സര്‍വ്വേ കല്ലുകള്‍ സ്ഥാപിക്കുന്നത് തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി കെ-റെയില്‍.
ഒരു ഭാഗത്ത് പോലീസ് അകന്പടിയോടെ കല്ലിടല് മഹാമഹവുമായി കെ-കെറെയില്‍, മറുഭാഗത്ത് പിഴുതുമാറ്റി പൊതുജനം. സര്‍വ്വേ എങ്ങനെ പൂര്‍ത്തിയാക്കും എന്നറിയാതെ സംസ്ഥാന സര്‍ക്കാര്‍. എന്തായാലും സര്‍വ്വേ പൂര്‍ത്തീകരിച്ച് സാമൂഹിക പ്രത്യാഘാത പഠനം രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കും എന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാഴ്വാക്കാകുമെന്ന് ഉറപ്പ്. ഈ സാഹചര്യത്തില്‍ സര്‍വ്വേ കല്ലുകള്‍ സ്ഥാപിക്കുന്നത് തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് കെറെയില്‍ അധികൃതര്‍.
കെ റെയില്‍ നടത്തുന്ന സര്‍വ്വേയയുടെ ഭാഗമായി സര്‍വ്വേകല്ലുകള്‍ സ്ഥാപിക്കുന്നത് തടയുന്നവരേയും അവ പിഴുതെറിയുന്നവര്‍ക്കെതിരേയും നിയമനടപടി സ്വീകരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുവാനാണ് കെറെയില്‍ ഒരുങ്ങുന്നത്. ഒരു കല്ല് പിഴുതുമാറ്റിയാല്‍ കെ- റെയിലിന് നഷ്ടം 5000 രൂപ വരെയാണെന്നാണ് കണക്കുകൂട്ടല്‍. കല്ല് വാര്‍ത്തെടുക്കാന്‍ ആയിരം രൂപയോളമാണ് ചിലവ്. ഇതിനൊപ്പം ഗതാഗത ചെലവ്, ജീവനക്കാരുടെ കൂലി, പൊലീസ് സംരക്ഷണത്തിന് ആവശ്യമായ ചിലവ് എന്നിവ കൂടി കണക്കാക്കുമ്പോള്‍ 5000 രൂപ വരെയാകുമെന്നാണ് അധികൃതര്‍ പറയുന്നത്. നശിപ്പിച്ച കല്ലുകള്‍ വീണ്ടും സ്ഥാപിക്കുന്നതിന് ആവശ്യമായ ചിലവും പിഴുതുമാറ്റിയവരില്‍ നിന്ന് ഈടാക്കാനാണ് തീരുമാനം. നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ഇതുവരെ എത്ര കല്ലുകള്‍ പിഴുതുമാറ്റിയെന്ന കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ട്. ഇത് കണക്കാക്കിയ ശേഷം ആണ് തുടര്‍ നടപടികളിലേക്ക് നീങ്ങുക. നശിപ്പിക്കുന്നവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചു, ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളായിരിക്കും ചുമത്തുക. എന്നാല്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം അത്തരം കേസുകള്‍ എടുക്കുക മാത്രമായിരിക്കും ഇനി പോലീസിന്‍റെ ജോലി എന്നാണ് കെ റെയില്‍ വിരുദ്ധ പക്ഷത്തിന്‍റെ നിലപാട്.

