കൊടിയ പട്ടിണിക്കിടയിലും ഹെലികോപ്റ്റർ വീണ്ടും വാടകക്കെടുക്കുന്നു.
കൊടിയ പട്ടിണിക്കിടയിലും ഹെലികോപ്റ്റർ വീണ്ടും വാടകക്കെടുക്കുന്നു. അതിനായി ടെണ്ടർ വിളിക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. മാവോയിസ്റ്റു വിരുദ്ധ പ്രവർത്തനങ്ങൾക്കും പ്രകൃതി ദുരന്തങ്ങളിൽ സഹായമെത്തിക്കാനും ആയിട്ടാണ് ഹെലിക്കോപ്റ്റർ വാടകക്കെടുക്കുന്നതെന്നാണ് സർക്കാർ കഴിഞ്ഞ പ്രാവശ്യം അവകാശപ്പെട്ടിരുന്നത്. എന്നാൽ അതിനൊന്നും ഹെലിക്കോപ്റ്റർ ഉപകാരപ്പെട്ടിട്ടില്ല എന്ന് കേരളം നേരിട്ട് കണ്ടറിഞ്ഞതാണ്. ഒരു വർഷത്തിനിടയിൽ ഹെലികോപ്റ്റർ ആകെ പറന്നത് 10 പ്രാവശ്യത്തിൽ താഴെ മാത്രമായിരുന്നു. അതിനായി 22.21 കോടി രൂപയാണ് സർക്കാർ ഖജനാവിൽ നിന്നും ചിലവഴിച്ചത്.
കഴിഞ്ഞ ജനുവരിയിൽ ഹെലികോപ്റ്ററിനായി ടെണ്ടർ വിളിച്ചിരുന്നു. അന്ന് ചിപ്പ്സൻ എയർവേഴ്സ് എന്ന കമ്പനിക്കാണ് ടെണ്ടർ ലഭിച്ചത്. എന്നാൽ രാഷ്ട്രീയ വിവാദവും സാമ്പത്തിക പ്രതിസന്ധിയും കാരണം കരാർ ഉറപ്പിച്ചിരുന്നില്ല. അന്ന് ചിപ്പ്സൻ എയർവേഴ്സ് എന്ന കമ്പനി ബാങ്ക് ഗ്യാരറ്റിയായി നൽകിയ പണം സർക്കാർ ഇതേവരെ തിരിച്ചു നൽകിയിട്ടുമില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനം ഇപ്പോഴും മുമ്പോട്ട് പോകുന്നത്. ട്രഷറികളിൽ നിയന്ത്രണമുണ്ട്. മുണ്ടു മുറുക്കിയുടുക്കണമെന്ന് ധനമന്ത്രി വീണ്ടും വീണ്ടും പറയുന്നു. അപ്പോഴാണ് വീണ്ടും ഹെലികോപ്റ്റർ വാടകക്കെടുക്കുവാൻ മന്ത്രി സഭ വീണ്ടും തീരുമാനിച്ചിരിക്കുന്നത്.
മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങൾക്കെന്ന പേരിലാണ് സർക്കാർ ആദ്യം ഹെലികോപ്റ്റർ വാടകക്കെടുത്തത്. പൊലിസിന്റെ ഫണ്ടുപയോഗിച്ചായിരുന്നു വാടക. പവൻ ഹൻസ് എന്ന കമ്പനിയുമായാണ് 2020 ഏപ്രിൽ 10ന് കരാർ ഉറപ്പിച്ചത്. ഹെലികോപ്റ്റർ വാടകക്കെടുപ്പ് തുടക്കം മുതൽ വിവാദമായെങ്കിലും സർക്കാർ മുന്നോട്ടു പോവുകയായിരുന്നു. സംസ്ഥാനത്ത് ഹെലിക്കോപ്റ്റർ ഉപയോഗിച്ച് മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങൾ ഒന്നും നടക്കാത്തതിനാൽ, ഇനി എന്തുകാരണം പറഞ്ഞാകും ഹെലികോപറ്റർ വാടക്കെടുക്കുന്നതെന്ന് അറിയുവാനുള്ള ആകാക്ഷയിലാണ് സംസ്ഥാനത്തെ ജനങ്ങൾ.