രാജ്യവ്യാപകമായി നടത്തിയ റെയിഡില്‍ പ്രതിക്ഷേധിച്ച് കേരളത്തില്‍ ഹര്‍ത്താല്‍…!
രാജ്യ വ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും ഇന്നലെ നടന്ന എൻ ഐ എ റെയ്ഡിലും ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റിലും പ്രതിക്ഷേധിച്ച് സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. വൈകീട്ട് ആറുവരെയാണ് ഹർത്താൽ. കെഎസ്ആർടിസി ബസ്സുകളും സ്വകാര്യ വാഹനങ്ങളും ചരക്ക് വാഹനങ്ങളും നിരത്തിലറങ്ങിയിട്ടുണ്ടെങ്കിലും ചില ജില്ലകളിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല. ചിലയിടങ്ങളില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂട്ടം കൂടി ദേശീയ പാതകളില്‍ ഉപരോധം ഏര്‍പ്പെടുത്തുവാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പൊലീസെത്തി ഇവരെ മാറ്റാനുള്ള ശ്രമം നടത്തുകയാണ്.
പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ കര്‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ക്രമസമാധാനപാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍, നിയമലംഘകര്‍, കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യും. സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടാതിരിക്കാന്‍ പൊലീസ് ശ്രദ്ധ ചെലുത്തും. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനാംഗങ്ങളെയും ക്രമസമാധാനപാലത്തിനായി നിയോഗിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുളള സുരക്ഷാക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതല റേഞ്ച് ഡി.ഐ.ജിമാര്‍, സോണല്‍ ഐ.ജിമാര്‍, ക്രമസമാധാന വിഭാഗം എഡിജിപി എന്നിവര്‍ക്കാണ്.
രാജ്യത്തിനെതിരായ നീക്കം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ദില്ലിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിവിധ സംസ്ഥാനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസിസുകളിലും നേതാക്കളുടെ വീട്ടിലുമായി എന്‍ഐഎ റെയ്ഡ് നടത്തിയത്. 150ലധികം പോപ്പുലർ ഫ്രണ്ട് നേതാക്കളെയാണ് 11 സംസ്ഥാനങ്ങളില്‍ നിന്നായി എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. ഇതുവരെ 45 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫിസുകളും നേതാക്കളുടെ വീടുകളുമടക്കം 70 ഓളം കേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നു. രണ്ടു കേസുകളിലായി 19 പേർ കേരളത്തിൽ മാത്രം അറസ്റ്റിലായിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് ദേശീയ സംസ്ഥാന നേതാക്കളായ പതിനെട്ട് പേരെ കൊച്ചിയിൽനിന്നാണ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടില്‍ 11 പേരും കർണാടകയില്‍ ഏഴ് പേരും ആന്ധ്രയില്‍ നാല് പേരും രാജസ്ഥാനില്‍ രണ്ട് പേരും അറസ്റ്റിലായി. കേരളത്തിലാണ് കൂടുതല്‍ അറസ്റ്റ്. കേരളത്തില്‍ അറസ്റ്റിലായ ചിലരെ ദില്ലിയിൽ എത്തിച്ചു.
ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം അടക്കം മുതിര്‍ന്ന നേതാക്കളാണ് അറസ്റ്റിലായത്. ഒഎംഎ സലാം ദേശീയ പ്രസിഡൻറ് (മലപ്പുറം), സൈനുദ്ദീൻ ഇടുക്കി ജില്ലാ സെക്രട്ടറി, നസറുദ്ദീൻ എളമരം ദേശീയ സെക്രട്ടറി(വാഴക്കാട്), മുഹമ്മദ് ബഷീർ സ്റ്റേറ്റ് പ്രസിഡൻറ്, (തിരുവനന്തപുരം), സാദിഖ് മുഹമ്മദ് ജില്ലാ സെക്രട്ടറി പത്തനംതിട്ട, നജിമുദ്ദീൻ മുണ്ടക്കയം, പി കോയ കോഴിക്കോട്, അബ്ദുൽ റഹ്മാൻ കളമശ്ശേരി ദേശീയ വൈസ് പ്രസിഡണ്ട്, മുഹമ്മദലി ജിന്ന തമിഴ്നാട്സ്വദേശി, മുഹമ്മദ് ഷാഹിദ് എന്നിവരെ കോട്ടയത്തുനിന്നും പിടികൂടി.
എൻഐഎ രൂപീകരിച്ച ശേഷമുള്ള ഏറ്റവും വലിയ ഓപ്പറേഷനാണ് ഇന്നലെ രാജ്യത്ത് നടന്നത്. പുലർച്ചെ 3.30 ഓടെ കേന്ദ്രസേനയെ വിന്യസിച്ചാണ് റെയ്ഡ് തുടങ്ങിയത്. അറസ്റ്റിലായ പോപ്പുലർ ഫണ്ട് പ്രവർത്തകർ ഐ എസ് പ്രവർത്തനത്തിന് സഹായം ചെയ്തെന്നാണ് എൻ ഐ എ വ്യക്തമാക്കുന്നത്. പ്രതികൾ ഐ എസ് പ്രവർത്തനത്തിന് സഹായം ചെയ്തു, ദേശവിരുദ്ധ പ്രവർത്തനത്തിനായ ഗൂഡാലോചന നടത്തി എന്നതടക്കമുള്ള കുറ്റകൃത്യത്തിൽ പങ്കാളികളായെന്ന് എൻ ഐ എ കോടതിയെ അറിയിച്ചു.

