കൊപ്പം എന്ന് കണക്കുകള്‍. കേരളത്തിലെ വാഹനങ്ങളുടെ എണ്ണം 1,41,84,184 ആണ്. അതായത് 1,000 ആളുകള്‍ക്ക് 425 വാഹനങ്ങള്‍ എന്ന സ്ഥിതി. അതായത് വാഹനങ്ങളുടെ എണ്ണത്തിന്‍റെ കാര്യത്തില്‍ കേരളം പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ഒപ്പമെന്ന് അര്‍ത്ഥം. ലോക വികസന സൂചകങ്ങള്‍ അനുസരിച്ച് ഇന്ത്യയില്‍ 1,000 ആളുകള്‍ക്ക് 41 വാഹനങ്ങള്‍ എന്നാണ് കണക്ക്. ഫ്രാന്‍സില്‍ അത് 478 ഉം യുകെയില്‍ 471അയര്‍ലാന്‍ഡില്‍ 444ഉം റഷ്യയില്‍ 381ഉം ആണ് വാഹനങ്ങളുടെ ശരാശരി എണ്ണം.

ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന ചൈനയില്‍ 1000പേരില്‍ 200 പേര്‍ക്കു വാഹനങ്ങളൊള്ളു. എന്നാല്‍ കേരളത്തില്‍ ശരാശരി വാഹനങ്ങളുടെ എണ്ണം അതിന്‍റെ അതിന്‍റെ ഇരട്ടിയിലേറെയാണ്. എണ്ണ സന്പന്നമായ ഗള്‍ഫ് രാഷ്ട്രങ്ങളും ശരാശരി വാഹനങ്ങളുടെ എണ്ണത്തില്‍ കേരളത്തിന്‍റെ അടുത്ത് എത്തില്ല. യുഎഇയില്‍ 1000 പേര്‍ക്ക് 234ഉം ഒമാനില്‍ 335ഉം സൗദി അറേബ്യ 220ഉം ബഹറിന്‍ 422ഉം ഖത്തര്‍ 411ഉം ആണ് വാഹനങ്ങളുടെ ശരാശരി എണ്ണം 477 വാഹനങ്ങളുമായി കുവൈറ്റ് ആണ് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്നത്. ശരാശരി വാഹനങ്ങളടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത് യുഎസ് തന്നെയാണ് അവിടെ ആയിരം പേര്‍ക്ക് 838 വാഹനങ്ങള്‍ ഉണ്ട്. 837വാഹനങ്ങളുമായി തൊട്ടടുത്തു തന്നെയുണ്ട് ന്യൂസ് ലാന്‍ഡ്. കാനഡ (685), ഇറ്റലി (655), ജപ്പാന്‍ (649), സ്പെയിന്‍ (648), ജര്‍മ്മനി (561), ആസ്ട്രിയ (555), പോര്‍ച്ചുഗല്‍ (492), ഗ്രീസ് (487), ഡന്‍മാര്‍ക്ക് (438), ഇസ്രായേല്‍ (304) എന്നിങ്ങനെയാണ് മറ്റ് പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങളിലെ ശരാശരി വാഹനങ്ങളുടെ എണ്ണം. വാഹനങ്ങളുടെ എണ്ണത്തില്‍ ഈ ശ്രേണിയിലേക്കാണ് കൊച്ചു കേരളവും എത്തിച്ചേര്‍ന്നിരിക്കുന്നത്.

എം.ജി റോഡ് തിരുവനന്തപുരം

കഴിഞ്ഞ 10 വര്‍ഷത്തിനിടെയാണ് കേരളത്തില്‍ വാഹനങ്ങളുടെ എണ്ണം കുത്തനെ കൂടിയത്. ഈ കാലഘട്ടത്തില്‍ വാഹനങ്ങളുടെ എണ്ണം മൂന്നിരട്ടിയായി വര്‍ദ്ധിച്ചെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ വാഹന അപകടങ്ങളുടെ കാര്യത്തില്‍ കുപ്രസിദ്ധി നേടിയ കേരളത്തില്‍ അപകടങ്ങളുടെ നിരക്ക് ക്രമേണ കുറഞ്ഞു വരുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. 2010-നെ അപേക്ഷിച്ച് 2020-ല്‍ വാഹനാപകടം നാലില്‍ ഒന്നായി ചുരുങ്ങിയതായി ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെയും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം റോഡിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ടെങ്കിലും പൊലീസിന്‍റെയും ഗതാഗത വകുപ്പിന്റെയും കര്‍ശന ഇടപെടലുകളുമാണ് അപകടങ്ങള്‍ കുറയാന്‍ കാരണമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. വാഹനങ്ങളുടെ ഈ കുതിച്ചു കയറ്റം കേരളത്തിലെ റോഡുകളുമടെ നിലവാരം അടിയന്തരമായി മെച്ചപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.