അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടു… സ്ഥിരീകരിക്കുവാന്‍ തയ്യാറാകാതെ റഷ്യ

ഐസിസ് സ്ഥാപകന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയെ യു.എസ് സൈന്യം കൊലപ്പെടുത്തിയെന്ന യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഇറാഖിന്റെയും റഷ്യയുടെയും സഹായത്തോടെ വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ ഞായറാഴ്ച രാത്രി നടത്തിയ സൈനിക ഓപറേഷനിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഇദ്‌രിബ് പ്രവിശ്യയിലെ ബഗ്ദാദിന്റെ കോംപൗണ്ടിലേക്ക് ഇരച്ചു കയറി സ്‌പെഷ്യല്‍ ഓപറേഷന്‍ സേനയാണ് ഇദ്ദേഹത്തെ കീഴ്‌പ്പെടുത്തിയത്. നിരവധി ഐസിസ് യോദ്ധാക്കളും സുഹൃത്തുക്കളും കൊല്ലപ്പെട്ടു. തുരങ്കത്തില്‍ കയറി രക്ഷപെടുവാന്‍ ശ്രമിച്ച ബാഗ്ദാദി പിടിക്കപ്പെടുമെന്നായപ്പോള്‍ സ്വയം പൊട്ടിത്തെറിച്ച് ആത്മാഹുതി ചെയ്യുകയായിരുന്നു. സ്‌ഫോടനത്തില്‍ മൂന്നു കുട്ടികള്‍ കൂടി കൊല്ലപ്പെട്ടുവെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് അവകാശപ്പെട്ടു. ഞായറാഴ്ച രാവിലെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രത്യേക വാര്‍ത്ത സമ്മേളനത്തിലാണ് ബഗ്ദാദിയുടെ മരണം പ്രഖ്യാപിച്ചത്. അല്‍ ഖാഇദ തലവന്‍ ഉസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതിനോടാണ് രാഷ്ട്രീയ വിദഗ്ദ്ധര്‍ ബാഗ്ദാദിയുടെ മരണം താരതമ്യപ്പെടുത്തുന്നത്.

എന്നാല്‍ അവകാശവാദത്തെ സ്ഥിരീകരിക്കുവാന്‍ റഷ്യ ഇതുവരേയും തയ്യാറായിട്ടില്ല. റഷ്യയുടെ വ്യോമ മേഖലയിലൂടെ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്ക് പറക്കാന്‍ റഷ്യ അനുമതി നല്‍കിയിരുന്നു. എന്നാല്‍ സിറിയയിലെ ഇദ്‌ലിബില്‍ (ബഗ്ദാദി ഒളിച്ചിരുന്നു എന്ന് പറയപ്പെടുന്ന സ്ഥലം) നടന്ന യു.എസ് ഓപറേഷനെ കുറിച്ച് വിശ്വസനീയമായ വിവരങ്ങള്‍ ഇല്ല എന്നാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറയുന്നത്. മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ ഇഗോര്‍ കൊനാഷെങ്കോവിനെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക് ആണ് ഇതു റിപ്പോര്‍ട്ട് ചെയ്തത്. യു.എസിന് ഇത്തരമൊരു സഹകരണം നല്‍കി എന്നതിനെ കുറിച്ച് അറിയില്ല. ശനിയാഴ്ചയിലോ അതിനു ശേഷമോ യു.എസ് യുദ്ധവിമാനങ്ങളോട് അന്താരാഷ്ട്ര സഖ്യത്തിന്റെ വിമാനങ്ങളോ അത്തരമൊരു വ്യോമാക്രമണം നടത്തിയിട്ടില്ല- അദ്ദേഹം വ്യക്തമാക്കി. യു.എസ് പ്രസിഡണ്ട് അവകാശപ്പെട്ടതിനു കടകവിരുദ്ധമായ കാര്യങ്ങളാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞിട്ടുള്ളത് എന്നാണ് ശ്രദ്ധേയം.

അമേരിക്കന്‍ പ്രസിഡന്‍റു തന്നെ ഇത്തരം ഒരു പ്രഖ്യാപനം നേരിട്ട് നടത്തിയതുകൊണ്ട് ഇത് അവിശ്വസിക്കേണ്ട കാര്യമില്ല. എന്നിരുന്നാലും ആദ്യമായല്ല ബഗ്ദാദി കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത്. 2016 ജൂണ്‍ 12ന് യു.എസ് വ്യോമാക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടു എന്ന് വാര്‍ത്ത വന്നിരുന്നു. 2017ല്‍ അഞ്ചു തവണയാണ് ബഗ്ദാദി ‘കൊല്ലപ്പെട്ടത്’. ആദ്യത്തേത് മെയ് 28ന് റഷ്യ നടത്തിയ വ്യോമാക്രമണത്തിലും രണ്ടാമത്തേത് ജൂണ്‍ 11ന് സിറിയ നടത്തിയ സൈനിക ആക്രമണത്തിലുമായിരുന്നു. ഇതേ വര്‍ഷം ജൂണ്‍ 29ന് ബഗ്ദാദി കൊല്ലപ്പെട്ടതായി ഒരു ഇറാനിയന്‍ നേതാവ് പറഞ്ഞിരുന്നു. 2017 ജൂലൈയില്‍ ഇദ്ദേഹം കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് വ്യക്തമാക്കിയിരുന്നു.

1971ല്‍ ഇറാഖ് തലസ്ഥാനമായ ബഗ്ദാദിന് അടുത്തുള്ള സമാറയില്‍ ആയിരുന്നു അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ ജനനം. 2003ല്‍ ഇറാഖില്‍ യു.എസ് അധിനിവേശം നടക്കുമ്പോള്‍ വടക്കന്‍ ബഗ്ദാദിലെ പള്ളിയില്‍ ഇമാമായിരുന്നു അദ്ദേഹം. മുന്‍ ഇറാഖ് പ്രസിഡണ്ട് സദ്ദാം ഹുസൈന്റെ കാലത്ത് തന്നെ ഇദ്ദേഹം തീവ്രചിന്താഗതിയുള്ള നേതാവായി രുന്നുവെങ്കിലും ദക്ഷിണ ഇറാഖിലെ കാംപ് ബുക്കയില്‍ യു.എസ് തടവില്‍ കഴിയവെയാണ് തീവ്രവാദത്തിലേക്ക് ചുവടുമാറിയത്. എന്ന് ചിലര്‍ പറയുന്നു. 2010ല്‍ ഒരുകൂട്ടം തീവ്രവാദി സംഘടനകളുടെ നേതാവായി അവരോധിതനായി ഈ സംഘടന കൂട്ടായ്മയാണ് പിന്നീട് അല്‍ക്വയിദയുമായി ലയിച്ച് കുപ്രസിദ്ധമായ ഐസ്ഐസ് ആയി മാറിയത്. 2014ല്‍ ഇറാഖ് നഗരമായ മൊസൂള്‍ ഐ.എസ് പിടിച്ചടക്കി ഖലീഫത്ത് സ്ഥാപിച്ചതായി പഖ്യാപിച്ചതോടെ ബഗ്ദാദിയുടെ ശക്തി വര്‍ദ്ധിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു ബഗ്ദാദി. ബഗ്ദാദിയെ പിടികൂടാനോ കൊല്ലാനോ സഹായിക്കുന്നവര്‍ക്ക് യു.എസ് ആദ്യം പത്തു ദശലക്ഷം യു.എസ് ഡോളറും പിന്നീട് 25 ദശലക്ഷം യു.എസ് ഡോളറും ഇനാം പ്രഖ്യാപിച്ചിരുന്നു.