തെറ്റ് തുടരാൻ വയ്യ. ചാൻസിലർ സ്ഥാനം ഇനി ഏറ്റെടുക്കില്ല- ഗവർണർ
സർവകലാശാല ചാൻസലർ പദവിയിൽ തുടരില്ലെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ധാർമ്മികതയ്ക്കും നിയമത്തിനും നിരക്കാത്തത് തനിക്ക് ചെയ്യേണ്ടി വന്നു, അത് അംഗീകരിക്കുന്നു എന്നാലിനിയും തെറ്റ് തുടരാൻ വയ്യ. വിവാദങ്ങൾ തുടങ്ങിയ സമയത്തെ നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. താൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറയുന്നു.
സർവകലാശാലകൾ സംരക്ഷിക്കപ്പെടണം. സർക്കാരുമായി ഏറ്റുമുട്ടലിനില്ല. സർവകലാശാലകൾക്ക് പൂർണ പിന്തുണ ഉറപ്പാക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. ഇനി സ്ഥാനം ഏറ്റെടുക്കില്ലെന്നും സർവകലാശാല വിഷയങ്ങൾ കൈകാര്യം ചെയ്യരുതെന്ന് രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. ഗവർണർ തന്നെ ചാൻസിലറാകണമെന്നത് ഭരണഘടനാപരമല്ലെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് ആരിഫ് മുഹമ്മദ് ഖാൻ.

