ഇന്ധനം ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രം. അനുവദിക്കില്ലന്ന് കേരളം.

Print Friendly, PDF & Email

ജിഎസ്ടി കൗണ്‍സിലിന്‍റെ നാല്‍പ്പത്തിയഞ്ചാമത് യോഗം നാളെ ലക്നൗവില്‍ നടക്കാനിരിക്കെ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനോട് യോജിക്കാന്‍ കഴിയില്ലന്ന് തുറന്നടിച്ച് സംസ്ഥാന ധനകാര്യമന്ത്രി കെഎന്‍ ബാലഗോപാല്‍. ഇന്ധനവില കുറയാൻ ജിഎസ്ടി അല്ല പരിഹാരമെന്നും വില കുറയണമെങ്കിൽ കേന്ദ്ര സെസ് ആണ് ഒഴിവാക്കേണ്ടതെന്നും സെസ് ഒഴിവാക്കിയാൽ ഇന്ധനവില 70ന് അടുത്തെത്തുമെന്നും ധനമന്ത്രി പറഞ്ഞു.

കൊവിഡ് വ്യാപനത്തിന് ശേഷം ആദ്യമായി ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ പെട്രോള്‍ ഡീസല്‍ , പ്രകൃതി വാതകം, വിമാന ഇന്ധനം എന്നിവ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തി വില കുറക്കാനുള്ള ചരിത്രപരമായ തീരുമാനം ഉണ്ടാകുമോയെന്നതാണ് സാധാരണക്കാര്‍ ഉറ്റുനോക്കുന്നത്. ജിഎസിടിയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം ഉണ്ടാവുകയാണെങ്കില്‍ രാജ്യത്ത് പെട്രോളിന് 70 ഉം ഡീസലിന് 65 രൂപയായെങ്കിലും കുറയും. നിലവില്‍ രാജ്യത്ത് നൂറ്ന് മേലെയാണ് ഇന്ധന വില.

ജിഎസ്ടി സംവിധാനത്തില്‍ വരുത്തുന്ന മാറ്റത്തിന് പാനലിലുളള നാലില്‍ മൂന്ന് അംഗങ്ങളുടെ അനുമതി വേണമെന്നതാണ് ചട്ടം. സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും പ്രതിനിധികള്‍ ആണ് കൗണ്‍സില്‍ അംഗമായിട്ടുള്ളത്. വരുമാനത്തിന്‍റെ നട്ടെല്ലായ ഇന്ധന വരുമാനം ഇല്ലാതാകുന്നതെനെ പല സംസ്ഥാനങ്ങളും ശക്തമായി എതിര്‍ത്തേക്കും. പക്ഷെ എതിര്‍പ്പ് രാഷ്ട്രീയമായി ഉപയോഗിക്കാൻ കേന്ദ്രസർക്കാരിന് സാധിക്കുമെന്നതിനാല്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സാധ്യത കൂടുതലാണെന്ന വിലയിരുത്തലുമുണ്ട്.

രാജ്യത്ത് യുപി, ഗുജറാത്ത് തുടങ്ങിയ പ്രമുഖ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകള്‍ അടക്കം നടക്കുന്ന സാഹചര്യത്തില്‍ വലിയ തീരുമാനം സർക്കാര്‍ കൈക്കൊള്ളുമെന്നാണ് സൂചനകള്‍. യോഗം ചേരുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാള്‍ ദിനത്തിലാണെന്നും വലിയ പ്രഖ്യാപനങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. കൊവിഡ് ചികിത്സക്കുള്ള മരുന്നുകളുടെ ഇളവ് നീട്ടുന്നതും സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം 2022 ന് ശേഷവും തുടരുന്നതും യോഗത്തില്‍ ചർച്ചയാകും. പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന് കേരള ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു. ഇതിന്റ അടിസ്ഥാനത്തിലാണ് യോഗം ഇക്കാര്യം പരിഗണിക്കുന്നത്.