വിധി ഇന്ന്. ആകാക്ഷയുടെ മുള്‍മുനയില്‍ രാജ്യം

Print Friendly, PDF & Email

വാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും അന്ത്യം. ചൂടേറിയ പ്രചാരണങ്ങള്‍ക്കും ശേഷം ഇന്ന് രാജ്യം ജനവിധിക്കായി കാതോര്‍ക്കുന്നു. രാവിലെ എട്ടുമണിക്ക് രാജ്യത്തെ വിവിധ കൗണ്ടിങ് ആരംഭിക്കും. 542 ലോകസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 8000ത്തോളം പേര്‍ മത്സര രംഗത്തുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രകൃയയായ ഇന്ത്യന്‍ പാര്‍ലിമെന്‍റ് തിരഞ്ഞെടുപ്പില്‍ ഇക്കുറി 90.99കോടി വോട്ടര്‍മാരായിരുന്നു ഉണ്ടായിരുന്നത്. അവരില്‍ 67.11ശതമാനം പേരും അവരുടെ സമ്മതിദാനാവകാശം വിനയോഗിച്ചു.10.3 ലക്ഷം പോളിങ് സ്റ്റേൽനുകളാണ് അതിനായി തയ്യാറാക്കിയിരുന്നത്.സുപ്രീംകോടതി ഉത്തരവനുസരിച്ച് ഇതിന്‍റെ അഞ്ച് ശതമാനം, അതായത്, 20,600 സ്റ്റേഷനുകളിൽ വിവിപാറ്റ് എണ്ണി വോട്ടുമായി ഒത്തുനോക്കണം. ഇതുകൊണ്ടുതന്നെ വോട്ടെണ്ണൽ പ്രക്രിയ നാല് മുതൽ അഞ്ച് മണിക്കൂർ വരെ നീളും. ഫലപ്രഖ്യാപനവും അതനുസരിച്ച് വൈകും.

ആദ്യം എണ്ണുന്നത് പോസ്റ്റൽ വോട്ടുകളാണ്. സർവീസ് വോട്ടർമാരുടെ എണ്ണം 18 ലക്ഷം വരും. വിദേശങ്ങളിലെ എംബസികളിൽ ജോലി ചെയ്യുന്ന നയതന്ത്ര ഉദ്യോഗസ്ഥർ മുതൽ, സൈനികർ, കേന്ദ്ര, സംസ്ഥാന പൊലീസ് സേനയിലെ ഉദ്യോഗസ്ഥർ എന്നിവരടക്കമുള്ളവരാണിത്. 18 ലക്ഷത്തിൽ 16.49 ലക്ഷം പേർ പോസ്റ്റൽ ബാലറ്റ് വഴി സമ്മതിദാനാവകാശം വിനിയോഗിച്ചിട്ടുണ്ട്. പിന്നീട് ഇവിഎമ്മുകൾ എണ്ണണം. ആദ്യം വിവിപാറ്റുകൾ എണ്ണണമെന്ന ആവശ്യം പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ വച്ചെങ്കിലും തള്ളിയിരുന്നു. ഇവിഎമ്മുകളിലെ ഫലം വന്ന ശേഷം, വിവിപാറ്റുകളുള്ള മണ്ഡലങ്ങളിൽ അവയും എണ്ണും. പൊരുത്തക്കേട് വന്നാൽ വിവിപാറ്റ് രസീതുകളുടെ എണ്ണമാകും അന്തിമം. എന്തായാലും സുതാര്യത ഉറപ്പാക്കാൻ ഓരോ റൗണ്ടും എണ്ണിക്കഴിഞ്ഞ് ആ കണക്കുകൾ സുവിധ എന്ന ആപ്ലിക്കേഷനിൽ ചേർത്ത ശേഷമേ, അടുത്ത റൗണ്ട് എണ്ണാവൂ. ആകെ 14 റൗണ്ടാണ‌് ഒരു നിയമസഭാ മണ്ഡലത്തിലുള്ളത‌്. ഒരു ലോക‌്സഭാ മണ്ഡലത്തിൽ ഒരു റൗണ്ടിൽ 98 ബൂത്തുകളിലെ വോട്ട‌് ഒരേസമയം എണ്ണും.ഓരോ റൗണ്ടിലെയും ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് ആപ്ലിക്കേഷനിൽ ചേർക്കണമെന്നതും നിർബന്ധമാണ്. അതിനാല്‍ ഒമ്പത് മണിയോടെയേ ആദ്യഫലസൂചനകളറിയാന്‍ കഴിയൂ. ഉച്ചയോടെ എണ്ണിക്കഴിയുമെങ്കിലും വിവി പാറ്റിലെ രസീതുകൾ കൂടി എണ്ണിയ ശേഷമേ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കൂ.തന്മൂലം ഔദ്യോഗിക ഫല പ്രഖ്യാപനം വൈകുന്നേരത്തോടെയേ ഉണ്ടാവൂ.