വിദ്യാലയങ്ങളില്‍ ഹിജാബ് അടക്കം മതവസ്ത്രങ്ങള്‍ പാടില്ല – കര്‍ണ്ണാടക ഹൈക്കോടതി
സ്‌കൂൾ, കോളേജ് ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കുന്നതിനുള്ള വിലക്ക് കർണാടക ഹൈക്കോടതിയുടെ ഫുൾ ബെഞ്ച് ശരിവച്ചു.വിദ്യാലയങ്ങളില്‍ ഏര്‍പ്പെടുത്തുന്ന യൂണിഫോം മൗലികാവകാശത്തിന് എതിരല്ല. അത് ആർട്ടിക്കിൾ 19(1)(എ) പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള ന്യായമായ നിയന്ത്രണമാണ്. ഹിജാബ് ഇസ്ലാം മതത്തിൽ അവിഭാജ്യഘടകമല്ല.അത്, ഇസ്ലാമിന്റെ മതപരമായ ആചാരങ്ങളുടെ അനിവാര്യമായ ഭാഗമോ, മതാചാരങ്ങളിൽ നിർബന്ധമായ ഒന്നോ ഒന്നും അല്ലെന്നും ഉത്തരവിന്റെ ഭാഗങ്ങൾ വായിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി പറഞ്ഞു.
ഇസ്‌ലാമിക വിശ്വാസത്തിൽ ഹിജാബ് ധരിക്കുന്നത്; ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരം സംരക്ഷിക്കപ്പെടേണ്ട അനിവാര്യമായ മതപരമായ ആചാരത്തിന്റെ ഭാഗമാണോ ?, സ്‌കൂൾ യൂണിഫോം നിര്‍ബ്ബന്ധമാക്കുന്നത് മൗലികാവകാശ (ആർട്ടിക്കിൾ 19 (1) (എ)) ലംഘനമായി കരുതാമോ ?, സ്കൂളകളില്‍ മതവസ്ത്രങ്ങള്‍ നിരോധിച്ചുകൊണ്ട് 2022 ഫെബ്രുവരി 5 ലെ സർക്കാർ ഉത്തരവ് ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15 ലംഘിക്കുന്നുണ്ടോ ?, എന്നീ ഭരണഘടന ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയായിരുന്നു കര്‍ണാട ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെ എം ഖാസി എന്നിവരടങ്ങിയ മൂന്നംഗ ബഞ്ച്. എന്നാല്‍ ഈ സുപ്രധാന ചോദ്യങ്ങള്‍ക്ക് എല്ലാം ‘നോ’ (അല്ല/ഇല്ല) എന്ന നിഗമനത്തിലാണ് ഹൈക്കോടതി എത്തിച്ചേര്‍ന്നത്.
ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ ഒരു സംഘം മുസ്ലീം വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരുന്നത്. വിവിധ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഹിജാബ് മതാചാരത്തിന്റെ ഭാഗമെന്ന് തെളിയിക്കാൻ നിലവിൽ വസ്തുതകളില്ലെന്ന് സർക്കാർ ചൂണ്ടികാട്ടിയിരുന്നു. ഭരണഘടനയുടെ 25-ാം അനുച്ഛേദം ഹിജാബിന്റെ കാര്യത്തിൽ ബാധകമല്ലെന്നാണ് സര്‍ക്കാര്‍ വാദം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതാചാര വസ്ത്രങ്ങള്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍. കർണാടക ഹൈക്കോടതി ഉത്തരവ് കൂടി വന്നതോടെ സർക്കാരിന് ഉറച്ച നിലപാട് തുടരാം.
ഉത്തരവിലൂടെ, സ്‌കൂളുകളിലും കോളേജുകളിലും സമത്വത്തിനും അഖണ്ഡതയ്ക്കും പൊതു ക്രമത്തിനും ഭംഗം വരുത്തുന്ന വസ്ത്രങ്ങൾ ധരിക്കുന്നത് സംസ്ഥാന സർക്കാർ നിരോധിച്ചിരുന്നു. അതിനെതിരെ കോളജിനും പ്രിൻസിപ്പലിനും അധ്യാപകനുമെതിരെ അച്ചടക്ക അന്വേഷണം നടത്തണമെന്ന ഹർജിയും കോടതി തള്ളി. വിദ്യാലയങ്ങളില്‍ മതപരമായ ചിഹ്നങ്ങള്‍ ധരിക്കുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും അതിന്‍റെ പേരില്‍ സര്‍ക്കാരിനെതിരെയോ സ്കൂള്‍ കോളേജ് അധികൃതര്‍ക്കെതിരെയോ ഒരു കേസും ഉണ്ടാക്കുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
ഉഡുപ്പി സര്‍ക്കാര്‍ പിയു കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ ആറ് വിദ്യാര്‍ത്ഥിനികളെ തടഞ്ഞതോടെയാണ് വിവാദങ്ങളുടെ തുടക്കം. കാലങ്ങളായി ഹിജാബും ബുര്‍ഖയും മാറ്റിയ ശേഷമേ വിദ്യാര്‍ത്ഥിനികളെ അനുവദിച്ചിരുന്നുള്ളൂവെന്ന് കോളേജ് അധികൃതര്‍ നിലപാട് സ്വീകരിച്ചതോടെ പ്രതിഷേധം കടുത്തു. വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്തുണയുമായി കൂടുതല്‍ സംഘടനകള്‍ രംഗത്തെത്തി. പിന്നാലെ മംഗ്ലൂരുവിലും മാണ്ഡ്യയിലും സര്‍ക്കാര്‍ കോളേജുകളില്‍ ഹിജാബ് ധരിച്ചെത്തിയവരെ തടഞ്ഞു. കാവി ഷാള്‍ ധരിച്ച് മറ്റൊരു വിഭാഗം വിദ്യാര്‍ത്ഥികളും കോളേജുകളിലേക്ക് എത്തിയതോടെ പ്രതിഷേധം സംഘര്‍ഷങ്ങള്‍ക്ക് വഴിമാറി. പ്രതിഷേധം തെരുവുകളിലേക്ക് വ്യാപിച്ചു. പ്രതിഷേധം കനത്തതോടെ വിദ്യാഭ്യാസ വിദഗ്ധര്‍ ഉള്‍പ്പെട്ട പ്രത്യേക സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കി. എന്നാല്‍ ഹിജാബ് അനുവദിക്കേണ്ടതില്ല എന്നായിരുന്നു സമിതി ശുപാര്‍ശ. പിന്നാലെ ഫെബ്രുവരി 5-ന് മതാചാര വസ്ത്രങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇത് ചോദ്യം ചെയ്ത് ഉഡുപ്പിയിലെ ആറ് വിദ്യാര്‍ത്ഥിനികളാണ് ഹൈക്കോടതിയെ സമീപിച്ചത്. വിവിധ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നു. നാല് മാസത്തിലേറെ നീണ്ട പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമൊടുവിലാണ് ഹിജാബ് കേസില്‍ കര്‍ണാടക ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്.

