ഗവര്‍ണറുടെ നടപടിക്ക് സ്റ്റേ ഇല്ല. വൈസ് ചാന്ർസലര്‍മാര്‍ ശംബളം തിരിച്ചടക്കണമെന്ന് ഗവര്‍ണര്‍
സംസ്ഥാനത്തെ യൂണിവേഴ്സിറ്റി വിസിമാർക്ക് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് കോടതിയിൽ നിന്നും ഇടക്കാല സ്റ്റേയില്ല. കാരണം കാണിക്കൽ നോട്ടീസിനെതിരെ വിസിമാർ നൽകിയ ഹർജി പരിഗണിച്ച കേരളാ ഹൈക്കോടതി, ചാൻസിലർ അടക്കമുള്ള എതിർ കക്ഷികളോട് വിശദീകരണം തേടി. ഹർജികൾ വീണ്ടും നാളെ പരിഗണിക്കാൻ മാറ്റി. കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രൻ അടക്കമുള്ള വിസിമാരിൽ ഏഴ് പേരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഗവർണർ നൽകിയ നോട്ടീസ് നിയമ വിരുദ്ധമെന്നാണ് ഹർജിക്കാർ വാദിക്കുന്നു.
കേരളാ സാങ്കേതിക സർവകലാശാല വിസിയുടെ നിയമനം റദ്ദാക്കിയ സുപ്രിം കോടതി വിധി വന്നതിന് പിന്നാലെയാണ് ഗവർണർ കേരളത്തിലെ മറ്റ് വിസിമാർക്കെതിരെ നടപടിക്കൊരുങ്ങിയത്. യുജിസി ചട്ടങ്ങൾ ലംഘിച്ചാണ് നിയമനങ്ങളുണ്ടായതെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണർ വിസിമാരോട് രാജി ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ സർവകലാശാലകളിലെ വിസി നിയമനങ്ങളിൽ സ്വജനപക്ഷപാതവും അഴിമതിയുമുണ്ടായെന്നാണ് ഗവർണറുടെ ആരോപണം. രാജിവെക്കാൻ രേഖാമൂലം ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്ത വിസിമാർ കോടതിയെ സമീപിച്ചു. ഹർജികൾ പരിഗണിച്ച കോടതി വിസിമാരോട് തൽക്കാലം തുടരാൻ നിർദ്ദേശിച്ചു. ഇതിന് പിന്നാലെയാണ് രാജിവെക്കാത്തതിന്‍റെ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് വിസിമാർക്ക് ഗവര്‍ണര്‍ നോട്ടീസയച്ചത്. ഇതിന് സ്റ്റേ ആവശ്യപ്പെട്ട് 7 വിസിമാർ വീണ്ടും കോടതി സമീപിക്കുകയായിരുന്നു
ഗവര്‍ണറുടെ നിലപാടുകളെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ കോടതിയുടെ സജീവ പരിഗണനയിലിരിക്കുന്പോഴും വിസിമാർക്കെതിരെ വീണ്ടും കടുത്ത നീക്കങ്ങളുമായി ഗവർണർ മുന്നോട്ട് പോകുകയാണ്. യുജിസി ചട്ടങ്ങള്‍ക്കുവിരുദ്ധമായി നിയമിക്കപ്പെട്ട വിസി മാരുടെ നിയമനങ്ങള്‍ അസാധു ആണെന്നും സാധൂകരണമില്ലാതെ നിയമിക്കപ്പെട്ട വൈസ് ചാന്‍സലര്‍മാരുടെ നിയമന ദിവസം മുതലുള്ള ശമ്പളം അവരില്‍ നിന്നും തിരിച്ചു പിടിക്കാനാണ് ഗവര്‍ണറുടെ ഇപ്പോഴത്തെ നീക്കം. ഗവര‍്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ അടുത്ത ദിവസം സംസ്ഥാനത്ത് തിരിച്ചെത്തിയാലുടൻ ഇക്കാര്യത്തിൽ ഉത്തരവിറക്കും.
ഇതിനിടയില്‍ യൂണിവേര്‍സിറ്റി ജീവനക്കാര്‍ ഹാജര്‍ രേഖപ്പെടുത്തി ഗവര്‍ണര്‍ക്കെതിരെ പന്തല്‍ കെട്ടി സമരം ചെയ്തതില്‍ രാജ്ഭവന്‍ റിപ്പോര്‍ട്ട് ചോദിച്ചു. അതോടെ സമരം അവസാനിപ്പിച്ച് ജീവനക്കാര്‍ മുങ്ങി. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല കവാടത്തില്‍ ശങ്കരന്റെ പ്രതിമ മറച്ച് സ്ഥിരം സമര പന്തല്‍ തീര്‍ത്ത് അധ്യാപകരും അനധ്യാപകരും വിദ്യാര്‍ത്ഥികളും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ നടത്തി വന്നിരുന്ന സമര പരിപാടികള്‍ ആണ് തിങ്കളാഴ്ച മുന്നറിയിപ്പില്ലാതെ അവസാനിപ്പിച്ച് നേതാക്കള്‍ മുങ്ങിയത്. ഒക്ടോബര്‍ 25 മുതല്‍ സര്‍വ്വകലാശാലയുടെ എംസി റോഡിലുള്ള മുഖ്യകവാടത്തില്‍ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് നടത്തി വന്നിരുന്ന സമരമാണ് പൊടുന്നനെ നിര്‍ത്തിയത്. ദിവസവും രാവിലെ രാവിലെ സര്‍വ്വകലാശാലയിലെത്തി ഹാജര്‍ രേഖപ്പെടുത്തിയ ശേഷമായിരുന്നു ജീവനക്കാര്‍ ഗവര്‍ണര്‍ക്കെതിരെ സമരം നടത്തിയിരുന്നത്.
ദേശീയ രഹസ്യാന്വേഷണ ഏജന്‍സി എല്ലാ ദിവസങ്ങളിലെയും സമരപരിപാടികളുടെ വീഡിയോ പകര്‍ത്തിയിരുന്നതായാണ് അറിയുന്നത്. അതനുസരിച്ച് സമരത്തില്‍ പങ്കെടുത്ത അധ്യാപക-അനധ്യാപക ജീവനക്കാരുടെ ലിസ്റ്റ് രാജ്ഭവന്‍ ശേഖരിച്ചിരുന്നു. ഡോ. സുനില്‍ പി. ഇളയിടം, ഡോ. ബിജു വിന്‍സന്റ്, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. സി എം മനോജ്കുമാര്‍, ഡോ. ബിച്ചു എക്‌സ്. മലയില്‍, സ്റ്റുഡന്റ്‌സ് സര്‍വീസസ് ഡയറക്ടര്‍ ഡോ. പി. ഉണ്ണികൃഷ്ണന്‍, ഡോ. കെ. എം. സംഗമേശന്‍, ഡോ. സുനിത ഗോപാലകൃഷ്ണന്‍, ജോയിന്റ് രജിസ്ട്രാര്‍ സുഖേഷ് കെ. ദിവാകര്‍, സുനില്‍കുമാര്‍ ഒതയോത്ത്, മംഗള്‍ദാസ്, പി വി സിയുടെ പ്രൈവറ്റ് സെക്രട്ടറി പി ഡി റേച്ചല്‍, വൈസ് ചാന്‍സലറുടെ ഓഫീസിലെ ജീവനക്കാരായ സന്ധ്യ കെ., വത്സന്‍ വി. കെ., രജിസ്ട്രാറുടെ പ്രൈവറ്റ് സെക്രട്ടറി റെജി കമലം എന്നിവര്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ട് വിവിധ പരാതികള്‍ ചാന്‍സലര്‍ക്ക് ലഭിച്ചിട്ടുണ്ട്.
പത്രവാര്‍ത്തകളുടെയും ദേശീയ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ ഗവര്‍ണറുടെ ഓഫീസ് സര്‍വ്വകലാശാല രജിസ്ട്രാറോട് വിശദീകരണം ചോദിച്ചപ്പോഴാണ് സമരക്കാര്‍ സമരം അവസാനിപ്പിച്ചത്. ചാന്‍സലര്‍ക്കെതിരെ സമരം ചെയ്യുവാന്‍ സര്‍വ്വകലാശാലയിലെ ഇടതുപക്ഷ സംഘടനകള്‍ക്ക് രജിസ്ട്രാര്‍ ഡോ. എം. ബി. ഗോപാലകൃഷ്ണന്‍ രേഖാമൂലം അനുമതി നല്‍കിയത് തെളിവ് സഹിതം പുറത്ത് വന്നിരുന്നു.

