നടൻ ദിലീപിന്‍റെ വീടുകളിലും സ്ഥാപനങ്ങളിലും വ്യാപക റെയിഡ്.

നടൻ ദിലീപിന്‍റെ വീടുകളിലും സ്ഥാപനങ്ങളിലും വ്യാപക റെയിഡ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്‍റെ ആലുവ പറവൂർക്കവലയിലെ ദിലീപിന്‍റെ വീടായ പത്മസരോവരം, സഹോദരൻ അനൂപിന്‍റെ വീട്, ദിലീപിന്‍റെയും അനൂപിന്‍റെയും സിനിമാ നിർമാണക്കമ്പനി ഗ്രാൻഡ് പ്രൊഡക്ഷൻസിന്‍റെ കൊച്ചി ചിറ്റൂർ റോഡിലുള്ള ഓഫീസ് എന്നിവിടങ്ങളില്‍ ക്രൈംബ്രാഞ്ച് ഒരേസമയം പരിശോധന നടത്തി. ഏഴ് മണിക്കൂർ നീണ്ട പരിശോധനയിൽ ഹാർഡ് ഡിസ്കകളും മൊബൈൽ ഫോണുകളും കസ്റ്റഡിയിൽ എടുത്തു. ദിലീപിന്റെ പേഴ്സണൽ മൊബൈൽ ഫോണടക്കം മൂന്നു മൊബൈൽ ഫോണുകൾ, കംപ്യുട്ടർ ഹാ‍ർഡ് ഡിസ്ക്, രണ്ട് ഐപ്പാഡ്, പെൻഡ്രൈവ് എന്നിവയാണ് പിടിച്ചെടുത്തത്. ക്രൈംബ്രാഞ്ച് എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്.

അന്വേഷണസംഘത്തെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സുരാജ് എന്നിവര്‍ ഹൈക്കോടതിയില്‍ നല്‍കിയ മുൻകൂർ ജാമ്യഹർജി നാളെ പരിഗണിക്കാനിരിക്കുകയാണ് ക്രൈംബ്രാഞ്ച് വ്യാപക പരിശോദന നടത്തിയത്. ഒരു കാരണവശാലും ദിലീപിന് മുൻകൂർ ജാമ്യം അനുവദിക്കപ്പെടാതിരിക്കാന്‍ തെളിവുകള്‍ ശേഖരിക്കുവാനായാണ് പെട്ടന്നുള്ള പരിശോദനക്ക് അന്വേഷക സംഘം തയ്യാറായത്. ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലിൽ ദിലീപിന്‍റെ കയ്യിൽ തോക്ക് ഉണ്ടായിരുന്നുവെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തോക്ക് കണ്ടെത്താനുള്ള ശ്രമവും നടന്നു. എന്നാൽ തോക്ക് കണ്ടെടുക്കാൻ സാധിച്ചിട്ടില്ലെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. ഇതോടൊപ്പം നടിയെ ആക്രമിച്ച് പൾസർ സുനി പകർത്തിയ ദൃശ്യങ്ങൾ ആലുവയിലെ വീട്ടിലിരുന്ന് ദിലീപ് കണ്ടുവെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിൽ ഈ ദൃശ്യങ്ങൾക്ക് വേണ്ടി സൈബർ വിദഗ്ധരും തെരച്ചിൽ നടത്തി.

രാവിലെ 11.30-യോടെയാണ് ദിലീപിന്‍റെ വീട്ടിലേക്ക് അന്വേഷണഉദ്യോഗസ്ഥരെത്തിയത്. കുറേ നേരം കാത്ത് നിന്നിട്ടും ‘പത്മസരോവര’ത്തിന്‍റെ ഗേറ്റ് തുറന്നുകൊടുക്കാൻ വീട്ടിനകത്തുള്ള ആളുകൾ തയ്യാറായില്ല. പരിശോധനയ്ക്ക് എത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞിട്ടും ഗേറ്റ് തുറന്നില്ല. പിന്നീട് ഉദ്യോഗസ്ഥർ ഗേറ്റ് ചാടിക്കടന്ന് അകത്ത് കയറുകയായിരുന്നു. പിന്നീട് ദിലീപിന്‍റെ സഹോദരി വന്ന് ദിലീപിന്‍റെ വീട് തുറന്നുകൊടുത്തു. അന്വേഷണ ഉദ്യോഗസ്ഥരെത്തിയപ്പോൾ വീട്ടിൽ ദിലീപ് ഉണ്ടായിരുന്നില്ല. റെയ്ഡ് തുടങ്ങി അരമണിക്കൂറിനകമാണ് വെള്ള ഇന്നോവ കാറിൽ ദിലീപ് എത്തിയത്. റെയ്ഡ് തുടങ്ങിയ ഉടൻ സഹോദരൻ അനൂപും സ്ഥലത്ത് എത്തി. ഗ്രാൻഡ് പ്രൊഡക്ഷൻസിന്‍റെ ഓഫീസും അടഞ്ഞു കുടക്കുകയായിരുന്നു. പിന്നീട് ജീവനക്കാരെ വിളിച്ചു വരുത്തിഓഫീസ് തുറന്ന് പരിശോദിക്കുകയായിരുന്നു. മുന്‍കൂര്‍ ജാമ്യം പപരിഗണിക്കുന്ന വേളയില്‍ പരിശോധനയുടെ വിശദാംശങ്ങൾ ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിക്കും.

കോടതിയുടെ അനുമതിയോടെയാണ് ദിലീപിന്റെ (Dileep) വീട്ടിൽ റെയ്ഡ് നടത്തിയതെന്ന് എഡിജിപി ശ്രീജിത്ത് പറഞ്ഞു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിലും അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസിലുമാണ് റെയ്ഡെന്നാണ് എഡിജിപിയുടെ വിശദീകരണം. ദിലീപിന്‍റെ അറസ്റ്റിലേക്ക് പോകുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് അദ്ദഹം മാധ്യമങ്ങളോട് പറഞ്ഞു.