ബംഗ്ലാദേശില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു.
ബംഗ്ലാദേശിൻ്റെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് രാജ്യം വിട്ടതിന്‍റെ പിന്നാലെ ചൊവ്വാഴ്ച (ആഗസ്റ്റ് 6) പ്രസിഡൻ്റ് പാർലമെൻ്റ് പിരിച്ചുവിട്ടു. ഇതായിരുന്നു സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ പ്രധാന ആവശ്യം. വിദ്യാർത്ഥി സംഘന നേതാക്കൾക്ക് സ്വീകാര്യനായ സമാധാന നോബേല്‍ ജേതാവ് മുഹമ്മദ് യൂനുസ് ഇടക്കാല സര്‍ക്കാരിന്‍റെ മുഖ്യ ഉപദേഷ്ടാവാകാൻ സമ്മതമറിയിച്ചെന്ന് റിപ്പോര്‍ട്ടും പുറത്തുവന്നു. ചികിത്സാര്‍ത്ഥം പാരിസിലുള്ള യൂനുസ് വൈകാതെ ബംഗ്ലാദേശിലെത്തും.
പുറത്താക്കപ്പെട്ട ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ താത്കാലികമായിപ്പോലും ഉൾക്കൊള്ളാൻ യുഎസും യുഎസും വിസമ്മതിച്ചതോടെ ഹസീന പ്രതിസന്ധിയിലായി. ബംഗ്ലാദേശിൽ പ്രതിഷേധക്കാരെ പീഡിപ്പിക്കുന്നതിനും കൊലപ്പെടുത്തിയതിനും ഉത്തരവാദിത്തം നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട യുഎസ്, ഹസീനയുടെ വിസ റദ്ദാക്കിയതായി സ്ഥിരീകരിച്ചിട്ടില്ലാത്ത മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ആദ്യമെത്തിയ സുരക്ഷിത രാജ്യം ഏതാണോ അവിടെ തന്നെ തുടരുന്നതായിരിക്കും നല്ലതെന്നാണ് യുകെ ആഭ്യന്തര വകുപ്പ് വക്താവ് ഒരു ഇന്ത്യൻ ഇംഗ്ലീഷ് മാധ്യമത്തോട് പറഞ്ഞത്. വക്താവ് ഇങ്ങനെ പറയുമ്പോഴും ഔദ്യോഗികമായി രാഷ്ട്രീയ അഭയം തേടാനുള്ള നടപടികൾ പിന്നണിയിൽ പുരോഗമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
കൂടാതെ, ബംഗ്ലാദേശ് പ്രസിഡൻ്റ് ഹസീനയുടെ ബദ്ധവൈരിയും മുൻ പ്രധാനമന്ത്രിയുമായ ബംഗ്ലദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ചെയർപേഴ്‌സൺ ബീഗം ഖാലിദ സിയയെയും വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചു. പാർലമെൻ്റ് പിരിച്ചുവിട്ടത് ഇടക്കാല സർക്കാർ രൂപീകരണത്തിന് വഴിയൊരുങ്ങുകയാണ്.