ബഗ്ലാദേശില്‍ കലാപം! പ്രധാനമന്ത്രി നാടുവിട്ടു!! സൈന്യം ഭരണം ഏറ്റെടുത്തു!!!
സർക്കാർ വിരുദ്ധ കലാപം ആളിക്കത്തുന്നതിനിടെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സ്ഥാനം രാജി വെച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2:30 ഓടെ സൈനിക ഹെലികോപ്റ്ററിൽ ഹസൂന ഇളയ സഹോദരി ഷെയ്ഖ് രഹനയ്‌ക്കൊപ്പം ബംഗബബാനിൽ നിന്ന് രക്ഷപെട്ടത്. വൈകുന്നേരം 5 മണിയോടെ ഡൽഹി സൈനിക വിമാനത്താവളത്തില്‍ എത്തിയ ഹസീന ബീഗത്തെ ഇന്ത്യൻ എയർഫോഴ്സിലെ മുതിർന്ന ഉദ്യോഗസ്ഥർ ചേര്‍ന്ന് ഷെയ്ഖ് ഹസീനയെ സ്വീകരിച്ചു. ദില്ലിയിൽ നിന്ന് ഇവര്‍ ലണ്ടനിലേക്ക് പോകുമെന്നാണ് സൂചന. ഒരുമാസത്തിലേറെയായി പ്രതിപക്ഷ വിദ്യാര്‍ത്ഥി സഘടനകള്‍ ആരംഭിച്ച സമരം നിയന്ത്രണാതീതം ആയതോടെയാണ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് നാടുവിട്ടത്.
കഴിഞ്ഞ മാസം, സർക്കാർ ജോലികളിലെ സംവരണ ക്വാട്ടയ്‌ക്കെതിരെ വിദ്യാർത്ഥി സംഘടനകൾ നടത്തിയ പ്രതിഷേധത്തിൽ 150 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ജൂലൈ 21 ന് സുപ്രീം കോടതി മിക്ക ക്വാട്ടകളും റദ്ദാക്കിയതിനെത്തുടർന്ന് ക്വാട്ട സമ്പ്രദായം പരിഷ്കരിക്കുന്നതിനുള്ള പ്രതിഷേധം താൽക്കാലികമായി നിർത്തി. എന്നാൽ, അക്രമത്തിനും ഇൻ്റർനെറ്റ് കണക്ഷനുകൾ പുനഃസ്ഥാപിക്കുന്നതിനും കോളേജ്, യൂണിവേഴ്സിറ്റി കാമ്പസുകൾ വീണ്ടും തുറക്കുന്നതിനും പണം അനുവദിക്കണമെന്നും ഹസീന പരസ്യമായി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച അവസാനത്തോടെ പ്രതിഷേധം വീണ്ടും ശക്തപ്പെടുകയായിരുന്നു. ഇതോടെ ഹസീനയെ പുറത്താക്കാനുള്ള പ്രചാരണത്തിലേക്ക് പ്രകടനങ്ങൾ വ്യാപിച്ചു. തുടര്‍ന്ന് ഹസീന രാജിവയ്ക്കണം എന്ന ഒറ്റ പോയിൻ്റ് അജണ്ടയുമായി ഞായറാഴ്ച മുതൽ രാജ്യവ്യാപകമായി നിസ്സഹകരണ പ്രസ്ഥാനത്തിന് വിദ്യാർത്ഥി കൂട്ടായ്മ ആഹ്വാനം ചെയ്തു –
സർക്കാർ ജോലികൾക്കുള്ള ക്വാട്ട സമ്പ്രദായം ഹൈക്കോടതി പുനഃസ്ഥാപിച്ചതിനെത്തുടർന്ന് ജൂണിൽ തന്നെ യൂണിവേഴ്സിറ്റി കാമ്പസുകളിൽ പ്രകടനങ്ങൾ ആരംഭിച്ചിരുന്നു, തുടര്‍ന്ന് നിയമം റദ്ദാക്കാനുള്ള ശ്രമം ആരഭിച്ച ഹസീന സർക്കാർ 2018 ലെ തീരുമാനം റദ്ദാക്കി. എങ്കിലും ജൂലൈയിൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ അക്രമത്തിന് ഹസീനയുടെ സർക്കാരിനെയാണ് പ്രതിഷേധക്കാർ കുറ്റപ്പെടുത്തിയത്. ഹസീനയുടെ വിമർശകരും അവകാശ സംഘടനകളും അവരുടെ സർക്കാർ പ്രതിഷേധക്കാർക്കെതിരെ അമിതമായ ബലപ്രയോഗം നടത്തിയെന്ന് ആരോപിച്ചു, ഇത് സർക്കാർ നിഷേധിക്കുന്നു.
സർക്കാരിൻ്റെ അപ്പീലിനെത്തുടർന്ന് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി താൽക്കാലികമായി നിർത്തിവയ്ക്കുകയും 93% ജോലികളും മെറിറ്റിൻ്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾക്ക് നൽകണമെന്ന് നിർദ്ദേശിച്ച കീഴ്ക്കോടതി ഉത്തരവ് കഴിഞ്ഞ മാസം തള്ളുകയും ചെയ്തു.
76 കാരിയായ ഹസീനയും അവരുടെ ഗവൺമെൻ്റും ക്വാട്ട പ്രതിഷേധത്തിനിടെയുണ്ടായ അക്രമത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെട്ടിട്ടില്ലെന്നും സംഘട്ടനങ്ങൾക്കും തീവെപ്പിനും ഇസ്‌ലാമിക് പാർട്ടിയായ ജമാഅത്തെ ഇസ്‌ലാമിയെയും മുഖ്യ പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയെയും (ബിഎൻപി) കുറ്റപ്പെടുത്തി.
എന്നാൽ ഞായറാഴ്ച വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടതോടെ, “അക്രമം നടത്തുന്നവർ വിദ്യാർത്ഥികളല്ല, മറിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന തീവ്രവാദികളാണെന്ന നിലപാടായിരുന്നു സര്‍ക്കാരിന്‍റേത്. വിദ്യാർത്ഥികളല്ല, ഭീകരർ ആണ് പ്രക്ഷോഭത്തിന് പിന്നിലെന്നും അടിച്ചമർത്തുമെന്നും ആയിരുന്നു ഹസീനയുടെ നിലപാട്. പ്രതിസന്ധി പരിഹരിക്കാനുള്ള ചർച്ചകൾക്കായുള്ള ഹസീനയുടെ വാഗ്ദാനം വിദ്യാർത്ഥി സംഘം നിരസിച്ചു. മൂന്ന് ദിവസത്തിനിടെ മാത്രം പട്ടാളത്തിന്‍റേയും പൊലീസിന്റെയും വെടിവെപ്പിൽ മുന്നൂറോളം പേർ കൊല്ലപ്പെട്ടു. സമരക്കാരുടെ ആക്രമണത്തിൽ നിരവധി പൊലീസുകാരും മരിച്ചു. ഇന്ന് പതിനായിരക്കണക്കിന് പ്രക്ഷോഭകർ പട്ടാളത്തിന്റെ മുന്നറിയിപ്പ് മറികടന്ന് തെരുവിലിറങ്ങി പ്രധാനമന്ത്രി ഹസീനയുടെ ഔദ്യോഗിക വസതി ആയ ഗണഭവനിലക്ക് നീങ്ങി. ഇതോടെ അപകടം തിരിച്ചറിഞ്ഞ ഹസീന സഹോദരി രഹാനയ്ക്കൊപ്പം സൈനിക ഹെലികോപ്റ്ററിൽ സ്ഥലം വിട്ടു. സൈന്യം കൂടി കൈ ഒഴിഞ്ഞതോടെയാണ് ഹസീന രാജ്യം വിട്ടത് എന്നാണ് സൂചന.
പിന്നാലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയ പ്രക്ഷോഭകർ വിലപിടിച്ചതെല്ലാം കൊള്ളയടിച്ചു. ബംഗ്ലദേശ് ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാലിന്റെ വീടും ജനക്കൂട്ടം കൊള്ളയടിച്ചു. ബംഗ്ലാദേശിന്റെ രാഷ്ട്ര പിതാവും ഹസീനയുടെ അച്ഛനുമായ ഷെയ്ഖ് മുജീബുറഹ്മാന്റെ പ്രതിമ ധാക്കയിൽ തകർത്തു. പിന്നാലെ രാജ്യത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. രാജ്യത്ത് ഇടക്കാല സർക്കാർ രൂപീകരിക്കുമെന്നും എല്ലാ പാർട്ടികളുമായി ചർച്ച തുടങ്ങിയെന്നും സൈനിക മേധാവി വഖാറുസമാൻ പ്രഖ്യാപിച്ചു. അക്രമം അവസാനിപ്പിക്കാൻ അദ്ദേഹം ആഹ്വനം ചെയ്തു.
സ്വകാര്യ മേഖലയിലെ തൊഴിൽ വളർച്ച സ്തംഭനാവസ്ഥയില്‍ ആയതാണ് ബംഗ്ലദേശിലെ നിലവിലെ അശാന്തിക്ക് കാരണം. 170 ദശലക്ഷത്തിലധികം ജനസംഖ്യയിൽ ഏകദേശം 32 ദശലക്ഷം യുവാക്കൾ ജോലിയോ വിദ്യാഭ്യാസമോ ഇല്ലാത്തവരാണ്. യുവാക്കള്‍ തൊഴിലില്ലായ്മയുടെ തിക്തഫലങ്ങള്‍ അനുഭവിക്കുന്നതിനിയിലാണ് തൊഴില്‍ സംവരണത്തിനനുകാലമായി ഹൈക്കോടതി വിധി വരുന്നത്. തൊഴിലില്ലായ്മയോട് പൊരുതുന്ന വിദ്യാർത്ഥികൾക്കിടയിൽ ക്വാട്ടകൾ രോഷം ജനിപ്പിച്ചു.
രാജ്യത്തെ കുതിച്ചുയരുന്ന വസ്ത്രമേഖലയുടെ പിൻബലത്തിൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാണെങ്കിലും മറ്റ് സംബത്ത് വ്യവസ്ഥകളെല്ലാം തന്നെ സ്തംഭനാവസ്ഥയിലാണ്. നാണയപ്പെരുപ്പം പ്രതിവർഷം 10% ആയി ഉയരുകയും ഡോളർ കരുതൽ ശേഖരം ചുരുങ്ങുകയും ചെ്തു. ഇത് ഏറ്റവുംം കൂടുതല്‍ ബാധിച്ചത് സാധാരണക്കാരെയാണ്. ശ്രീലങ്കയിലേതിന് സമാനമായ കാഴ്ചകളാണ് ബംഗ്ലാദേശിലും ആവർത്തിക്കുന്നത്.
4,096 കിലോമീറ്റർ അതിരു പങ്കിടുന്ന ബംഗ്ലാദേശ് കലാപഭൂമി ആയതോടെ ബംഗ്ലാദേശിലെ സംഭവ വികാസങ്ങള്‍ ഇന്ത്യ സസൂഷ്മം നിരീക്ഷിക്കുകയാണ്. ഇന്ത്യയുമായി നല്ല ബന്ധമുണ്ടായിരുന്ന ഷെയ്ഖ് ഹസീന രാജ്യം വിട്ടത് ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയിലെ സ്ഥിതിയും സങ്കീർണ്ണമാവുകയാണ്. ബംഗ്ലാദേശിലെ സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ രാത്രി ഉന്നത തലയോഗം ചേർന്നു. ബംഗ്ലാദേശിലെ സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ രാത്രി ഉന്നത തലയോഗം ചേർന്നു.