ഐഎസ് ഭീകരത പിന്തുടരുന്ന ഖൊരാസാന്‍. ലോകത്തെ കാത്തിരിക്കുന്നത് അശാന്തിയുടെ നാളുകള്‍
താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്താന്‍ ഭീകരവാദികള്‍ക്ക് സുരക്ഷിത താവളമായിരിക്കുമെന്ന വാദങ്ങള്‍ക്ക് സ്ഥീരികരണം നല്‍കുന്നതാണ് കഴിഞ്ഞ ദിവസം കാബൂളില്‍ നടന്ന ഇരട്ടസ്‌ഫോടനം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ്-കെ അല്ലെങ്കില്‍ ഐ.എസ്.ഐ.എസ് ഖൊരാസന്‍ ഏറ്റെടുത്തിട്ടുണ്ട്. അഫ്ഗാനിസ്താനില്‍ ഇന്നേവരെ പ്രവര്‍ത്തിച്ച ഭീകരസംഘടനകളില്‍ വെച്ച് ഏറ്റവും അപകടകരം ആയ തീവ്രവാദി ഗ്രൂപ്പാണ് ഇസ്‌ലാമിക് സ്‌റ്റേറ്റ്-ഖൊറാസാന്‍ (ഐഎസ്-കെ) എന്നാണ് ഈ ഗ്രൂപ്പിനെക്കുറിച്ച് ബിബിസിയുടെ സെക്യൂരിറ്റി കറസ്‌പോണ്ടന്റ് ഫ്രാങ്ക് ഗാര്‍ഡിനര്‍ ഇവരെ വിശേഷിപ്പിക്കുന്നത്. ഇന്നത്തെ പാകിസ്താനും ഇറാനും അഫ്ഗാനും മധ്യേഷ്യയും ഉള്‍പ്പെട്ട മേഖലയുടെ പഴയ പേരാണ് ഖൊരാസാന്‍.
2014ല്‍ ഇറാഖിലും സിറിയയിലും ഐ.എസ്. ഭീകരസംഘടന പ്രഖ്യാപിച്ച് മാസങ്ങള്‍ക്കുള്ളില്‍ അഫ്ഗാനില്‍ രൂപംകൊണ്ട ഒരു ഉപവിഭാഗം ആണ് ഇസ്‌ലാമിക് സ്‌റ്റേറ്റ്-ഖൊറാസാന്‍ (ഐഎസ്-കെ). പാക്കിസ്താനിലും അഫ്ഗാനിലും പ്രവര്‍ത്തിച്ചിരുന്ന മുന്‍ താലിബാന്‍ ഭീകരന്‍മാരുടെ നേതൃത്വത്തില്‍ 2015-ലാണ് ഈ ഭീകരസംഘടന രൂപവല്‍കരിക്കുന്നത്. അക്കാലത്ത് ലോകത്തെ വിറപ്പിച്ചുകൊണ്ടിരുന്ന ഇസ്‌ലാമിക് സ്‌റ്റേറ്റിനോട് കൂറും ഐഎസ്. നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയോട് വിധേത്വവും പ്രഖ്യാപിച്ചതോടെ ഐഎസ്ഐഎസ് അവരെ അംഗീകരിക്കുകയായിരുന്നു.
താലിബാന്‍ പോരാട്ടത്തിന് വീര്യം പോരാ എന്ന് പരാതി പറഞ്ഞ് അഫ്ഘാന്‍ താലിബാനില്‍ നിന്നും പാക് താലിബാനില്‍ നിന്നും കൊഴിഞ്ഞുപോയ ഭീകരര്‍ ചേര്‍ന്ന് രൂപം നല്‍കിയതാണ ഐഎസ്-കെ എന്ന ഭീകര സംഘടന. വടക്കുകിഴക്കന്‍ അഫ്ഗാനിലെ കുനാര്‍, നംഗര്‍ഹാര്‍, നൂരിസ്താന്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന – പാകിസ്താനിലും വേരുകളുള്ള – സംഘടനയ്ക്ക് ഇരു രാജ്യങ്ങളിലുമായി ആയിരക്കണക്കിന് പ്രവര്‍ത്തകരുണ്ട്. അഫ്ഗാനിസ്താന്‍ പിടിക്കുക എന്ന ഉദ്ദേശ്യവുമായി നടക്കുന്ന താലിബാനെപോലെ ആയിരുന്നില്ല ഐ എസ് -കെ. ഇവര്‍ ആഗോള ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകര ശൃംഖലയുടെ ഭാഗമായിരുന്നു.
അഫ്ഗാനിലും പാകിസ്താനിലും സമീപകാലത്ത് ഇവര്‍ നടത്തിയ മാരകമായ ആക്രമണങ്ങളിലൂടെയാണ് ഇവരുടെ ക്രൂരതയും ശക്തിയും ലോകം തിരിച്ചറിയുന്നത്. ഇരു രാജ്യങ്ങളിലേയും പള്ളികള്‍, മറ്റു ആരാധനാലയങ്ങള്‍ പൊതുയിടങ്ങള്‍, ആശുപത്രികൾ എന്നിവിടങ്ങളില്‍ ഇവര്‍ നടത്തിയ ക്രൂരമായ ഭീകരാക്രമണങ്ങളില്‍ സിവിലിയന്‍മാരും വിദേശികളും സന്നദ്ധ പ്രവര്‍ത്തകര്‍രുമടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടികളുടെ വിദ്യാലയങ്ങളും ആശുപത്രിയിലെ പ്രസവമുറികള്‍ പോലും ഇവരുടെ ആക്രമണത്തിനിരയായി. മതനിഷേധികള്‍ എന്ന് ഇവര്‍ കണക്കാക്കുന്ന ഷിയ വിഭാഗക്കാരെയാണ് ഇവര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. മാസങ്ങള്‍ക്കു മുമ്പ് അഫ്ഘാനിസ്ഥാനിലെ ഒരു സ്കൂളില്‍ കയറി നൂറോളം പിഞ്ചുകുഞ്ഞുങ്ങളെ നിഷ്ഠൂരമായി കൊന്നുതള്ളിയത് ഈ ഗ്രൂപ്പായിരുന്നു.
കഴിഞ്ഞ വര്‍ഷം ഇവര്‍ നടത്തിയ മറ്റൊരു ആക്രമണം ലോകത്തെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്നതായിരുന്നു. കാബൂളില്‍ ഷിയാ വിഭാഗക്കാര്‍ കൂടുതലുള്ള പ്രദേശത്തെ ദഷ്‌തെ ബര്‍ചി ആശുപത്രിയിലെ പ്രസവവാര്‍ഡിനു നേര്‍ക്ക് നടത്തിയ അക്രമമായിരുന്നു ഇതിലേറ്റവും ഭീകരമായ ക്രൂരത. 2020 മെയ് 16-ന് രാത്രി പത്തുമണിയോടെയാണ് ആശുപത്രിയില്‍ ഭീകരാക്രമണം നടന്നത്. ആശുപത്രി പരിസരത്ത് ഇരട്ട സ്‌ഫോടനങ്ങള്‍ നടത്തിയതിനു പിന്നാലെ, 55 ബെഡുള്ള പ്രസവ വാര്‍ഡിലേക്ക് തോക്കുമായി ഇരച്ചുകയറിയ മൂന്ന് ഭീകരര്‍ തുരുതുരാ വെടിവെക്കുകയായിരുന്നു.
140 രോഗികളായിരുന്നു സംഭവസമയത്ത് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. പ്രസവം കഴിഞ്ഞ് ചോരക്കുഞ്ഞുങ്ങള്‍ക്കൊപ്പം കഴിയുകയായിരുന്ന 16 അമ്മമാര്‍ തല്‍ക്ഷണം മരിച്ചു. പ്രസവത്തിനായി വന്ന ഒമ്പത് സ്ത്രീകളും അവരുടെ വയറ്റിലെ കുഞ്ഞുങ്ങളും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 100 -ലേറെ രോഗികളെ അഫ്ഗാന്‍ സുരക്ഷാ സൈന്യം രക്ഷപ്പെടുത്തി. ഇവരില്‍ പ്രസവം കഴിഞ്ഞ ഉടനെയുള്ള അമ്മമാരും പ്രസവിക്കാനായി എത്തിയവരുമുണ്ടായിരുന്നു. പൊലീസ് യൂനിഫോമില്‍ ആശുപത്രിക്കകത്ത് കടന്നുകയറിയ ഭീകരരെ പിന്നീട് സുരക്ഷാ സേന വെടിവെച്ചു കൊല്ലുകയായിരുന്നു. അഫ്ഗാനിലെ ന്യൂനപക്ഷ ഹസാര-ഷിയാ മേഖലയിലുള്ള ഈ ആശുപത്രി രാജ്യാന്തര സന്നദ്ധ സംഘടനയായ മെഡിസിന്‍സ് സാന്‍സ് ഫ്രാേണ്ടിയേഴ്‌സ് (എം.എസ്.എഫ്) ആണ് നടത്തുന്നത്. എന്തിനു വേണ്ടിയാണ് ആശുപത്രിക്ക് നേരെ ആക്രമണം നടന്നതെന്ന് ഇനിയും വ്യക്തമായില്ലെന്നാണ് സംഭവത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ എം എസ് എഫ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
താലിബാനും ഐ എസ് -കെഭീകരരും കടുത്ത സുന്നി തീവ്രവാദികളാണ്. ജിഹാദിന്റെ യഥാര്‍ത്ഥ പതാക വാഹകരാണെന്ന് അവകശപ്പെടുന്ന ഇരുകൂട്ടരും വ്യത്യാസ്തരായിരിക്കുന്നത് പ്രയോഗകൗശലത്തിലും മതത്തിന്റെ ചില സൂക്ഷമതകളിലുമാണ്. താലിബാന്‍ അഫ്ഘാന്‍ ഭരണം കൊണ്ട് തൃപ്തിപ്പെടുമ്പോള്‍ ലോകം മുഴുവനും ഒരു ഇസ്ലാമിക്‍ ഖിലാഫത്തിന്‍റെ കീഴില്‍ കൊണ്ടുവരുക എന്നതാണ് ഐ എസ് -കെയുടെ പരമമായ ലക്ഷ്യം. അതുകൊണ്ടാണ്, താലിബാന്‍ അഫ്ഗാന്‍ പിടിച്ചടക്കിയതില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ അഭിനന്ദനം ചൊരിഞ്ഞപ്പോള്‍ ഐഎസ്സും ഐഎസ് ഖൊരാസനും ഇതുവരെ സ്വാഗതം ചെയ്യാതിരിക്കുന്നത്. അമേരിക്കയുമായുള്ള കരാറിലൂടെ താലിബാന്‍ ജിഹാദികളെ ഒറ്റിക്കൊടുത്തെന്നും പോരാട്ടം തുടരുമെന്നുമാണ് ഐഎസിന്റെ പ്രതികരണം. ഇതേ നിലപാട് തന്നെയാണ് ഐഎസ് ഖൊരാസനും ഉള്ളത്. അതിനാല്‍ തന്നെ അഫ്ഘാന്‍ ഭരണം പിടിച്ചെടുത്ത താലിബാന്‍ മുഖം മിനുക്കുന്നതിനായി മൃദു സമീപനത്തിലേക്ക് മാറിയാലും അഫ്ഘാനിസ്ഥാനില്‍ അശാന്തി തുടരുമെന്നുതന്നെയാണ് കരുതുന്നത്.