ഇവേ ബില്ല് സംവിധാനം ഏപ്രില്‍ ഒന്നുമുതല്‍
അന്തര്‍ സംസ്ഥാന ചരക്ക് കൈമാറ്റത്തിനുള്ള ഇവേ ബില്ല് സംവിധാനം അടുത്തമാസം ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഏകീകൃത ചരക്കു സേവന നികുതിയുടെ (ജി.എസ്.ടി) ഭാഗമായി ഏപ്രില്‍ 15 ഓടെ ഇവേ ബില്‍ കര്‍ശനമായ രീതിയില്‍ നടപ്പാക്കുമെന്നും ജൂണ്‍ ഒന്നോടെ ഇത് രാജ്യവ്യാപകമായി നടപ്പാകുമെന്നും കേന്ദ്രധനകാര്യമന്ത്രി അരുണ്‍ജെയ്റ്റിലി പറഞ്ഞു. സംസ്ഥാനങ്ങളെ നാലു ഗ്രൂപ്പുകളാക്കി തിരിച്ച് ഓരോ ഗ്രൂപ്പുകളും ഓരോ ആഴ്ച കഴിയുംതോറും ഇവേ സംവിധാനത്തിന്റെ ഭാഗമായി മാറുന്ന രീതിയിലാവും ഇവേ ബില്ല് സംവിധാനം നടപ്പാക്കുക. 50,000 രൂപയിലധികം മൂല്യമുള്ള ചരക്കുകള്‍ക്കാണ് ഇവേ ബില്‍ സംവിധാനം നടപ്പാക്കുന്നത്. കേരളത്തില്‍ ഇവേ ബില്ല് സംവിധാനം അടുത്തമാസം ഒന്നുമുതല്‍ തന്നെ ആരംഭിക്കുമെന്ന് സംസ്ഥാന ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു. ആദ്യഘട്ടത്തില്‍ നടപ്പാക്കുന്ന സംസ്ഥാനങ്ങളുടെ ഗ്രൂപ്പിലാണു കേരളം. അടുത്തമാസം അവസാനത്തോടെ എല്ലാം സംസ്ഥാനങ്ങളും ഇ സംവിധാനത്തിന്റെ കീഴിലാകും.