ദില്ലി ഉപമുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു
മദ്യനയ കേസിൽ ദില്ലി ഉപമുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. ദില്ലി സിബിഐ ആസ്ഥാനത്തെ എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. സിബിഐ രജിസ്റ്റർ ചെയ്ത മദ്യ നയ കേസിൽ ഒന്നാം പ്രതിയാണ് മനീഷ് സിസോദിയ.
ദില്ലി സംസ്ഥാനത്തെ ചില്ലറ മദ്യവിൽപ്പന മേഖലയിലെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ എടുത്ത് കളഞ്ഞ് സ്വകാര്യ മേഖലയ്ക്ക് കടന്നുവരാന്‍ വഴിയൊരുക്കിയ ദില്ലി എക്സൈസ് നയം 2021-22 വലിയ വിവാദമായിരുന്നു. ഇത് രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതി നടന്നുവെന്നാരോപിച്ചാണ് സിബിഐ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
2021ല്‍ പുതിയ എക്സൈസ് നയം നടപ്പാക്കുന്നതുവരെ സർക്കാറിന്‍റെയും സ്വകാര്യവ്യക്തികളുടെയും ഉടമസ്ഥതയിലുള്ള വിവിധ ഔട്ലെറ്റുകളിലൂടെയായിരുന്നു രാജ്യതലസ്ഥാനത്ത് മദ്യവില്‍പന. പുതുക്കിയ മദ്യനയ പ്രകാരം സർക്കാർ മദ്യവില്‍പനയില്‍നിന്നും പൂർണമായി പിന്‍മാറി. ദില്ലിയെ 32 സോണുകളാക്കി തിരിച്ച് ഓരോ സോണിലും 27 കടകൾ വീതം 864 ഔട്ലെറ്റുകൾക്കാണ് ടെന്‍ഡർ വിളിച്ച് അനുമതി നല്‍കിയത്. മദ്യമാഫിയയെ ഇല്ലാതാക്കാനാണ് നടപടിയെന്നാണ് ആംആദ്മി സർക്കാർ വിശദീകരിച്ചത്.
എന്നാല്‍, പുതിയ സ്വകാര്യ ഔട്ലെറ്റുകളിലൂടെ മത്സരിച്ച് വില്‍പന തുടങ്ങിയതോടെ മദ്യത്തിന്‍റെ ഗുണനിലവാരം സംബന്ധിച്ച് വ്യാപക പരാതികളുയർന്നു. മദ്യനയം നടപ്പാക്കിയ രീതിയില്‍ അഴിമതിയുണ്ടെന്ന സംശയവും ശക്തമായി. പിന്നാലെ വിഷയം പരിശോധിച്ച ചീഫ് സെക്രട്ടറി പുതിയ മദ്യനയം നടപ്പാക്കിയതില്‍ ചട്ടങ്ങൾ ലംഘിക്കപ്പെട്ടതായി കണ്ടെത്തി.
ലൈസൻസ് സ്വന്തമാക്കുന്നവര്‍ക്ക് അനാവശ്യമായ ആനുകൂല്യങ്ങൾ നൽകൽ, ലൈസൻസ് ഫീസിൽ ഇളവ്/കുറവ്, കൈക്കൂലി വാങ്ങി എൽ-1 ലൈസൻസ് നീട്ടി നല്‍കല്‍ തുടങ്ങിയ ആരോപണങ്ങളാണ് ഇതില്‍ ഉയരുന്നത്. ഈ നയം രൂപീകരിച്ച് നടപ്പിലാക്കുന്നതിലൂടെ പൊതുപ്രവര്‍ത്തകര്‍ അടക്കം അനധികൃത ആനുകൂല്യങ്ങള്‍ കൈപറ്റിയെന്നാണ് സിബിഐ ആരോപിക്കുന്നത്.
ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അടുപ്പക്കാരന്‍ കൈകാര്യം ചെയ്യുന്ന കമ്പനിക്ക് മദ്യ വ്യാപാരി ഒരു കോടി രൂപ നൽകിയെന്നാണ് സിബിഐ എഫ്‌ഐആറിൽ പറയുന്നത്. കേന്ദ്ര ഏജൻസി വിശദമാക്കുന്നത് അനുസരിച്ച് സിസോദിയയും മറ്റ് ആരോപണവിധേയരായവരും 2021-22 ലെ എക്‌സൈസ് നയവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ശുപാർശ ചെയ്യുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്തത് നിയമപരമായ നിലനില്‍പ്പ് ഇല്ലാതെയായിരുന്നു.
എന്റർടൈൻമെന്റ് ആൻഡ് ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഒൺലി മച്ച് ലൗഡറിന്റെ മുൻ സിഇഒ വിജയ് നായർ, പെർനോഡ് റിക്കാർഡിലെ മുൻ ജീവനക്കാരൻ മനോജ് റായ്, ബ്രിൻഡ്‌കോ സ്പിരിറ്റ്‌സിന്റെ ഉടമ അമൻദീപ് ധാൽ, ഇൻഡോസ്പിരിറ്റ്‌സ് ഉടമ സമീർ മഹേന്ദ്രു എന്നിവർ നയ രൂപീകരണത്തില്‍ ഇടപെട്ടുവെന്നാണ് സിബിഐ ആരോപണം.
ലൈസന്‍സ് ഫീയില്‍ നല്‍കിയ 144.36 കോടി രൂപയുടെ ഇളവ് അടക്കമുള്ള നടപടികൾ സർക്കാറിന് വലിയ വരുമാന നഷ്ടമുണ്ടാക്കിയെന്നും, ഗവർണറുടെ അനുമതിയില്ലാതെയാണ് നടപടികൾ സ്വീകരിച്ചതെന്നും ചീഫ് സെക്രട്ടറി ഗവർണർക്കും ദില്ലി മുഖ്യമന്ത്രിക്കും നല്‍കിയ റിപ്പോർട്ടില്‍ പറയുന്നു. ഇതോടൊപ്പം പുതുതായി ചുമതലയേറ്റ ദില്ലി ലഫ് ഗവർണർ വൈഭവ് സക്സേനയ്ക്കും ഇത് സംബന്ധിച്ച് ചില പരാതികൾ ലഭിച്ചു. ഗവർണർ പരാതിയില്‍ സിബിഐ അന്വേഷണത്തിന് നിർദേശം നല്‍കി. പിന്നാലെ അപകടം മണത്ത ആം ആദ്മി സർക്കാർ കഴിഞ്ഞ ജൂലൈ 30 ന് മദ്യനയത്തില്‍നിന്നും പിന്‍മാറി. ആഗസ്റ്റ് മുതല്‍ പഴയ മദ്യനയം തന്നെ നടപ്പാക്കുമെന്നും സർക്കാർ ഔട്ലെറ്റുകളിലൂടെ മാത്രം മദ്യവില്‍പന നടത്തുമെന്നും മനീഷ് സിസോദിയ പ്രഖ്യാപിച്ചു. എങ്കിലും സിബിഐ അപ്പോഴേക്കും അന്വേഷണം തുടങ്ങികഴിഞ്ഞിരുന്നു.
ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് അറസ്റ്റിന് പിന്നാലെ എഎപി ട്വീറ്റ് ചെയ്തു. ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിയെയാണ് വ്യാജ കേസിൽ സിബിഐ അറസ്റ് ചെയ്തതെന്നും ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണ് പിന്നിലെന്നും ആംആദ്മി ട്വീറ്ററിലൂടെ പ്രതികരിച്ചു. രാജ്യത്തെ ഏറ്റവും മികച്ച മദ്യ നയമാണ് നടപ്പാക്കിയതെന്നും ഒരഴിമതിയും നടത്തിയിട്ടില്ലെന്നും കേന്ദ്രത്തിന്റെയും ബിജെപിയുടേയും ഗൂഢാലോചനയാണ് കേസെന്നുമാണ് സിസോദിയയും എഎപിയും ആവർത്തിക്കുന്നത്.