INDIANEWS MAIN

ശബരിമലയുടെ പേരില്‍ സംഘപരിവാര്‍ കാട്ടുന്നത് മുതലെടുപ്പ് – അഖില ഭാരത ശബരിമല അയ്യപ്പ സേവ സമാജം

ശബരിമല വിശ്വാസത്തിന്റേയും ആചാരത്തിന്റേയും പേരില്‍ ബിജെപി ആര്‍എസ്എസ് സംഘപരിവാര്‍ കക്ഷികള്‍ കാട്ടുന്നത് രാഷ്ട്രീയ മുതലെടുപ്പാണെന്നും സന്നിധാനത്ത് ആചാരങ്ങള്‍ ലംഘിക്കപ്പെട്ടു എന്ന പേരില്‍ ഇവര്‍ ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്നും അഖില ഭാരത ശബരിമല അയ്യപ്പ സേവാ സമാജo. അഖില ഭാരത ശബരിമല അയ്യപ്പ സേവാ സമാജo ദേശീയ ജനറല്‍ സെക്രട്ടറി ബി.ജയപ്രകാശ് പുറത്തിറക്കിയ പത്രക്കുറുപ്പിലാണ് ശബരിമലയുടെ കാര്യത്തില്‍ സംഘപരിവാര്‍ സംഘടനകളുടെ ഇരട്ടത്താപ്പിനെ തുറന്നു വിമര്‍ശിച്ച് രംഗത്തുവന്നിരിക്കുന്നത്. ശബരി മലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിനുശേഷം ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നിലപാടികള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും എന്ന് ബി.ജയപ്രകാശ് പറയുന്നു.
സുപ്രീംകോടതി വിധി വന്നതിനു തൊട്ടുപുറകേ വിധിയെ സ്വാഗതം ചെയ്തുകൊണ്ട് ബിജെപി സംഘപരിവാര്‍ ശക്തികള്‍ എടുത്ത നിലപാട് അതിന്റെ വ്യക്തമായ തെളിവാണ്. കോടതി വിധി വന്ന ഉടനെ തന്നെ ആര്‍എസ്എസിന്റെ സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവും അതിനെ സ്വാഗതം ചെയ്യുകയായിരുന്നു. കോടതി വിധിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ആദ്യ പ്രതികരണം വന്നത് ആര്‍എസ്എസ്‌ന്റെ ജനറല്‍ സെക്രട്ടറി പയ്യാലി ജോഷിയുടേതായിരുന്നു. പുരുഷന്മാര്‍ എത്തുന്നിടത്തെല്ലാം സത്രീകള്‍ക്കും എന്നായിരുന്നു ആര്‍എസ്എസ്‌ന്റെ ദേശീയ നേതാവ് മോഹന്‍ ഭഗത്‌ന്റെ പ്രസ്ഥാവന. കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന നേതൃത്വവും കോടതിവിധിയെ സ്വാഗതം ചെയ്യുകയായിരുന്നു. സംഘപരിവാറിന്റെ മുഖപത്രമായ ജന്മഭൂമിയാകട്ടെ പിറ്റെദിവസം പുറത്തിറങ്ങിയത് കോടതി വിധിയെ ഒരു ആഘോഷമാക്കിയിട്ടായിരുന്നു. പിന്നെ എപ്പോഴാണ് സംഘപരിവാര്‍ ശക്തികള്‍ക്ക് ശബരിമല സ്ത്രീ പ്രവേശനം ആചാര ലംഘനം ആണെന്ന ബോധോദയം ഉണ്ടായത്?.
ശബരിമല ആചാരലംഘനത്തിനെതിരായി എന്‍എസ്എസ്‌ന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ തെരുവിലറിങ്ങിയപ്പോഴാണ് ശബരിമല വിഷയത്തിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന വോട്ടുരാഷ്ട്രീയം സംഘപപരിവാറിനു ബോധ്യമായത്. പിന്നീട് ആചാരലംഘനത്തിനെതിരായ സമരത്തിന്റെ നേതൃത്വം സ്വയം ഏറ്റെടുത്തുകൊണ്ട് സംഘപരിവാര്‍ കാട്ടികൂട്ടിയ ഓരോ സമരാഭാസങ്ങളും ആചാരങ്ങളെ സംരക്ഷിക്കുവാന്‍ വേണ്ടിയോ അയ്യപ്പഭക്തിയില്‍ നിന്നുളവായതോ അല്ലെന്ന് പകല്‍ പോലെ വ്യക്തം. ബിജെപിക്ക് ഇത് സുവര്‍ണ്ണാവസരമാണെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ.ശ്രീധരന്‍ പിള്ളയുടെ വാക്കുകള്‍ തന്നെ ബിജെപി സംഘപരിവാര്‍ ശക്തികള്‍ ശബരിമല വിഷയത്തില്‍ കൈകൊണ്ട നിലപാടുകള്‍ എന്ത് അര്‍ത്ഥത്തിലായിരുന്നുവെന്ന് അര്‍ത്ഥശങ്കക്ക് ഇടമില്ലാത്തവണ്ണം വ്യക്തമാണ്.
ബിജെപി സജീവ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു വിധിയിലേക്ക് സുപ്രീം കോടതി എത്തിചേര്‍ന്നതെന്ന കാര്യം പോകട്ടെ, വിധി വന്നതിനുശേഷവും ബിജെപി സംഘപരിവാര്‍ പാര്‍ട്ടികളുടെ നിലപാടുകള്‍ ഒരിക്കലും ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണം എന്ന താല്‍പര്യത്തില്‍ ആയിരുന്നില്ല. അങ്ങനെ ആയിരുന്നുവെങ്കില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനു വേണമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുകയോ അതല്ലങ്കില്‍ ഒരു ഓര്‍ഡിനന്‍സ് ഇറക്കുകയോ ഒരു പ്രസിഡന്‍ഷ്യല്‍ റെഫറന്‍സിനു വേണ്ടി ശ്രമിക്കുകയോ ചെയ്യാമായിരുന്നു. എന്നാല്‍ ഇതിനൊന്നും ശ്രമിക്കാതെ പൂങ്കാവനത്തെ സംഘര്‍ഷ ഭൂമിആക്കി മാറ്റുവാനുള്ള ശ്രമമാണ് അവര്‍ നടത്തിയത്. അതിനു വിശദീകരണമായി, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടനകേന്ദ്രമായ ശബരിമല തീര്‍ത്ഥാടനം കണ്‍കറന്റ് ലിസ്റ്റില്‍ പെട്ട വിഷയമാണെന്നിരിക്കെ ഇത് സ്റ്റേറ്റ് വിഷയമാണെന്ന അഴകൊഴമ്പന്‍ ന്യായീകരണം പറഞ്ഞ്  തടിതപ്പുകയായിരുന്നു. എന്നിട്ട്, വേണ്ടിവന്നാല്‍ 144 പ്രഖ്യാപിക്കുവാനും ആവശ്യയമായി വന്നാല്‍ കേന്ദ്രസേനയെ വിട്ടുനല്‍കാമെന്നുമുള്ള വാഗ്നാനമാണ്  കേന്ദ്രഗവര്‍മ്മെന്റ്  സംസ്ഥാന സര്‍ക്കാരിന് നല്‍കിയത്. എന്നിട്ടിപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെ ആചാരങ്ങള്‍ സംരക്ഷിക്കുവാനായി കോടതികള്‍ വഴിയായും ഭരണഘടനപരാമായും വേണ്ടതെല്ലാം ചെയ്യുമെന്നു കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വന്ന് പ്രഖ്യാപിക്കുകയും അവരുടെ പ്രകടനപത്രികയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തുകയും ചെയ്തത് ഗൂഢലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ഇരട്ടതാപ്പ് അല്ലാതെ മറ്റെന്താണ്?.
ഇതിനനുസൃതമായിട്ടായിരുന്നു കഴിഞ്ഞ മണ്ഡലകാലത്ത് സംഘപരിവാര്‍കാര്‍ എടുത്ത നിലപാടും. ശബരിമല വിഷയം കത്തിക്കാളി നിന്ന സമയത്ത് പ്രശ്‌നപരിഹാരത്തിനു ശ്രമിക്കുന്നതിനു പകരം എരിതീയില്‍ എണ്ണഒഴിക്കുകയായിരുന്നു അവര്‍ ചെയ്തത്. പ്രായപരിധിക്കപ്പുറമുള്ള ഭക്തരുടെ ജനനസര്‍ട്ടിഫിക്കേറ്റ് പോലും പരിശോദിക്കുവാനും ഭക്തരുടെ തലയില്‍ തേങ്ങ എറിഞ്ഞുടക്കുവാനും, 41 ദിവസങ്ങളിലെ തീവ്രവൃതം പാലിച്ച് ദര്‍ശനം നടത്തണ്ട സന്നിധാനത്ത് സ്വന്തം അമ്മ മരിച്ചതിന്‍റെ പുലയായിരിക്കുമ്പോള്‍ പോലും ക്യാമ്പടിക്കുവാനും പരിശുദ്ധമായ പതിനെട്ടാം പടിയില്‍ ഓടിക്കളിക്കുവാനും ഇല്ലാത്ത കാരണങ്ങളാല്‍ കേരളം സംതംഭിപ്പിക്കുവാനും ശ്രമിച്ചത് ഭക്തിയുടേയോ ആചാര സംരക്ഷണത്തിന്റേയോ പേരിലല്ല പ്രത്യുത ബിജെപി സ്റ്റേറ്റ് പ്രസിഡന്റ് പറഞ്ഞതുപോലെ ലഭിച്ച സുവര്‍ണ്ണാവസരം പരമാവധി   ഉപയോഗിക്കുവാനുള്ള ഗൂഢ അജണ്ടയുടെ ഭാഗമായിരുന്നുവെന്ന് മണ്ഡലകാലം മുഴുവനും അഖില ഭാരത ശബരിമല അയ്യപ്പസേവാ സമാജം നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൂങ്കവനത്തിലുണ്ടായിരുന്ന ഈ അയ്യപ്പഭക്തന് കൃത്യമായി ബോധ്യപ്പെട്ട കാര്യമാണ്. കനകദുര്‍ഗ്ഗയും ബിന്ദുവും ക്ഷേത്രദര്‍ശനം നടത്തിയതോടെ ആചാരലംഘനം പൂര്‍ത്തിയായി കഴിഞ്ഞു. പിന്നെ എന്തുസംരക്ഷിക്കുവാനായിരുന്നു മണ്ഡലകാലവും അതിനുശേഷവും സംഘര്‍ഷം നിലനിര്‍ത്തുവാനുള്ള സംഘപരിവാറുകാരുടെ പരിശ്രമം അഭുഗുരം തുടര്‍ന്നുവന്നത്?.
2018 ഓഗസ്റ്റില്‍ സുപ്രീംകോടതി വിധി വരുന്നതിന് ഒരു മാസം മുമ്പ്  പന്തളം പാലസ് കോ ഓര്‍ഡിനേഷന്‍ കമ്മറ്റി ശശികുമാര്‍ വര്‍മ്മയുടെ നേതൃത്വത്തില്‍ കോടതിവിധി എതിരായി വന്നാല്‍ എന്തു ചെയ്യണമെന്ന് ആലോചിക്കുവാനായി ഒരു യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലേക്ക് പ്രമുഖ വിശ്വാസികളേയും സംഘടന നേതാക്കളേയും എല്ലാം വിളിച്ചിരുന്നു. എന്നാല്‍ സംഘപരിവാര്‍ സംഘടനകളില്‍ പെട്ട ആരും തന്നെ ആ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. അവരെല്ലാം മാറിനില്‍ക്കുകയായിരുന്നു. ഇതൊക്കെ കാണിക്കുന്നത് ശബരിമല ആചാരങ്ങള്‍ സംരക്ഷിക്കുന്നതില്‍ ബിജെപിക്കോ സംഘപരിവാര്‍ സംഘടനകള്‍ക്കോ യാതൊരു താല്‍പര്യവും ഇല്ലായിരുന്നുവെന്നാണ്. അവര്‍ക്കിതൊരു വോട്ടുനേടാനുള്ള ഒരു ആയുധം മാത്രം.
ശബരിമല ക്ഷേത ഭരണം കോടതി ഉത്തരവിനാല്‍ രൂപീകൃതമായ ദേവസ്വം ബോര്‍ഡിനാണ്. ദേവസ്വം ബോര്‌ഡിനെ നിയമിക്കുന്നതാകട്ടെ സംസ്ഥാന സര്‍ക്കാരും. അടുത്ത കാലത്തൊന്നും കേരളത്തിന്റെ ഭരണം ബിജെപി പിടിച്ചെടുക്കുമെന്ന് യാതൊരു ഉറപ്പുമില്ലാതിരിക്കെ അയ്യപ്പസ്വാമിയെ രക്ഷിക്കുവാന്‍ ബിജെപിക്ക് വോട്ടു ചെയ്യുക എന്നുള്ള പ്രധാനമന്ത്രിയും അമിത്ഷായും അടക്കമുള്ള സംഘപരിവാറുകാരുടെ ആഹ്വാനം അപഹാസ്യമാണ്.
 രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ടുനേടാനുള്ള മാര്‍ഗ്ഗമായി അയ്യപ്പസ്വാമിയെ ഉപയോഗിക്കുന്നത് അക്ഷന്ത്യമായ തെറ്റാണെന്നാണ് അഖില ഭാരത ശബരിമല അയ്യപ്പ സേവ സമാജത്തിന്റെ നിലപാട്. ‘തത്വമസി'(അത് നീയാകുന്നു) എന്ന് ജാതിമതഭേദമന്യേ സര്‍വ്വ മനുഷരോടും ആഹ്വാനം ചെയ്യുന്ന ശബരിമലയെ ജാതി മത വിഭാഗീയതക്കു കാരണമാക്കുന്ന വോട്ടുരാഷ്ട്രീയത്തിന്റെ കുത്സിത ശ്രമങ്ങളെ അഖില ഭാരത ശബരിമല  അയ്യപ്പസേവ സമാജം അപലപിക്കുന്നതോടൊപ്പം നിയമാനുസൃത മാര്‍ഗ്ഗങ്ങളിലൂടെ ആചാര സംരക്ഷണത്തിനായി നടത്തുന്ന എല്ലാ നീക്കങ്ങളും ശബരീശ്വരന്റെ അനുഗ്രഹത്താല്‍ ഫലപ്രാപ്തി വരട്ടെന്ന് ആശംസിക്കുകയും ചെയ്യുന്നു.

0