റെയിൽവേ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് അശ്വിനി വൈഷ്ണവ്.
റെയിൽവേ ബോർഡിൻ്റെ പ്രവർത്തനവും സ്വാതന്ത്ര്യവും വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് റെയിൽവേ ബോർഡിന് നിയമപരമായ അധികാരം നൽകുന്നതിനായി റെയിൽവേ (ഭേദഗതി) ബിൽ 2024 ലോക്സഭയിൽ അവതരിപ്പിച്ചു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ബില്‍ വെള്ളിയാഴ്ച ലോകസഭയില്‍ അവതരിപ്പിച്ചത്.
സ്വാതന്ത്ര്യത്തിന് മുമ്പ് പൊതുമരാമത്ത് വകുപ്പിൻ്റെ ഒരു ശാഖയായാണ് റെയിൽവേ ശൃംഖല സ്ഥാപിച്ചത്. ശൃംഖല വികസിച്ചപ്പോൾ, വിവിധ റെയിൽവേ സ്ഥാപനങ്ങളുടെ ശരിയായ പ്രവർത്തനം സാധ്യമാക്കാൻ ഇന്ത്യൻ റെയിൽവേ നിയമം, 1890 നിലവിൽ വന്നു. രാജ്യത്ത് റെയില്‍വേ വികസിച്ചപ്പോള്‍ കൂടുതല്‍ നിയമങ്ങള്‍ അനിവാര്യമാവുകയും തുടര്‍ന്ന് റെയിൽവേയെ പൊതുമരാമത്ത് വകുപ്പിൽ നിന്ന് വേർപെടുത്തി 1905ൽ റെയിൽവേ ബോർഡ് ആക്ട് നിലവിൽ വരുകയും ചെയ്തു. പിന്നീട് 1890-ലെ ഇന്ത്യൻ റെയിൽവേ നിയമം റദ്ദാക്കിക്കൊണ്ട് 1989-ൽ റെയിൽവേ നിയമം നിലവിൽ വന്നു. 1905ലെ ഇന്ത്യൻ റെയിൽവേ ബോർഡ് നിയമത്തിലെ വ്യവസ്ഥകളും 1989ലെ റെയിൽവേ നിയമവും ഒരുപോലെ പാലിച്ചുകൊണ്ടാണ് ഇന്ന് ഇന്ത്യന്‍ റെയില്‍വേ പ്രവര്‍ത്തിക്കുന്നത്.
1905ലെ ഇന്ത്യൻ റെയിൽവേ ബോർഡ് ആക്ടിൻ്റെ നിർദേശങ്ങൾ 1989ലെ റെയിൽവേ നിയമത്തിൽ ഉൾപ്പെടുത്തി നിയമ ചട്ടക്കൂട് ലഘൂകരിക്കാൻ നിലവിലെ ബിൽ നിർദ്ദേശിക്കുന്നു. ഇതുമൂലം രണ്ട് നിയമങ്ങൾ പരാമർശിക്കേണ്ടതിൻ്റെ ആവശ്യകത കുറയുകയും റെയില്‍വേ നിയമം ലഘൂകരിക്കപ്പെടുകയും ചെയ്യും. “1905ലെ ഇന്ത്യൻ റെയിൽവേ ബോർഡ് ആക്ടിലെ എല്ലാ വ്യവസ്ഥകളും റെയിൽവേ (ഭേദഗതി) ബിൽ 2024ല്‍ ഉൾപ്പെടുത്താൻ നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു”