INDIANEWS MAIN

ഹിജാബ് നിരോധനത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ണായക വിധി നാളെ…

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിനെതിരെ ഉഡുപ്പിയിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ കര്‍ണാടക ഹൈകോടതിസമര്‍പ്പിച്ച ഹര്‍ജിയില്‍ നിര്‍ണ്ണായക വിധി നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തലമൂടുന്ന വസ്ത്രമിടുന്നത് തടയാന്‍ നിയമം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിദ്യാര്‍ത്ഥിനികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ചൊവ്വാഴ്ച രാവിലെ 10.30-നാണ് കേസ് കോടതിയുടെ പരിഗണനക്ക് വരുന്നത്. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതുരാജ് അവാസ്തിയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് തുടര്‍ച്ചയായ 11 ദിവസത്തെ വാദം കേള്‍ക്കലിന് ശേഷം ഫെബ്രുവരി 25-ന് കേസ് വിധി പറയാന്‍ മാറ്റിവെക്കുകയായിരുന്നു.

ഭരണഘടന പ്രദാനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിന്റെ കീഴിലാണ് ഹിജാബിന്റെ ഉപയോഗം വരുന്നത്. അതിനാല്‍, പൊതുമര്യാദ ലംഘനത്തിന്റെ പേരില്‍ നിരോധനമേര്‍പ്പെടുത്താന്‍ കോളേജുകള്‍ക്ക് കഴിയില്ലെന്നും വിദ്യാര്‍ത്ഥികള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, രാജ്യത്ത് ഹിജാബിന് വിലക്കില്ലെന്നും സ്ഥാപനങ്ങളുടെ അച്ചടക്കത്തിന്റെ ഭാഗമായി യുക്തമായ നിയന്ത്രണങ്ങളാണുള്ളതെന്നും കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ഇതോടെ അന്തിമ വിധി വരുന്നതുവരെ ഒരു വിദ്യാലയങ്ങളിലും മതചിഹ്നങ്ങളടങ്ങിയ വസ്ത്രങ്ങള്‍ ധരിക്കുവാന്‍ പാടില്ലന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് കേസില്‍ വിശദമായ വിചാരണ ആരംഭിക്കുകയായിരുന്നു. അതില്‍ അന്തമ വിധിയാണ് നാളെ കര്‍ണാടക ഹൈക്കോടതി പുറപ്പെടുവിക്കുവാന്‍ പോകുന്നത്.

ജനുവരിയിലാണ് ഹിജാബ് ധരിക്കലിനേച്ചൊല്ലിയുള്ള വിവാദമുയര്‍ന്നത്. ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ-യൂണിവേഴ്‌സിറ്റി കോളേജ് മാനേജ്‌മെന്റ് ഹിജാബ് ധരിച്ചതിന് ആറ് മുസ്ലിം വിദ്യാര്‍ഥിനികളെ ക്ലാസില്‍ നിന്ന് വിലക്കിയതിനെ തുടര്‍ന്നാണ് ഹിജാബ് പ്രശ്നം ആളിക്കത്തിയത്. സ്കൂള്‍ യൂണിഫോമിന് നിരക്കുന്നതല്ല എന്ന് ചൂണ്ടിക്കാട്ടി അധ്യാപകര്‍ ഹിജാബ് മാറ്റാനും ഉപയോഗം അവസാനിപ്പിക്കാനും വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കുകയായിരുന്നു. ഇതോടെ വിഷയം മതമൗലികവാദികള്‍ ഏറ്റെടുത്തു. ഇതിനെതിരെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ കാവി സ്‌കാര്‍ഫുകള്‍ അണിഞ്ഞെത്തിയത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. തുടര്‍ന്ന്, സംസ്ഥാന സര്‍ക്കാര്‍ ഹിജാബ് ധരിക്കുന്നത് മതപരമായ ആചാരമല്ലെന്ന് പറയുകയും സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിക്കുന്നത് വിലക്കുകയും ചെയ്തു.വിഷയം രാജ്യാന്തര തലത്തില്‍ തന്നെ ചര്‍ച്ചയായി. തുടര്‍ന്ന് ഒരു സംഘം മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ കോടതിയെ സമീപിക്കുകയായിരുന്നു.

കേസ് പരിഗണിച്ച കര്‍ണാടക ഹൈക്കോടതി ജഡ്ജി വിഷയം വിശാലബെഞ്ചിന് വിട്ടു. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെ എം ഖാസി എന്നിവരടങ്ങുന്ന വിശാല ബെഞ്ച് 11 ദിവസമാണ് വാദം കേട്ടത്. സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് ഉള്‍പ്പെടെ മതപരമായ ഒരു വസ്ത്രധാരണ രീതിയും പാടില്ലെന്ന് ഇടക്കാല ഉത്തരവുണ്ടായി. സ്‌കൂളുകളില്‍ പ്രവേശിക്കുന്നതിന് മുന്‍പ് വിദ്യാര്‍ത്ഥികള്‍ ഹിജാബ് അഴിക്കേണ്ടി വന്നതിനേത്തുടര്‍ന്ന് ഉത്തരവ് വിവാദമായി. ചില വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം പ്രകടിപ്പിച്ച് സ്‌കൂളില്‍ കയറാതെ വീട്ടിലേക്ക് തിരിച്ചുപോയി. സമൂഹമാധ്യമങ്ങളിലടക്കം വിരുദ്ധാഭിപ്രായങ്ങള്‍ ഉയര്‍ന്നതോടെ ഹിജാബ് നിരോധനം വലിയ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുന്ന സാഹചര്യത്തിലാണ് നാളത്തെ ഹൈക്കോടതി വിധി.

വിധിപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തലസ്ഥാന നഗരമായ ബെംഗളുരുവില്‍ നിരോധാനജ്ഞയും ഒരാഴ്ച്ചത്തേക്ക് പ്രകടനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ബെംഗളൂരുവിനു പുറമേ സംസ്ഥാനത്ത് പല മേഖലകളിലും നിരോധനാജ്ഞയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചിരിക്കുകയാണ്. കൽബുർഗിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇവിടെ ശനിയാഴ്ച വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയയും പ്രഖ്യാപിച്ചു. ശിവമൊഗ്ഗയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉഡുപ്പിയിലും ദക്ഷിണ കന്നഡയിലും നാളെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ കർണാടകയിൽ ബെൽഗാവി, ഹസ്സൻ, ദേവാൻഗരെ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബംഗ്ലൂരു നഗരത്തി പിന്നാലെ നിരോധാനജ്ഞ പ്രഖ്യാപിക്കുകയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം കൂട്ടംകൂടുന്നതിന് വിലക്ക് ഏ‍ർപ്പെടുത്തിയിട്ടുണ്ട്.

0