ജനാധിപത്യം വില്‍പ്പനക്ക്

Print Friendly, PDF & Email

പണവും പേശീബലവും ഉപയോഗിച്ച് “അധാർമ്മികമായി” സംസ്ഥാനങ്ങളിലെ ബിജെപി ഇതര സര്‍ക്കാരുളെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കുന്ന ഓപ്പറേഷന്‍ താമര മഹാരാഷ്ട്രയിലും വിജയകകരമായി പൂര്‍ത്തീകരിച്ചു. ശിവസേനയിലെ വിമതരെ സ്വന്തം പാളയത്തിലെത്തിച്ച് ഉദ്ദവ് താക്കറെ സര്‍ക്കാരിനെ അട്ടിമറിച്ച് വിമത നേതാവ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഫട്നാവിസ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തപ്പോല്‍ ഓപ്പറേഷന്‍ താമരയുടെ മറ്റൊരു മുഖം കൂടി രാജ്യം കണ്ടു.

2014ൽ കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തിയ ശേഷം സംസ്ഥാനങ്ങളിൽ അധികാരം പിടിച്ചെടുക്കാനും തിരഞ്ഞെടുക്കപ്പെട്ട ബിജെപി ഇതര സർക്കാരുകളെ താഴെയിറക്കാനുമാണ് ഭാരതീയ ജനതാ പാർട്ടി(ബിജെപി) ശ്രദ്ധ കേന്ദ്രീകരിച്ചത്. അതിനായി അവര്‍ക്കൊണ്ടുവന്ന രാഷ്ട്രീയ നെറികേടിന്‍റെ ഓമന പേരായി “ഓപ്പറേഷന്‍ താമര” മാറി.”ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അസ്ഥിരപ്പെടുത്തുന്ന രീതിയെ രാഷ്ടീയ തന്ത്രജ്ഞതയെന്ന് അവര്‍ വാഴ്ത്തിപാടി. ഇത് ജനാധിപത്യത്തിന് മാത്രമല്ല, ബിജെപിയുടെ പ്രത്യയശാസ്ത്രത്തിനെതിരെ വോട്ട് ചെയ്ത ജനങ്ങളോടുള്ള അവഹേളനവുമാണെന്ന സത്യം രാജ്യം ഭരിക്കുന്ന പാര്‍ട്ടി മനപൂര്‍വ്വം മറച്ചുവച്ചു.

“തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വിജയിക്കാൻ പണത്തിന്റെ ദുരുപയോഗം മുതൽ ധ്രുവീകരണവും അക്രമവും വരെയുള്ള എല്ലാ തന്ത്ര-കുതന്ത്രങ്ങളും പ്രയോഗിച്ചിട്ടും, വോട്ടർമാർ അവരെ നിരസിച്ചാൽ, തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കാനുള്ള ഗൂഢാലോചന നടത്തുകയും ജനപ്രതിനിധികളെ വിലക്കുവാങ്ങുകയും ചെയ്യുന്ന രീതി രാജ്യത്തിത് നാടാടെയല്ല. അതിനായി ഗവർണർ സ്പീക്കർ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളുടെ ഓഫീസുകളേയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) തുടങ്ങിയ അന്വേഷണ ഏജൻസികളേയും ഇന്ന് പരസ്യമായി ദുരുപയോഗം ചെയ്യുകയാണ്. എം‌എൽ‌എമാരെ വിലയ്‌ക്ക് വാങ്ങുന്നത് സര്‍വ്വസാധാരണമായിരിക്കുന്നു.

2016ൽ ഉത്തരാഖണ്ഡിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കുവാനായി കോൺഗ്രസ് എംഎൽഎമാരെ ബി.ജെ.പി വിലക്കു വാങ്ങിയതിനാല്‍ അഞ്ച് വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട സർക്കാർ നാല് വർഷം കൊണ്ട് ന്യൂനപക്ഷമായി ചുരുങ്ങി. അതേ വർഷം തന്നെ അരുണാചലിൽ 44 കോൺഗ്രസ് എംഎൽഎമാരിൽ 43 പേരും ബിജെപി പിന്തുണയുള്ള പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ പ്രദേശിലേക്ക് കൂറുമാറി.

2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മണിപ്പൂരിൽ 60ൽ 28 സീറ്റുകൾ നേടി കോൺഗ്രസ് പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവെങ്കിലും ഭൂരിപക്ഷം തെളിയിക്കാൻ കോൺഗ്രസിന് അവസരം ലഭിച്ചില്ല. പകരം, 21 സീറ്റുകൾ മാത്രമുണ്ടായിരുന്ന ബിജെപിയാണ് മന്ത്രി സഭ ഉണ്ടാക്കിയത്. 2017 ൽ ബിഹാറിൽ സമാനമായ ഒരു കളി കളിച്ച ബിജെപി 20 മാസം നീണ്ടുനിന്ന മഹാസഖ്യ സർക്കാരിനെ അധാർമ്മികമായി താഴെയിറക്കി

2019ൽ കർണാടകയിലും സമാനമായ രീതിയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാരിനെ അട്ടിമറിക്കുവാന്‍ ബിജെപിക്കു കഴിഞ്ഞു. അന്ന് 13 എംഎല്‍എമരാണ് കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യ കക്ഷികലില്‍ നിന്ന് രാജിവച്ച് കാവി ധരിച്ചത്. അതോടെ കുമാകരസ്വാമി സര്‍ക്കാര്‍ നിപതിക്കുകയും ബിജെപി ഭരണത്തിലേറുകയും ചെയ്തു. 2020 മാർച്ചിൽ, കൊറോണ വൈറസ് രാജ്യത്തെ ബാധിച്ചപ്പോൾ, മധ്യപ്രദേശിൽ ബിജെപി ഒരു രാഷ്ട്രീയ ഗൂഢാലോചന നടത്തി. പക്ഷെ അത് പൂര്‍ണമായും വിജയിപ്പിക്കുവാന്‍ ബിജെപിക്ക് കഴിഞ്ഞില്ല

“കൊറോണ വൈറസിന്റെ വെല്ലുവിളിയെ നേരിടാൻ ലോകം തയ്യാറെടുക്കുമ്പോൾ, ബിജെപി സർക്കാർ ജനങ്ങൾ തിരഞ്ഞെടുത്ത ബിജെപി ഇതര സർക്കാരുകളെ താഴെയിറക്കുന്ന തിരക്കിലായിരുന്നു. 2020 ലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ഗുജറാത്ത് കോൺഗ്രസിന്റെ എട്ട് എംഎൽഎമാരെ ബിജെപിയിൽ ചേർത്തു. 2021ൽ പുതുച്ചേരിയിലും സമാനമായ സംഭവമാണ് കണ്ടത്, നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ബിജെപി സംസ്ഥാനത്ത് കോൺഗ്രസ് സർക്കാരിനെ താഴെയിറക്കി.”

ആദ്യം മഹാരാഷ്ട്രയിലും പിന്നീട് രാജസ്ഥാനിലും പണത്തിന്റെ അടിസ്ഥാനത്തിൽ അധാർമ്മികമായ രീതിയിൽ സർക്കാർ രൂപീകരിക്കാനാണ് ബിജെപി ശ്രമിച്ചത്. രാജസ്ഥാനിൽ 19 കോൺഗ്രസ് എംഎൽഎമാരെ തെറ്റിദ്ധരിപ്പിക്കാൻ ബിജെപി ശ്രമിച്ചെങ്കിലും അവരുടെ കുതന്ത്രങ്ങൾ പരാജയപ്പെട്ടു, 2019 നവംബറിൽ മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് 10 എൻസിപി എംഎൽഎമാർക്കൊപ്പം അർധരാത്രി സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും മണിക്കൂറുകള്‍ക്കകം ശരത് പവാറിന്‍റെ പൂഴിക്കടകനില്‍ അടിപതറി അധികാരത്തിൽ നിന്ന് ഒഴിയേണ്ടി വന്നു. തക്കം പാര്‍ത്തിരുന്ന ബിജെപി ഇന്ന് ലക്ഷ്യം കണ്ടെത്തിയിരിക്കുന്നു. അതിന് കൂട്ടുപിടിച്ചത് മുന്പ് സഖ്യത്തിലായിരുന്ന ശിവസേനയിലെ വിമതരെ കൂട്ടുപിടിച്ചാണെന്ന് മാത്രം.

പണത്തിന്റെയും പേശീബലത്തിന്റെയും നഗ്നമായ പ്രകടനത്തിലൂടെ, ജനാധിപത്യ വിരുദ്ധമായും അധാർമ്മികമായും മഹാരാഷ്ട്രയും കൂടി ബിജെപി പിടിച്ചെടുത്തതോടെ മോദി-ഷാ ജോഡിയുടെ കീഴിൽ, നേരിട്ടോ റിമോട്ട് കൺട്രോൾ വഴിയോ എന്ത് വിലകൊടുത്തും അധികാരം പിടിക്കാൻ ബിജെപി ആഗ്രഹിക്കുന്നു എന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു. ഇത് ഇന്ത്യൻ ജനാധിപത്യത്തിന് അപമാനകരമാണ്. ഈ ”ആയാറാം ഗയറാം” രാഷ്ട്രീയക്കളി ജനാധിപത്യത്തെ വളര്‍ത്തുകയല്ല തളര്‍ത്തുക മാത്രമാണ് ചെയ്യുക.

Pravasabhumi Facebook

SuperWebTricks Loading...