മന്ത്രി ഡോ.ആര്‍. ബിന്ദുവിനും അഡ്വക്കറ്റ് ജനറലിനുമെതിരേ ഗവര്‍ണറുടെ നടപടിക്ക് സാധ്യത

Print Friendly, PDF & Email

ധനകാര്യ വകുപ്പ് മന്ത്രി കെഎന്‍ ബാലഗോപലന് എതിരെ ഗവര്‍ണര്‍ പിന്തുണ(Pleasure) പിന്‍വലിച്ചത് വിവാധമായിരിക്കുന്നതിനിടെ കൂടുതല്‍ മന്ത്രിമാര്‍ക്കും ഭരണഘടനാ സ്ഥാപന മേധാവികള്‍ക്കും എതിരെ ഗവര്‍ണര്‍ നടപടി എടുക്കുവാന്‍ സാധ്യത. കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ രണ്ടാം നിയമനവുമായി ബന്ധപ്പെട്ടു കോടതിയില്‍ നിലവിലുള്ള കേസിലെ വിധി അദ്ദേഹത്തിന് എതിരായാല്‍, പുനര്‍നിയമന വിഷയത്തില്‍ ഗവര്‍ണറെ തെറ്റിദ്ധരിപ്പിച്ച ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍. ബിന്ദുവിനും ഗവര്‍ണര്‍ ആവശ്യപ്പെടാതെ തന്നെ തെറ്റായ നിയമോപദേശം നല്‍കിയ അഡ്വക്കറ്റ് ജനറലിനുമെതിരേ ഗവര്‍ണര്‍ നടപടി എടുക്കുമെന്നാണ് രാജ്യഭവനില്‍ നിന്നു പുറത്തുവരുന്ന സൂചന.

ഗോപിനാഥ് രവീന്ദ്രന്‍റെ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നട്നുവരുന്ന കേസിന്‍റെ വിധി ഗോപിനാഥ് രവീന്ദ്രനു തിരിച്ചടിയായാല്‍ നിയമനത്തിന് ഗവര്‍ണറെ തെറ്റിദ്ധരിപ്പിച്ച ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും സംസ്ഥാന സര്‍ക്കാരിന്‍റെ മുതിര്‍ന്ന അഭിഭാഷകനായ എജിക്കുമെതിരേ നടപടി സ്വീകരിക്കാന്‍ കഴിയുമെന്നാണു ഗവര്‍ണര്‍ക്ക് കിട്ടിയിരിക്കുന്ന നിയമോപദേശം. ഇതു സംബന്ധിച്ചു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുമായും ഭരണഘടനാ വിദഗ്ധരുമായി ചര്‍ച്ച നടത്തി വരുകയാണ്. പുനര്‍നിയമനത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന മറുപടി നല്‍കിയവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നു നിര്‍ദേശിച്ചു മുഖ്യമന്ത്രിക്കു കത്തു നല്‍കുന്ന നടപടിയാകും ഗവര്‍ണര്‍ സ്വീകരിക്കുകയെന്നാണു സൂചന.

കണ്ണൂര്‍ സര്‍വകലാശാലാ വിസിയായി ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിക്കണമെന്നു പ്രോ- ചാന്‍സലറെന്ന നിലയില്‍ ശിപാര്‍ശ ചെയ്യുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു ഗവര്‍ണര്‍ക്കു കത്തു നല്‍കിയത്. ഇതില്‍ ഗവര്‍ണര്‍ നടപടി സ്വീകരിക്കാതെ വന്നതോടെയാണ് അഡ്വക്കറ്റ് ജനറലിന്‍റെ നിയമോപദേശവും രാജ്ഭവനില്‍ എത്തിയത്. കണ്ണൂര്‍ വിസിയുടെ വീണ്ടുമുള്ള നിയമനത്തിനു നിയമസാധുതയുണ്ടെന്നായിരുന്നു ഗവര്‍ണര്‍ ആവശ്യപ്പെടാതെ തന്നെയുള്ള എജിയുടെ നിയമോപദേശം.

കണ്ണൂര്‍ വിസിയുടെ രണ്ടാം നിയമനവുമായി ബന്ധപ്പെട്ടു സെര്‍ച്ച്‌ കമ്മിറ്റി രൂപീകരിച്ച ചാന്‍സലറുടെ നടപടി റദ്ദാക്കണമെന്നു നിര്‍ദേശിച്ച് പ്രോ.വൈസ് ചാന്‍സലര്‍ കൂടിയായ ഉന്നതവിദ്യാഭ്യാസമന്ത്രി ആണ് ഗവര്‍ണര്‍ക്കു ആദ്യം കത്തു നല്‍കുന്നത്. തുടര്‍ന്ന പലതവണ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഗവര്‍ണറില്‍ സമ്മര്‍ദ്ദം ചെലത്തി. ഇത് ഗവര്‍ണര്‍ സ്വീകരിക്കാതിരുന്നപ്പോഴാണ് അഡ്വക്കേറ്റ് ജനറലിന്‍റെ സൗജന്യ ഉപദേശം ഗവര്‍ണര്‍ക്ക് ലഭിക്കുന്നത്. സംസ്ഥാന അഡ്വക്കറ്റ് ജനറലിന്‍റെ നിയമോപദേശം അവിശ്വസിക്കേണ്ടതില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഗവര്‍ണര്‍ നിയമനത്തില്‍ ഒപ്പുവച്ചത്. ഈ വിഷയത്തില്‍ അഡ്വക്കറ്റ് ജനറല്‍ തെറ്റദ്ധരിപ്പിച്ചതായി കഴിഞ്ഞ തിങ്കളാഴ്ച തിരുവനന്തപുരത്തു നടത്തിയ പത്രസമ്മേളനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ വ്യക്തമാക്കിയിരുന്നു.

കണ്ണൂര്‍ വിസിയായുള്ള ഗോപിനാഥ് രവീന്ദ്രന്‍റെ ആദ്യനിയമനം സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ യുജിസി ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അടുത്ത മൂന്നിനകം മറുപടി നല്‍കാനാണു നിര്‍ദേശിച്ചിട്ടുള്ളത്. യുജിസി ചട്ടങ്ങള്‍ക്കു വിരുദ്ധമായി നിയമനം ലഭിച്ച 11 വിസിമാര്‍ക്കാണ് ഗവര്‍ണര്‍ നോട്ടീസ് നല്‍കിയത്.
ഇതുവരെ ആരും മറുപടി നല്‍കിയിട്ടില്ല. ഒന്‍പത് പേര്‍ നവംബര്‍ മൂന്നിന് വൈകുന്നേരം അഞ്ചിനകവും മറ്റുള്ള രണ്ടു പേര്‍ നാലിന് വൈകുന്നേരത്തിനകവും മറുപടി നല്‍കാനാണു നിര്‍ദേശം. മൂന്നിനാണ് ഗവര്‍ണര്‍ തിരുവനന്തപുരത്തു മടങ്ങിയെത്തുന്നത്.