മാർച്ച് 11ന് ബെംഗളൂരു – മൈസൂരു ദേശീയപാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
8,172 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ബെംഗളൂരു – മൈസൂരു ദേശീയപാത മാർച്ച് 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതോടെ ദക്ഷിണേന്ത്യയിലെ ആദ്യ എക്സ്പസ്സ് വേ പൂർണ്ണ രീതിയിൽ യാത്രാ സജ്ജമാകും. നിലവിൽ മൂന്നു മണിക്കൂറിലേറെ സമയമെടുത്ത് 118 കിലോമീറ്റർ ദൂരം വരുന്ന ബെഗളൂരു- മൈസൂർ പാത താണ്ടുന്നതിനുള്ള യാത്രാസമയം ഒരു മണിക്കൂർ 10 മിനിറ്റായി ചുരുങ്ങും. ഇതോടെ വടക്കൻ കേരളത്തിൽ നിന്നും ബെംഗളൂരുവിലേക്കുള്ള ദൂരം 5മണിക്കൂറിൽ താഴെയായി കുറയും.
ബെംഗളൂരു മൈസൂരു ദേശീയപാതയായ (എൻഎച്ച് 275) എക്‌സ്പ്രസ് വേയിൽ ആദ്യഘട്ട ടോൾ പിരിവ് ചൊവ്വാഴ്ച മുതൽ ആരംഭിച്ചു. ദേശീയ പാതയിൽ ചൊവ്വാഴ്ച രാവിലെ എട്ട് മണി മുതലാണ് ടോൾ പിരിവ് തുടങ്ങിയത്. 119 കിലോമീറ്റർ ദൈർഘ്യത്തിൽ പത്തുവരിയായി വികസിപ്പിച്ച എക്‌സ്പ്രസ് വേയുടെ ബെംഗളൂരുവിലെ കുമ്പൽഗോഡ് മുതൽ മണ്ഡ്യയിലെ നിദ്ദഘട്ട വരെയുള്ള 55.63 കിലോമീറ്ററിലെ ടോൾ ചാർജുകളാണ് ദേശീയ ഹൈവേ അതോറിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. രാമനഗര ജില്ലയിലെ ബിഡദി കണമിണിക്കെയിൽ രണ്ടിടങ്ങളിലായാണ് ടോൾ ബുത്തുകൾ തയ്യാറാക്കിയിരിക്കുന്നത്.
ബെംഗളൂരു ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് ബിഡദി കണമിണിക്കെയിലും മൈസൂരു ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് വേണ്ടി ശേഷഗിരിഹള്ളിയിലുമാണ് ടോൾ ബൂത്തുകൾ ക്രമീകരിച്ചിരിക്കുന്നത്. ഈ പാതയിലെ ഒറ്റയാത്രയ്ക്കുള്ള ഫീസ് വാഹന വിഭാഗത്തിന്റെ അടിസ്ഥാനത്തിൽ 135 രൂപ മുതൽ 880 രൂപ വരെയാണ് ഈടാക്കുക. വിശദമായ ടോൾ നിരക്കുകൾ ഇങ്ങനെ,
കാർ, ജീപ്പ്, വാൻ : ഒരു വശത്തേക്ക് 135 രൂപ, ഇരുവശങ്ങളിലേക്കും 205 രൂപ, പ്രതിമാസ പാസ് 4525 രൂപ
ലൈറ്റ് കൊമേഴ്സൽ വെഹിക്കിൾ, ഗുഡ്സ് വെഹിക്കിൾ, മിനി ബസ് : ഒരു വശത്തേക്ക് 220 രൂപ, ഇരുവശങ്ങളിലേക്കും 330 രൂപ, പ്രതിമാസ പാസ് 7315 രൂപ
ബസ്, ലോറി: ഒരു വശത്തേക്ക് 460 രൂപ, ഇരുവശങ്ങളിലേക്കും 690 രൂപ, പ്രതിമാസ പാസ് 15,325 രൂപ
കൊമേഴ്സ്യൽ വെഹിക്കിൾ: ഒരു വശത്തേക്ക് 500 രൂപ, ഇരുവശങ്ങളിലേക്കും 750 രൂപ, പ്രതിമാസ പാസ് 16,715 രൂപ
ഹെവി കൺസ്ട്രക്ഷൻ വെഹിക്കിൾ, എർത്ത് മൂവിങ് എക്യുപ്മെന്റ്: ഒരു വശത്തേക്ക് 720 രൂപ, ഇരുവശങ്ങളിലേക്കും 1,080 രൂപ, പ്രതിമാസ പാസ് 24,030 രൂപ
7 ആക്സിലിൽ കൂടുതലുള്ള ഓവർസൈസ്ഡ് വെഹിക്കിൾ: ഒരു വശത്തേക്ക് 880 രൂപ, ഇരുവശങ്ങളിലേക്കും 1,315 രൂപ, പ്രതിമാസ പാസ് 29,255 രൂപ
നിദ്ദഘട്ട – മൈസൂരു 61 കിലോമീറ്റർ ദൂരത്തെ ടോൾ പിരിവ് ഉദ്ഘാടനത്തിന് ശേഷം ആരംഭിക്കുമെന്ന് എൻഎച്ച്എഐ പ്രൊജക്ട് ഡയറക്ടർ ബി ടി ശ്രീധർ പറഞ്ഞു.