പ്രതിഷേധത്തിനിടിയിൽ മതപരിവർത്തന നിരോധന ബില്ല് കർണാടക നിയമസഭ പാസാക്കി.
പ്രതിപക്ഷ പ്രതിഷേധത്തിനിടിയിൽ മതംമാറ്റത്തിന് സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയും നിര്‍ദേശിക്കുന്ന “മതസ്വാതന്ത്ര്യാവകാശ സംരക്ഷണ നിയമം” (Protection of Right to Freedom of Religion Bill)കർണാടക നിയമസഭ പാസാക്കി. ബില്ല് പാസാക്കൽ നടപടികളിലേക്ക് കടന്നതോടെ കോൺഗ്രസ് സഭ ബഹിഷ്കരിച്ച് പ്രതിഷേധിച്ചു. ചൊവ്വാഴ്ചയാണ് ബില്ല് സഭയിൽ അവതരിപ്പിച്ചത്. രണ്ട് ദിവസം നടന്ന ചർച്ചകൾക്കൊടുവിലാണ് ബിൽ സഭ പാസാക്കിയത്. ബില്ല് അവതരിപ്പിച്ചപ്പോൾ തന്നെ പ്രതിപക്ഷം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് , ജെഡിഎസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബില്ലിനെതിരെ പ്രതിഷേധിച്ചു. ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വച്ചുള്ളതാണ് ഈ ബിൽ എന്നും പല്ലും നഖവും ഉപയോഗിച്ച് ബില്ലിനെ കോൺഗ്രസ് എതിർക്കുമെന്നും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു.
“മതസ്വാതന്ത്ര്യാവകാശ സംരക്ഷണ നിയമം” പ്രകാരം പട്ടികജാതി, പട്ടികവർഗ്ഗങ്ങളിൽ പെട്ടവരെയും പ്രായപൂർത്തി ആകാത്തവരെയും സ്ത്രീകളെയും ‘ബലപ്രയോഗത്തിലൂടെ’ മതം മാറ്റുന്നവർക്ക് 10 വർഷംവരെ തടവുശിക്ഷ നിഷ്കർഷിക്കുന്നു. മറ്റു വിഭാഗങ്ങളിൽപെട്ടവരെ മതം മാറ്റുന്നതിനുള്ള ശിക്ഷ അഞ്ചുവർഷം വരെ തടവാണ്. തെറ്റിദ്ധരിപ്പിച്ചോ, ശക്തിപ്രയോഗിച്ചോ, ചതിപ്രയോഗം വഴിയോ, വിവാഹ സാധ്യത കാട്ടി വശീകരിച്ചോ, സമ്മർദ്ദം ചെലുത്തിയോ, അവിഹിത സ്വാധീനത്തിലൂടെയോ നടത്തുന്ന മതംമാറ്റത്തെ ഈ നിയമം വിലക്കുന്നു. ‘ബലപ്രയോഗം’ വഴിയുള്ള മതപരിവർത്തനത്തിന്റെ ‘ഇരകൾക്ക്’ 5 ലക്ഷം രൂപ നഷ്ടപരിഹാരത്തിനും അവകാശമുണ്ടാകും. മതംമാറ്റത്തെ സംബന്ധിച്ച പരാതി സമർപ്പിക്കാൻ, മാറുന്നയാളിന്റെ കുടുംബാംഗങ്ങൾക്കോ, ഇതരബന്ധുക്കൾക്കോ ആളുമായി ഏതെങ്കിലും വിധത്തിൽ അടുപ്പമുള്ളവർക്കോ അവകാശമുണ്ടാകും.
മതം മാറാൻ ആഗ്രഹിക്കുന്നവർ 30 ദിവസമെങ്കിലും മുൻപ് ജില്ലാ മജിസ്ട്രേറ്റിന് അപേക്ഷകൊടുക്കണം. മതം മാറാൻ സഹായിക്കുന്നയാളും അങ്ങനെതന്നെ അപേക്ഷകൊടുക്കണം. തുടർന്ന് ജില്ലാ മജിസ്ട്രേറ്റ് പോലീസു വഴി അന്വേഷണം നടത്തി, മതം മാറ്റത്തിന്റെ ‘യഥാർത്ഥലക്ഷ്യം’ (real intent) കണ്ടെത്തണം. പോലീസിനെ അറിയിക്കാതിരിക്കുന്നതിനു മാത്രം, മതം മാറുന്നയാൾക്ക് 3 വർഷം വരെയും മാറ്റുന്നയാൾക്ക് 5 വർഷം വരെയും തടവുശിക്ഷ ലഭിക്കാം. മതം മാറിക്കഴിഞ്ഞും 30 ദിവസത്തിനുള്ളിൽ ജില്ലാ മജിസ്ട്രേറ്റിനെ വിവരം അറിയിക്കുകയും സ്വയം ഹാജരായി ഐഡന്റിറ്റി തെളിയിക്കുകയും വേണം. അങ്ങനെ ചെയ്യാതിരുന്നാൽ, മതംമാറ്റം ‘അസാധുവായി’ (null and void) പ്രഖ്യാപിക്കപ്പെടും.
മതംമാറ്റത്തിനുശേഷം ജില്ലാ മജിസ്ട്രേട്ട്, മതം മാറിയ ആളിനു ലഭിച്ചിരുന്ന ക്ഷേമ/സംവരണ ആനുകൂല്യങ്ങളുടെയും മറ്റും കാര്യത്തിൽ നടപടിയെടുക്കാനായി ബന്ധപ്പെട്ട വകുപ്പുകളെയും അധികാരികളെയും വിവരം അറിയിക്കണം.

