നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കേറ്റ് കൈമാറാൻ സാധിക്കില്ലെന്ന് സോളിസിറ്റർ ജനറൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദാനന്തര ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ മൂന്നാം കക്ഷിക്ക് കൈമാറാൻ സാധിക്കില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്വകാര്യ വിവരങ്ങളാണെന്നും തുഷാർ മേത്ത വ്യക്തമാക്കി. ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാളാണ് നരേന്ദ്ര മോദിയ്ക്ക് നൽകിയ ബിരുദാനന്തര ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറണമെന്ന ആവശ്യവുമായി ദേശീയ ഇൻഫർമേഷൻ കമ്മീഷനെ സമീപിച്ചത്. ഗുജറാത്ത് സർവകലാശാലയാണ് മോദിക്ക് ബിരുദാനന്തര ബിരുദം നൽകിയത്. ഈ വിവരങ്ങൾ കൈമാറണമെന്ന് ദേശീയ ഇൻഫർമേഷൻ കമ്മീഷൻ ഉത്തരവിട്ടിരുന്നു. അരവിന്ദ് കെജരിവാളിന്റെ അപേക്ഷയിൽ പ്രധാനമന്ത്രിയുടെ എം.എ സർട്ടിഫിക്കറ്റിന്റെ കോപ്പി നൽകാൻ ആയിരുന്നു കേന്ദ്ര വിവരാവകാശ കമ്മീഷന്‍റെ നിർദേശം.
ഇതിനെതിരെ ഗുജറാത്ത് സർവകലാശാല ഹൈക്കോടതിയെ സമീപിച്ചു. ഒരാളുടെ ബാലിശമായ ജിജ്ഞാസയെ തൃപ്തിപ്പെടുത്താൻ വിവരാവകാശ നിയമം ഉപയോഗിക്കാനാവില്ലെന്നാണ് സർവകലാശാല ഹൈക്കോടതിയെ അറിയിച്ചത്. പ്രധാനമന്ത്രി മോദി നേടിയ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങൾ ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളിന് നൽകാൻ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് 2016 ജൂലൈയിൽ ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട ഹർജിയിൽ വാദം പൂർത്തിയായി. ഇരുഭാഗത്തിന്റെയും വാദം കേട്ടതിനു ശേഷം ജസ്റ്റിസ് ബിരേൻ വൈഷ്ണവ് ഹർജിയിൽ വിധി പറയുന്നത് മാറ്റിവെച്ചു.
മുതിർന്ന അഭിഭാഷകൻ പേഴ്‌സി കവീനയാണ് കെജ്‌രിവാളിന് വേണ്ടി വാദിക്കാൻ ഹാജരായത്. സോളിസിറ്റർ ജനറൽ അവകാശപ്പെടുന്നതുപോലെ പ്രധാനമന്ത്രിയുടെ ബിരുദങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുയിടത്തിൽ ലഭ്യമല്ലെന്ന് കെജ്‌രിവാളിന് വേണ്ടി ഹാജരായ അഭിഭാഷകൻ പേഴ്‌സി കവീന വാദിച്ചു. ജനപ്രതിനിധികളുടെ വിദ്യാഭ്യാസ വിവരങ്ങൾ വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ തന്നെയാണെന്ന് എതിർ ഭാഗവും വാദിച്ചു. വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടത് പ്രധാനമന്ത്രിയുടെ ഓഫീസിലെ വിവരാവകാശ ഓഫീസറോടാണെന്നും സർവകലാശാലയ്ക്ക് എതിർക്കാനാവില്ലെന്നും കെജരിവാളിന്‍റെ അഭിഭാഷക ചൂണ്ടിക്കാട്ടി.

