നൈം ഖാസിം ഹിസ്ബുള്ളയുടെ പുതിയ നേതാവ്.
സെപ്തംബർ 27 ന് ഇസ്രായേൽ സൈന്യം ബെയ്റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ലെബനൻ തീവ്രവാദി ഗ്രൂപ്പായ ഹിസ്ബുള്ളയുടെ തലവൻ ഹസൻ നസ്‌റല്ലയുടെ പിൻഗാമിയായി ഹിസ്ബുള്ളയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലും സെക്കൻഡ് ഇൻ കമാൻഡുമായ നൈം ഖാസിമിനെ നിയമിച്ചു. ഹിസ്ബുള്ളയുടെ ശൂറ കൗൺസിൽ ഖാസിമിനെ പുതിയ തലവനായി തിരഞ്ഞെടുത്തതിൻ്റെ വിവരങ്ങൾ ഒരു പ്രസ്താവനയിലൂടെ പുറത്തിറക്കിയതായി റൂയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 71 കാരനായ ഖാസിം 1991-മുതല്‍ ഹിസ്ബുല്ലയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു.
നസ്രല്ലയുടെ കൊലപാതകത്തെത്തുടർന്ന് ടെലിവിഷൻ പ്രസംഗം നടത്തിയ ആദ്യത്തെ ഹിസ്ബുള്ള നേതാവായിരുന്നു നൈം ഖാസിം. വിദേശ മാധ്യമങ്ങളുമായുള്ള അഭിമുഖങ്ങളിൽ പലപ്പോഴും പ്രത്യക്ഷപ്പെടുന്ന അദ്ദേഹം ഗ്രൂപ്പിൻ്റെ ഔദ്യോഗിക വക്താവായും കണക്കാക്കപ്പെടുന്നു.
ഇസ്രായേലിന്‍റെ അക്രമണം ഭയന്ന് ഖാസിം ഇറാനിലേക്ക് പലായനം ചെയ്തതിൻ്റെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹത്തെ പുതിയ തലവനായി തിരഞ്ഞെടുത്ത വിവരം പുറത്തു വരുന്നത്. ഈ മാസം ആദ്യം ബെയ്‌റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അദ്ദേഹത്തിൻ്റെ ബന്ധു ഹാഷിം സഫീദ്ദീനും കൊല്ലപ്പെട്ടിരുന്നു.
1953 ൽ ലെബനൻ്റെ തെക്ക് ഭാഗത്താണ് ഖാസിം ജനിച്ചത്. ലെബനൻ ഷിയ അമാൽ പ്രസ്ഥാനത്തിൽ ചേർന്നതോടെയാണ് അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ഇറാൻ്റെ ഇസ്ലാമിക വിപ്ലവത്തെത്തുടർന്ന് 1979-ൽ അദ്ദേഹം പ്രസ്ഥാനം വിട്ടു. പിന്നീട് ഇറാനിയൻ റെവല്യൂഷണറി ഗാർഡുകളുടെ പിന്തുണയോടെ ഹിസ്ബുള്ള രൂപീകരിച്ചപ്പോൾ, ഖാസിം ഗ്രൂപ്പിൻ്റെ മീറ്റിംഗുകളിൽ പങ്കെടുക്കാൻ തുടങ്ങി.
നസ്‌റല്ലയും സഫീദ്ദീനും ധരിച്ചിരുന്ന കറുത്ത തലപ്പാവിൽ നിന്ന് വ്യത്യസ്തമായി, വെളുത്ത തലപ്പാവ് ധരിക്കുന്നവനായിട്ടാണ് ഖാസിം അറിയപ്പെടുന്നത്. ഇത് പ്രവാചകൻ മുഹമ്മദ് നബിയുടെ പിൻഗാമികളായി അവരുടെ പദവി ചിത്രീകരിക്കുന്നു.
1992 മുതൽ പാർലമെൻ്റ് തിരഞ്ഞെടുപ്പിൻ്റെ ഹിസ്ബുള്ളയുടെ ജനറൽ കോർഡിനേറ്റർ കൂടിയാണ് ഖാസിം. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി ഒക്ടോബർ 5 ന് ലെബനനിലേക്കും സിറിയയിലേക്കും സംസ്ഥാന സന്ദർശനത്തിനായി പോയപ്പോള്‍ ഉപയോഗിച്ച വിമാനത്തിൽ ഖാസിം ബെയ്‌റൂട്ടിൽ നിന്ന് തിരിച്ച് ലബനിലേക്ക് പുറപ്പെട്ടതായി ഒക്ടോബർ 21 ലെ റിപ്പോർട്ടിൽ യുഎഇ ആസ്ഥാനമായുള്ള എറം ന്യൂസ് വെബ്‌സൈറ്റ് ചെയ്യുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം എവിടൊണ് ഉള്ളതെന്ന് ആര്‍ക്കും അറിയില്ല.