കൊടകര കുഴൽപ്പണക്കേസിൽ പുനഃരന്വേഷണം; എഡിജിപി മനോജ് എബ്രഹാം മേൽനോട്ടം വഹിക്കും.

Print Friendly, PDF & Email

2021ലെ ഉപതെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയെ കനത്ത പ്രതിരോധത്തിലാക്കിയ കൊടകര കുഴൽപ്പണക്കേസ് വീണ്ടും അന്വേഷിക്കാൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. കേസിൽ പുനരന്വേഷണം വേണമെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ നിര്‍ദ്ദേശത്തിന് തൊട്ട് പിന്നാലെ അടിയന്തര നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദേശം നൽകി. തുടരന്വേഷണം വേണോ പുനരന്വേഷണം വേണോ എന്ന കാര്യത്തിൽ നിയമപരമായ സാധ്യതകൾ കൂടി കണക്കിലെടുത്തായിരിക്കും തീരുമാനം. കുഴൽപ്പണ ഇടപാടില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ ബിജെപി മുൻ ഓഫീസ് സെക്രട്ടറി സതീശിൻ്റെ മൊഴിയെടുത്തതിന് ശേഷമായിരിക്കും തുടന്വേഷണമാണോ പുനഃരന്വേഷണമാണോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. ആരൊക്കെ തമ്മിലാണ് ഡിലെന്ന് ചര്‍ച്ച ചെയ്യുന്ന ഈ ഉപതെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കെതിരെ വീണുകിട്ടിയ ആയുധം പരമാവധി പ്രയോജനപ്പെടുത്തുകയാണ് സര്‍ക്കാരും സിപിഎമ്മും.

ബിജെപി നേതാക്കൾക്കെതിരായ കൊടകര കുഴൽപ്പണക്കേസിൻ്റെ അന്വേഷണത്തിന് എഡിജിപി മനോജ് എബ്രഹാമിന് മേൽനോട്ടം വഹിക്കും. തൃശൂർ റെയ്ഞ്ച് ഡിഐജി തോംസൺ ജോസ് അന്വേഷണം ഏകോപിക്കും. ഈ കേസ് ആദ്യം അന്വേഷിച്ച പ്രത്യേക സംഘത്തിലെ ഡിവൈഎസ് രാജു വെളിപ്പെടുത്തൽ നടത്തിയ. അതേസമയം, കൊടകര കുഴൽപ്പണ കേസിലെ പുതിയ വെളിപ്പെടുത്തൽ തന്നെ എകെജി സെന്‍റര്‍ കേന്ദ്രീകരിച്ചുണ്ടാക്കിയ തിരക്കഥയാണെന്ന് ബിജെപി ആരോപിക്കുന്നു.

കൊടകര ദേശീയ പാതയില്‍ വച്ച് കാറില്‍ കൊണ്ടുപോകുകയായിരുന്ന മൂന്നരക്കോടി രൂപ ക്രിമിനല്‍ സംഘം തട്ടിയെടുത്തതുമായി ബന്ധപ്പെട്ടതാണ് കേസ്. ഇത് ബിജെപി തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ഉയർന്ന ആരോപണം. 2021 ഏപ്രിൽ ഏഴിനാണ് കൊടകര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് നടന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ 22 പേരെ പ്രതികളാക്കി 2021 ജൂലൈ 23ന് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. പിന്നീട് ഒരാൾ കൂടി അറസ്റ്റിലായതിന്റെ അടിസ്ഥാനത്തിൽ 2022 നവംബർ 15ന് അധികമായി ഒരു കുറ്റപത്രം കൂടി സമർപ്പിച്ചു. തൃശ്ശൂർ റെയ്ഞ്ച് ഡി ഐ ജിയുടെ നേതൃത്വത്തിൽ തൃശൂർ പൊലീസ് അസിസ്റ്റൻ്റ് കമ്മീഷണർ അന്വേഷണ ഉദ്യോഗസ്ഥനായി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം 2021 മെയ് 10നാണ് ചുമതല ഏറ്റെടുത്തത്. സംഭവത്തിൽ 1,58,48,801 രൂപയാണ് വീണ്ടെടുത്തത്. 56,64,710 രൂപ മറ്റുള്ളവർക്ക് കൈമാറിയതായും കണ്ടെത്തി.

ധർമരാജൻ വഴി ഹവാലപ്പണമായി 41.48 കോടി രൂപയാണ് കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് എത്തിച്ചതെന്ന് കേസന്വേഷിച്ച പൊലീസിന് മുമ്പാകെ കള്ളപ്പണ ഇടപാടുകാരൻ ധർമരാജൻ മൊഴി നൽകിയിരുന്നു. ബിജെപിക്ക് വേണ്ടിയാണ് പണമെത്തിയത്. ഇതിൽ 14.4 കോടി രൂപയാണ് കർണാടകത്തിൽ നിന്ന് എത്തിയത്. മറ്റ് ഹവാല റൂട്ടിലൂടെ 27 കോടി രൂപയെത്തി. കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടത് 7.90 കോടി രൂപയായിരുന്നു. സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളിൽ വിതരണം ചെയ്തത് 33.50 കോടി രൂപയാണെന്ന് പറയുന്ന റിപ്പോർട്ടിൽ ഹവാല റൂട്ടുകളുടെ പട്ടികയും പൊലീസ് കൈമാറിയിരുന്നു.

കൊടകരയിലേക്ക് കള്ളപ്പണം ഒഴുക്കിയത് കർണാടകയിലെ ബിജെപി എംഎൽഎയെന്ന് കേരള പൊലീസ്. കേസിൽ അറസ്റ്റിലായ ധർമ്മരാജൻ്റെ മൊഴിയെ അടിസ്ഥാനമാക്കി പൊലീസ് ഇ.ഡിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ, സംഘടന സെക്രട്ടറി എം.ഗണേശൻ, ഓഫിസ് സെക്രട്ടറി ഗിരീശൻ നായർ എന്നിവർ കള്ളപ്പണം കൈകാര്യം ചെയ്തെന്ന് പൊലീസ് ഇ.ഡിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്തെ കള്ളപ്പണ കണക്ക് അന്വേഷിക്കാൻ ഇഡിയോട് ആവശ്യപ്പെട്ടുള്ളതാണ് പൊലീസ് റിപ്പോർട്ട്.

തെരഞ്ഞെടുപ്പു കാലത്ത് ബിജെപി നടത്തിയ കുഴൽപ്പണ ഇടപാടിനെപ്പറ്റി ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശ് നടത്തിയ പുതിയ വെളിപ്പെടുത്തലുകളാണ് കേസ് വീണ്ടും ചര്‍ച്ചയാക്കിയത്. 7 ചാക്കുകെട്ടുകളിലായാണ് പണം ബിജെപി ഓഫീസിലേക്കെത്തിയതെന്ന് സതീശ് പറയുന്നു. തെരഞ്ഞെടുപ്പ് സാമഗ്രികൾ എന്ന് പറഞ്ഞാണ് ചാക്ക് കെട്ടുകള്‍ മുകളിലേക്ക് കൊണ്ടുപോയത്. പിന്നീടാണിത് പണമാണെന്ന് തിരിച്ചറിഞ്ഞത്. ചാക്ക് കെട്ട് ശ്രദ്ധിക്കണമെന്ന് ജില്ലാ അധ്യക്ഷനും ട്രഷററും പറഞ്ഞു. നേരത്തെ നൽകിയ മൊഴി ജില്ലാ അധ്യക്ഷൻ ജനറൽ സെക്രട്ടറി തുടങ്ങിയവർ പറഞ്ഞു പഠിപ്പിച്ചതനുസരിച്ച മൊഴിയായിരുന്നുവെന്നാണ് സതീശ് ഇപ്പോള്‍ പറയുന്നത്. തെരഞ്ഞെടുപ്പിൽ വന്ന സാമഗ്രികൾ ആണെന്ന് പറയാൻ പറഞ്ഞു. അത് അവിടെ പറഞ്ഞു. തൃശ്ശൂർ ബിജെപി ഓഫീസിൽ നിക്ഷേപിച്ച പൈസ പിന്നെ അവിടുന്ന് എടുത്തുകൊണ്ടു പോയിട്ടില്ല. കൊടകരയിൽ കൊണ്ടുപോയത് വേറെ പണമായിരുന്നു.

കൊടകര കുഴൽപ്പണ കേസ് ആരോപണത്തിലുറച്ച് നിൽക്കുകയാണ് തിരൂർ സതീശ്. കൊടകര കുഴൽപ്പണ കേസിലെ മുഴുവൻ സത്യങ്ങളും പൊലീസിനോട് പറയുമെന്നും തിരൂർ സതീശ് ആവർത്തിച്ചു. പണം കൈകാര്യം ചെയ്തതിന്റെ തെളിവുകൾ കയ്യിലുണ്ടെന്നും ബിജെപി മുൻ ഓഫീസ് സെക്രട്ടറി പറഞ്ഞു. സാമ്പത്തിക ക്രമേക്കേടിൽ നടപടി എടുത്തെന്ന വാദം തെറ്റാണെന്നും സതീശ് വെളിപ്പെടുത്തി. തൃശ്ശൂർ ബിജെപി ഓഫീസിൽ കോടികൾക്ക് കാവൽ നിന്നെന്ന് വെളിപ്പെടുത്തിയ സതീശ് തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി ഓഫീസിൽ പണമൊഴുകുകയായിരുന്നുവെന്നും കൂട്ടിച്ചേർത്തു. കള്ളപ്പണം കൈകാര്യം ചെയ്തത് ബിജെപി മുൻ ജില്ലാ ട്രഷററാണെന്നും സതീശ് വെളിപ്പെടുത്തി.