അഭ്യൂഹങ്ങള്‍ക്ക് വിട. കോണ്‍ഗ്രസ്സില്‍ തല്‍ക്കാലം മാറ്റമില്ല.

Print Friendly, PDF & Email

അഭ്യൂഹങ്ങള്‍ക്ക് വിട. കോണ്‍ഗ്രസ്സില്‍ തല്‍ക്കാലം മാറ്റമില്ല. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷയായി സോണിയാ ഗാന്ധി തന്നെ തുടരും. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന അടിയന്തര കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. ഗാന്ധി കുടുംബമടക്കം ആരും രാജി സന്നദ്ധത അറിയിച്ചില്ല. പകരം പതിവു പോലെ പ്രവർത്തക സമിതിയിലെ ഭൂരിപക്ഷവും ഗാന്ധി കുടുംബത്തിൽ വിശ്വാസം അറിയിച്ചു. സംഘടന ദൗർബല്യം പരിഹരിക്കാൻ അധ്യക്ഷക്ക് പൂർണ സ്വാതന്ത്ര്യം നൽകി കൊണ്ട് അഞ്ച് മണിക്കൂര്‍ നീണ്ട പ്രവര്‍ത്തക സമിതി യോഗം ചായകുടിച്ച് പിരിഞ്ഞു. പുലിപോലെ വന്ന ഗ്രൂപ്പ് 23 നേതാക്കളാരും കടുത്ത നിലപാടിലേക്ക് കടന്നില്ല. തുറന്ന ചർച്ചയാകാമെന്ന നിലപാട് ഇവരും പൊതുവിൽ അംഗീകരിച്ചു. ഗാന്ധി കുടുംബം പാർട്ടിയെ ദുർബലപ്പെടുത്തുന്നുവെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ എന്ത് ത്യാഗത്തിനും തയ്യാറെന്ന് സോണിയ യോഗത്തിൽ പറഞ്ഞു.

തോൽവി അതീവ ഗൗരവമെന്ന് വിലയിരുത്തിയ പ്രവര‍്ത്തക സമിതി യോഗം തിരഞ്ഞെടുപ്പ് തോല്‍വിയില്‍ കൂട്ടുത്തരവാദിത്വം ഉണ്ടെന്ന വിലയിരുത്തി. സംഘടനാ തിരഞ്ഞെടുപ്പ് മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. തോല്‍വിയുടെ പശ്ചാത്തലത്തില്‍ സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാനും ആവശ്യമായ തിരുത്തലുകള്‍ വരുത്തുവാനും പതിവു പോലെ പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയെ തന്നെ ചുമതലപ്പെടുത്തി.

നിര്‍ണ്ണായ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം നടക്കാനിരിക്കേയാണ് ഗാന്ധി കുടുംബം പാര്‍ട്ടി പദവികള്‍ രാജിവയ്ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായത് രാജ്യമെങ്ങും ചര്‍ച്ചയായിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സോണിയ ഇടക്കാല അധ്യക്ഷ സ്ഥാനം ഉപേക്ഷിക്കുമ്പോള്‍ പ്രിയങ്ക ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വയ്ക്കുകയും. അധ്യക്ഷ സ്ഥാനത്തില്ലെങ്കിലും അദൃശ്യ നിയന്ത്രണം നടത്തുന്ന രാഹുല്‍ഗാന്ധിയും പിന്മാറുകയും ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത് രാജ്യമെങ്ങും ചര്‍ച്ചയായിരുന്നു.