KERALANEWS MAIN

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കേരളം… സുപ്രീം കോടതിയിൽ കേസിന് പോയതോടെ നിലപാട് കടുപ്പിച്ചു കേന്ദ്ര സർക്കാർ.

കേരളത്തെ കേന്ദ്രം അവഗണിക്കുകകയാണെന്ന ആരോപണം ഉന്നയിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ സമര പ്രഖ്യാപനവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകവേ നിലപാട് കടുപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതോടെ കൂടുതല്‍ വായ്പയെടുക്കാനുള്ള മാർഗ്ഗങ്ങൾ സംസ്ഥാനത്തിന്‍റെ മുമ്പിലടഞ്ഞു. ഫെബ്രുവരി രണ്ടിന് ബജറ്റ് അവതരിപ്പിക്കാനിരിക്കവേ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി.

അടച്ചുതീർത്ത വായ്പയ്ക്ക് പകരമായി (റീപ്ലെയ്സ്മെന്റ് ബോറോയിങ്) 2500 കോടി രൂപ എടുക്കാൻ ധനമന്ത്രാലയം സമ്മതമറിയിച്ചെങ്കിലും അവസാനനിമിഷം അനുമതി തടയുകയായിരുന്നു. സംസ്ഥാനത്തിനെതിരെ സാമ്പത്തിക
അവഗണന കാട്ടുന്നുവെന്ന് ആരോപിച്ച് കേന്ദ്രത്തിനെതിരേ കേരളം സുപ്രീംകോടതിയില്‍ നൽകിയ കേസ് സുപ്രീം കോടതി പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിനുള്ള വായ്പ കേന്ദ്രം തടഞ്ഞതെന്നാണ് സംസ്ഥാന സർക്കാർ കരുതുന്നത്. 25-നാണ് കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്. കേന്ദ്രത്തിന്റെ ഈ നിസ്സഹകരണ നിലപാടുകള്‍ സംസ്ഥാന സർക്കാറിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതോടെ കേന്ദ്രത്തിനെതിരെ യുദ്ധപ്രഖ്യാപനം നടത്തി കൂടുതൽ വെട്ടിലായ അവസ്ഥയിലാണ് ബാലഗോപാലും സംഘവും.

കൂടുതൽ വായ്പ അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്രകുമാർ അഗർവാൾ ഡൽഹിയിൽ ചർച്ചനടത്തിയിരുന്നു. ആ ചര്‍ച്ചയും ഒരിടത്തുമെത്താതെ അവസാനിച്ചു. സുപ്രീംകോടതിയിലെ കേസില്‍ കോടതിയുടെ അന്തിമ തീരുമാനം വന്നതിനു ശേഷമേ വായ്പയുടെ കാര്യത്തിൽ കൂടുതല്‍ തീരുമാനമെടുക്കുവാൻ കഴിയുകയുള്ളൂ എന്ന നിലപാടിലായിരുന്നു കേന്ദ്ര ധനകാര്യ വകുപ്പ്.

സംസ്ഥാന ട്രഷറി ആകട്ടെ കഴിഞ്ഞ അഞ്ചുദിവസമായി ഓവർ ഡ്രാഫ്റ്റിലാണ്. ദൈനദിന ചിലവുകള്‍ കഴിഞ്ഞ് ട്രഷറിയിൽ ദിവസ ബാക്കിയായി 1.66 കോടി രൂപ ഇല്ലെങ്കിൽ റിസർവ് ബാങ്കിൽനിന്ന് താത്കാലിക വായ്പ (വേയ്സ് ആൻഡ് മീൻസ്) ലഭിക്കും. കേരളത്തിന് 1644 കോടിരൂപയാണ് ഇങ്ങനെ കിട്ടുന്നത്. ഇതും കവിഞ്ഞ് പണമെടുക്കുമ്പോഴാണ് ഓവർ ഡ്രാഫ്റ്റ് ആകുന്നത്. വേയ്സ് ആൻഡ് മീൻസിന് തുല്യമായ 1644 കോടികൂടി ഓവർഡ്രാഫ്റ്റായി എടുക്കാം. കേരളം ഇതിനകം ഏകദേശം 1300 കോടി രൂപ ഓവർ ഡ്രാഫ്റ്റിലാണ്. 14 ദിവസത്തിനകം വേയ്സ് ആൻഡ് മീൻസും ഓവർ ഡ്രാഫ്റ്റും ചേർന്ന തുക തിരിച്ചടച്ചില്ലെങ്കിൽ ട്രഷറി ഇടപാടുകൾ നിർത്തിവെക്കേണ്ടിവരും. ഇതുവരെ അനുവദിച്ചതിൽ ആയിരംകോടി രൂപ വായ്പയാണ് ഇനി എടുക്കാനുള്ളത്. കേന്ദ്രനികുതി വിഹിതം ഈയാഴ്ച ലഭിക്കും. ഇതു രണ്ടും ചേർത്ത് ഓവർഡ്രാഫ്റ്റ് തുക അടച്ച് ട്രഷറി പൂട്ടിയിടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ധനവകുപ്പ്. എന്നാൽ, സാമ്പത്തിക വർഷത്തിന്റെ അവസാനഘട്ടമായതിനാൽ ഇതിനു കഴിയുമോ എന്ന കടുത്ത ആശങ്കയിലാണ് സംസ്ഥാന ധനകാര്യ വകുപ്പ്. സ്ഥാനത്തിന്റെ തനതു വരുമാനംകൊണ്ട് ബാധ്യതകൾ നിറവേറ്റാനാവില്ല. അതിനാൽ മാർച്ചിൽ ചെലവു ചുരുക്കുകയേ നിവൃത്തിയുള്ളൂ. കേന്ദ്ര നിര്‍ദ്ദേശാനുസരണം വൈദ്യുതിമേഖലയില്‍ നടത്തിയ പരിഷ്കാരങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്രം 4065 കോടി രൂപ അനുവദിക്കാനുണ്ട്. ഈ പണം കൊണ്ട് സാമ്പത്തിക വർഷാവസാനത്തിൽ പിടിച്ചു നില്‍ക്കാം എന്നാണ് സംസ്ഥാന സർക്കാരിന്റെ പ്രതീക്ഷ. എന്നാല്‍ കേന്ദ്ര നിര്‍ദ്ദേശ പ്രകാരം സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള കേന്ദ്ര നിബന്ധനകൾ പാലിക്കാത്തത് ഈ തുക ലഭ്യമാകുന്നതിനെ ബാധിക്കുമോയെന്ന ആശങ്ക സംസ്ഥാന സര്‍ക്കാരിനുണ്ട്.

സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ കുറ്റം മുഴുവനും കേന്ദ്രത്തിന്‍റെ തലയില്‍ ചുമത്തി തല്‍ക്കാലം ജനങ്ങളുടെ മുമ്പില്‍ പിടിച്ചു നില്‍ക്കുവാനുള്ള തത്രപ്പാടിലാണ് പിണറായി വിജയന്‍ സര്‍ക്കാര്‍. അതിന്‍റെ ഭാഗമായിരുന്നു കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ കഴിഞ്ഞ ദിവസം തീര്‍ത്ത് മനുഷ്യ ചങ്ങല. അതിന്‍റെ തുടര്‍ച്ചയായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ ഡൽഹിക്ക് പുറപ്പെടാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. ഇതിനായി പ്രതിപക്ഷ സഹകരണം തേടിയെങ്കിലും ആ വെട്ടില്‍ വീഴുവാന്‍ പ്രതിപക്ഷം തയ്യാറായില്ല. കേരള സർക്കാർ ഉണ്ടാക്കിയ കുഴപ്പമാണ് ഇത്. കേരളത്തിന്‍റെ സാമ്പത്തിക തകര്‍ച്ചയില്‍ ഒരു കാരണം മാത്രമാണ് കേന്ദ്ര അവഗണന. പ്രധാനമായും സര്‍ക്കാരിന്‍റെ ധൂര്‍ത്തും കെടുകാര്യസ്ഥതയും കൊണ്ടുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് എന്ന നിലപാടിലാണ് പ്രതിപക്ഷം. നികുതി വെട്ടിപ്പ്കാരുടെ പറുദീസ ആണ് കേരളം. കേന്ദ്രത്തിന് എല്ലാ രേഖകളും കൊടുത്തിട്ട് പണം കിട്ടുന്നില്ലെങ്കിൽ പിന്തുണയ്ക്കുന്ന കാര്യം പരിഗണിക്കാമെന്നു നലപാടിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേന്ദ്രസർക്കാരിനെതിരായ സമരത്തിന് ഡൽഹിക്കില്ലെന്ന് സർക്കാരിനെ രേഖാമൂലം പ്രതിപക്ഷം അറിയിച്ചുകഴിഞ്ഞു.

അഴിമതിയും ധൂര്‍ത്തും ജനകീയവത്കരിച്ച് സ്വയം വെട്ടില്‍ വീണിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. വൻകിട പദ്ധതികളുടെ പേരിൽ നടക്കുന്ന അഴിമതിയും ധൂർത്തും ധനപ്രതിസന്ധിക്ക് ആക്കം കൂട്ടിയിരിക്കുന്നു. മദ്യവും ചൂതും പൊതു ജനങ്ങളെ പിഴിയലും കടമെടുപ്പും പ്രധാന വരുമാന മാര്‍ഗ്ഗങ്ങളായി കണ്ട് മറ്റ് വിഭവ സമാഹരണത്തിന് ഒരു നടപടിയും സ്വീകരിക്കാതെ മുന്നോട്ടു പോകുന്ന ഒരു സര്‍ക്കാരിനു സംഭവിക്കാവുന്ന സ്വാഭാവിക പതനത്തിന്‍റെ പാതാളത്തിലാണ് പിണറായി സര്‍ക്കാര്‍ പതിച്ചിരിക്കുന്നത്. സര്‍വ്വ കുറ്റങ്ങളും കേന്ദ്രത്തിന്‍റെ തലയില്‍ കെട്ടിവച്ച് രക്ഷപെടാമെന്ന തന്ത്രവും പാളുകയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ ഒരു മനുഷ്യ ചങ്ങലകള്‍ക്കും തടുത്തു നിര്‍ത്താന്‍ കഴിയാത്ത വന്‍ സാമ്പത്തിക ദുരന്തമായിരിക്കും കേരളത്തെ കാത്തിരിക്കുന്നുത്.

0