ഖാര്‍ഗെ രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരും…
ഖാര്‍ഗെ രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരും; സ്ട്രാറ്റജി ഗ്രൂപ്പ് യോഗം വിളിച്ച് സോണിയാ ഗാന്ധി ഉദയ്പൂര്‍ ചിന്തന്‍ ശിവിറില്‍ കോണ്‍ഗ്രസ് പുതിയ നയമായി പ്രഖ്യാപിച്ച ‘ഒരു വ്യക്തി, ഒരു പദവി’ക്ക് വിരുദ്ധമാണിത് 2 Dec 2022 3:10 PM റിപ്പോർട്ടർ നെറ്റ്‌വർക്ക് ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭയുടെ പ്രതിപക്ഷ നേതാവായി തുടരും. ഉദയ്പൂര്‍ ചിന്തന്‍ ശിവിറില്‍ കോണ്‍ഗ്രസ് പുതിയ നയമായി പ്രഖ്യാപിച്ച ‘ഒരു വ്യക്തി, ഒരു പദവി’ക്ക് വിരുദ്ധമാണിത്. പാര്‍ട്ടി പദവിയിലിരിക്കെ തന്നെ പാര്‍ലമെന്റിലെ പ്രതിപക്ഷ സ്ഥാനത്ത് നിന്നും കോണ്‍ഗ്രസ് ഖാര്‍ഗെയെ മാറ്റാത്തത് നിലപാടില്‍ നിന്നുള്ള പിന്നോട്ടുപോക്കാണെന്ന വിമര്‍ശനം സംഘടനയ്ക്ക് അകത്ത് തന്നെ ഉയരുന്നുണ്ട്.
ബദറുദ്ദീന്‍ അജ്മല്‍ അധ്യക്ഷ പദവിയില്‍ മത്സരിക്കാന്‍ അശോക് ഗെഹ്ലോട്ട് ആവശ്യപ്പെട്ട ഇരട്ട റോള്‍ സാധ്യമാക്കാതെ രാഹുല്‍ ഗാന്ധി ഊന്നിപ്പറഞ്ഞ ചട്ടമാണ് ഇപ്പോള്‍ ഖാര്‍ഗെയുടെ കാര്യത്തില്‍ ലംഘിക്കപ്പെട്ടത്. രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്ന് കൊണ്ടുതന്നെ ദേശീയ അദ്ധ്യക്ഷ പദവി വഹിക്കാം എന്ന ഗെഹ്ലോട്ടിന്റെ ഉപാധി ദേശീയ നേതൃത്വം അംഗീകരിച്ചിരുന്നില്ല. മുഖ്യമന്ത്രി പദവി സച്ചിന്‍ പൈലറ്റിന് കൈമാറാന്‍ ഗെഹ്ലോട്ട് വിസമ്മതിച്ചതിനേത്തുടര്‍ന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായിരുന്നു.
ശനിയാഴ്ച്ച കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ ‘തന്ത്രപ്രധാന യോഗം (സ്ട്രാറ്റജി ഗ്രൂപ്പ്) സോണിയ ഗാന്ധി വിളിച്ചുചേര്‍ത്തിട്ടുണ്ട്. രാജ്യസഭയില്‍ നിന്നും ഖാര്‍ഗെയ്ക്കും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ ജയറാം രമേശും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും മാത്രമേ യോഗത്തില്‍ പങ്കെടുക്കൂ. മുതിര്‍ന്ന നേതാക്കളായ ദിഗ്‌വിജയ് സിങ്ങിനും പി ചിദംബരത്തിനും യോഗത്തില്‍ ക്ഷണമില്ല എന്നാണ് ലഭിക്കുന്ന വിവരം. കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ മത്സരിക്കുന്നതിനുള്ള നോമിനേഷന്‍ നല്‍കുന്നതിന് മുമ്പ് പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും ഒഴിയുന്നതിനായി ഖാര്‍ഗെ രാജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പാര്‍ലമെന്റിന്റെ ഹ്രസ്വകാല സമ്മേളനം കഴിയുന്നതു വരെ ഖാര്‍ഗെ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരുമെന്നാണ് ലഭിക്കുന്ന വിവരം.
ഖാര്‍ഗെയ്ക്ക് പുറമെ രണ്ട് പേര്‍ കൂടി ഒന്നിലധികം പദവികളില്‍ തുടരുന്നവരുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബംഗാളിലെ അദ്ധ്യക്ഷനായ അധിര്‍ രഞ്ജന്‍ ചൗധരി ലോക്‌സഭാ പ്രതിപക്ഷ നേതാവ് കൂടിയാണ്. അതുപോലെ ജയറാം രമേഷ് രാജ്യസഭാ ചീഫ് വിപ്പും കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍സ് മേധാവിയും കൂടിയാണ്. അതേ സമയം, ഫെബ്രുവരിയില്‍ ഉദയ്പൂരില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പാര്‍ട്ടിയെടുത്ത നയങ്ങളിലും തീരുമാനത്തിലും ഉറച്ച് നില്‍ക്കുമെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു.