ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് കര്‍ശന വ്യവസ്ഥകളുമായി കേന്ദ്രസര്‍ക്കാര്‍

Print Friendly, PDF & Email

ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് കര്‍ശന വ്യവസ്ഥകളുമായി കേന്ദ്രസര്‍ക്കാര്‍ പുതിയ ചട്ടങ്ങള്‍ പുറത്തിറക്കി.ഡ്രോണുകളുടെ ഉപയോഗം, വില്‍പന, വാങ്ങല്‍ എന്നിവയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടാണ് ചട്ടങ്ങള്‍ നിലവില്‍ വരുന്നത്. ഇതു പ്രകാരം ഡ്രോണുകള്‍ക്ക് പ്രത്യേക നമ്പറും രജിസ്‌ട്രേഷനും ആവശ്യമാണ്. ഇനിമുതല്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്ത ഡ്രോണുകള്‍ ഉപയോഗിക്കരുതെന്നാണ് ചട്ടത്തില്‍ പറയുന്നത്. ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ പരമാവധി പിഴ 1 ലക്ഷം രൂപയായി കുറച്ചു.

ഡ്രോണ്‍ ഉപയോഗത്തിന് മേഖലകള്‍ തിരിച്ചുള്ള നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ചട്ടത്തില്‍ പറയുന്നു. പുതിയ ഡ്രോണ്‍ ചട്ടത്തിന് കീഴില്‍ രാജ്യത്ത് എയര്‍ ടാക്‌സി സര്‍വീസ് സാധ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കും എന്നും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. ചരക്ക് വിതരണത്തിനായി ഡ്രോണ്‍ ഇടനാഴികള്‍ വികസിപ്പിക്കും. വളര്‍ച്ചാധിഷ്ഠിത നിയന്ത്രണ സംവിധാനം സാധ്യമാക്കുന്നതിന് അക്കാദമിക വിദഗ്ദര്‍, സ്റ്റാര്‍ട്ടപ്പുകള്‍, മറ്റ് പങ്കാളികള്‍ എന്നിവരുടെ സഹകരണത്തോടെ, ഡ്രോണ്‍ പ്രൊമോഷന്‍ കൗണ്‍സിലിന് ഗവണ്മെന്റ് രൂപം നല്‍കും എന്നും മന്ത്രി പറഞ്ഞു.

പുതിയ ചട്ടപ്രകാരം വ്യോമമേഖലയെ ഗ്രീന്‍, യെല്ലോ, റെഡ് സോണുകളാക്കിയുള്ള ഭൂപടം ഡിജിറ്റല്‍ സ്‌കൈ പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശിപ്പിക്കും. ഗ്രീന്‍ സോണുകളില്‍ ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് അനുമതി ആവശ്യമില്ല. 400 അടി ഉയരത്തില്‍ ഇവിടെ ഡ്രോണ്‍ പറത്താം. വിമാനത്താവളങ്ങള്‍ക്ക് 8 മുതല്‍ 12 വരെ കിലോമീറ്റര്‍ ദൂരപരിധിയില്‍ 200 അടി വരെ ഉയരമാണ് അനുവദനീയം. യെല്ലോ സോണ്‍, വിമാനത്താവള ചുറ്റളവില്‍ നിന്ന് 45 കിലോമീറ്ററില്‍ നിന്ന് 12 കിലോമീറ്ററായി കുറച്ചു.

ഡ്രോണുകളുടെ ഇറക്കുമതി നിയന്ത്രിക്കേണ്ടത് DGFT ആണ്. ഇനിമുതല്‍ ഡിജിസിഎയില്‍ നിന്നുള്ള ഇറക്കുമതി ക്ലിയറന്‍സിന്റെ ആവശ്യമല്ല. 2021 നവംബര്‍ 30നോ അതിനു മുമ്പോ ഇന്ത്യയില്‍ നിലവിലുള്ള ഡ്രോണുകള്‍ക്ക് ഒരു പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ ഡിജിറ്റല്‍ സ്‌കൈ പ്ലാറ്റ്‌ഫോം വഴി നല്‍കും. അവയ്ക്ക് DAN, ജി എസ് ടി അടച്ച ഇന്‍വോയ്‌സ് എന്നിവ ഉണ്ടാകണം. കൂടാതെ, അവ DGCAഅംഗീകൃത ഡ്രോണുകളുടെ ഭാഗമായിരിക്കുകയും ചെയ്യണം. 2021 ലെ ഡ്രോണ്‍ ചട്ടങ്ങള്‍ പ്രകാരം ഡ്രോണ്‍ ഭാര പരിധി 300 കിലോ ഗ്രാമില്‍ നിന്ന് 500 കിലോഗ്രാം ആയി വര്‍ധിപ്പിച്ചു. ഇതില്‍ ഡ്രോണ്‍ ടാക്‌സികളും ഉള്‍പ്പെടുന്നു.

  •  
  •  
  •  
  •  
  •  
  •  
  •