ആരവമില്ലാതെ ആഘോഷമില്ലാതെ കുതിരാന്‍ തുരങ്കം തുറന്നു.

Print Friendly, PDF & Email

ഒരു വ്യാഴവട്ടക്കാല കാത്തിരിപ്പിന് വിട. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നാലെ കുതിരാന്‍ തുരങ്കങ്ങളില്‍ ഒന്ന് തുറന്നു. പാലക്കാട് നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്കുള്ള തുരങ്കമാണ് തുറന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനത്തിന് പിന്നാലെ ശനിയാഴ്ച രാത്രി ഏഴരയോടെ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ ആണ് തുരങ്കം ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ഇതോടെ പാലക്കാട് തൃശൂര്‍ റൂട്ടിലെ ഗതാഗതകുരുക്കിന് പരിഹാരമായി. കേന്ദ്ര ഉപരിതല മന്ത്രാലയമാണ് തുരങ്കം തുറക്കാന്‍ അനുമതി നല്‍കിയത്. രണ്ടാം തുരങ്കത്തിന്‍റെ പണി പൂര്‍ത്തിയായ ശേഷം ഔദ്യോഗിക ഉദ്ഘാടനം പിന്നീട് നടത്തും.

കേരളത്തിലെ ആദ്യത്തെ റോഡ് തുരങ്കമായ കുതിരാന്‍ മലയിലെ തുരങ്കത്തില്‍ ഒരു ടണല്‍ മാത്രമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ട്വിറ്ററിലൂടെയാണ് ഗതാഗതം ആരംഭിക്കുന്ന കാര്യം അറിയിച്ചത്. ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുക്കാനായിരുന്നു കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശം. തുടര്‍ന്ന് ആരവങ്ങളും ആഘോഷങ്ങളുമില്ലാതെ കളക്ടറുടെയും എസ്പിയുടെയും വാഹനങ്ങള്‍ തുരരങ്കത്തിലൂടെ ആദ്യമായി കടന്നുപോയി. തുടര്‍ന്ന് മറ്റു വാഹനങ്ങളും. രണ്ട് ടണലും തുറന്നാലേ പാതയിലെ ഗതാഗത കുരുക്കിന് പൂര്‍ണ പരിഹാരമാകുകയുള്ളൂ.

കുതിരാന്‍ മലക്ക് കുറുകെ പണുത കുതിരാന്‍ തുരങ്കത്തിന് 970 മീറ്ററാണ് നീളം. ദക്ഷിണേന്ത്യയിലെ ഏറ്റവും വീതിയേറിയ തുരങ്കത്തിന് 14 മീറ്ററാണ് വീതി. 10 മീറ്ററാണ് തുരങ്കത്തിന്റെ ഉയരം. രണ്ട് തുരങ്കങ്ങള്‍ തമ്മിലുള്ള അകലം 24 മീറ്ററും. രണ്ടാം തുരങ്കംകൂടി പൂര്‍ത്തിയാകുന്നതോടെ ഗാതാഗത സൗകര്യം ആറുവരിപ്പാതയായി മാറും. തുരങ്കം യാഥാര്‍ഥ്യമായതോടെ ഏകദേശം 1.7 കിലോമീറ്ററോളം ദൂരം ലാഭിക്കാന്‍ സാധിക്കും. 200 കോടിയാണ് ചെലവ് പ്രതീക്ഷിച്ചതെങ്കിലും 350 കോടിയോളം രൂപയാണ് തുരങ്കനിര്‍മ്മാണത്തിനായി ഇതുവരെ ചെലവായി.

കേരളീയ മാതൃകയിലാണ് തുരങ്കത്തിന്റെ കവാടം. തുരങ്കത്തിനകത്തെ പൊടിപടലങ്ങള്‍ ഒഴിവാക്കാന്‍ പത്തോളം ബ്ലോവറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവ അകത്തുള്ള പൊടിപടലങ്ങള്‍ തുരങ്കത്തിന് പുറത്തേക്ക് തള്ളിവിടും. വെളിച്ചക്കുറവ് പരിഹരിക്കാന്‍ 1200 ഓളം എല്‍ഇഡി ലൈറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. തുരങ്കത്തിനുള്ളിലേക്ക് പ്രവേശിച്ചാല്‍ മൊബൈലിന് റെയ്ഞ്ച് ലഭിക്കില്ലെന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ആറോളം ഇടങ്ങളില്‍ എമന്‍ജന്‍സി ലാന്‍ഡ് ഫോണ്‍ സംവിധാനവും ഏര്‍പ്പെടുത്തിയിരിക്കുന്നു. വിവിധ സുരക്ഷാ ആവശ്യങ്ങള്‍ക്കായി ധാരാളം സെന്‍സറുകളും സജ്ജീകരിച്ചിട്ടുണ്ട്. വായുവിന്റെ മര്‍ദ്ദ വ്യത്യാസം, ഓക്‌സിജന്‍ ലെവല്‍ എന്നിവയെല്ലാം അളക്കാന്‍ പ്രത്യേക ഉപകരണങ്ങളും തുരങ്കത്തിനകത്തുണ്ട്. പുറത്തുള്ള കണ്‍ട്രോള്‍ റൂമിനകത്താണ് ഇവയുടെ എല്ലാം കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിട്ടുള്ളത്.

നിര്‍മ്മാണകാലത്തിനിടെ തുരങ്കത്തില്‍ രൂപപ്പെട്ട വെള്ളക്കെട്ട്

ഇടയ്ക്കിടെ മണ്ണിടിച്ചിലുണ്ടാകുന്ന പ്രദേശമാണിത്. അതിനാല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ തുരങ്കത്തിന്റെ മുകള്‍ ഭാഗത്തായി മലയില്‍ ഉരുക്കുവല പതിച്ച് കോണ്‍ക്രീറ്റ് ചെയ്യുന്ന പണി പുരോഗമിച്ചു വരുകയാണ്. കൂടാതെ തുരങ്കത്തിനകത്ത് മണ്ണിടിച്ചിലുണ്ടാകുമെന്ന് ആശങ്കപ്പെടുന്ന സ്ഥലങ്ങളിലും അര്‍ധവൃത്താകൃതിയില്‍ ഉരുക്കുപാളികള്‍വെച്ച് കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. അഗ്നി ബാധ തടയാന്‍ എട്ടോളം വാല്‍വുകളുള്ള ഫയര്‍ ലൈനും തുരങ്കത്തിനോട് ചേര്‍ന്ന് രണ്ട് ലക്ഷം ലിറ്റര്‍ വെള്ളം സൂക്ഷിക്കാന്‍ കഴിയുന്ന പ്രത്യേക വാട്ടര്‍ടാങ്കും സജ്ജമാക്കിയിട്ടുണ്ട്. അഗ്നി ബാധയുണ്ടാല്‍ ഈ വാല്‍വുകള്‍ തുറന്ന് ഇതില്‍ നിന്ന് ഹൈപ്രഷറോടുകൂടി ഫയര്‍ ലൈനുകള്‍ വഴി വെള്ളം പമ്പു ചെയ്ത് തീ അണയ്ക്കുവാന്‍ കഴിയും. അപകടമുണ്ടായാല്‍ ഒറ്റപ്പെട്ടുപോകുന്ന സാഹചര്യം ഒഴിവാക്കാന്‍ തുരങ്കത്തിനകത്ത് മറ്റൊരു ചെറു ഇടനാഴിയുമുണ്ട്. ആദ്യ തുരങ്കത്തെ രണ്ടാം തുരങ്കവുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയാണിത്. തുരങ്കത്തിനകത്ത് 540 മീറ്റര്‍ ദൂരം പിന്നിട്ടാല്‍ ഈ ഇടനാഴിയെത്തും. ഒന്നാമത്തെ തുരങ്കത്തില്‍ ഏതെങ്കിലും അപകടങ്ങളോടോ ഗതാഗതക്കുരുക്കോ ഉണ്ടായാല്‍ ഇതുവഴി രണ്ടാം തുരങ്കത്തിലേക്ക് പ്രവേശിക്കുവാന്‍ കഴിയും.

കുതിരാന്‍ തുരങ്കത്തിന്റെ കഥ തുടങ്ങുന്നത് 2004-05 കാലത്താണ്. ഡല്‍ഹിയില്‍ ദേശീയപാത അതോറിറ്റിയുടെ ചീഫ് ജനറല്‍ മാനേജരായിരുന്ന കന്തസ്വാമിയും പാലക്കാട് പാലക്കാട് പ്രോജക്ട് ഡയറക്ടറായിരുന്ന എം. കൃഷ്ണനുമാണ് കുതിരാനില്‍ ഇരട്ടക്കുഴല്‍ തുരങ്കം എന്ന ആശയം രൂപപ്പെടുത്തിയത്. 2006ല്‍ വിശദ പദ്ധതിരേഖ തയ്യാറാക്കി. 2007ലും 2008ലും ടെന്‍ഡര്‍ ചെയ്തിരുന്നെങ്കിലും ആരും ടെണ്ടര്‍ എടുക്കുവാന്‍ തയ്യാറായി വന്നില്ല. തുടര്‍ന്ന് 2010ലാണ് കരാര്‍ ഉറപ്പിച്ചത്. 2013ല്‍ അന്തിമാനുമതി ലഭിച്ചു. ആറുവരിപ്പാതയുടെ കരാറുകാരായ ഹൈദരാബാദിലെ കെ.എം.സി. കമ്പനി തുരങ്കം പണി പ്രഗതി ഗ്രൂപ്പിന് ഉപകരാര്‍ നല്‍കുകയായിരുന്നു.

അപ്പോഴേക്കും പ്രാദേശിക എതിര്‍പ്പുകള്‍ ഉയര്‍ന്നു. തുടര്‍ന്ന് നടന്ന നിരവധി ചര്‍ച്ചകളെ തുടര്‍ന്ന് 2016 മെയ് 13ന് ഡ്രില്ലിങ് ജമ്പോസ് എന്ന ഉപകരണങ്ങളുമായി രണ്ടറ്റത്തു നിന്നും പാറ തുരക്കല്‍ തുടങ്ങി. പാലക്കാട് നിന്നു വരുമ്പോള്‍ ഇടതുവശത്തുള്ള ഒന്നാം തുരങ്കം 2017 ഫെബ്രുവരി 22നും രണ്ടാം തുരങ്കം ഏപ്രില്‍ 21നും കൂട്ടിമുട്ടി. തുടര്‍ന്നുണ്ടായ പല പല പ്രതിസന്ധികളേയും അതിജീവിച്ച് കേരളത്തിലെ ആദ്യത്തെ തുരങ്കപാത ആരവങ്ങളും ആഘോഷങ്ങളുമില്ലാതെ ഭാഗീകമായെങ്കിലും ഗതാഗതത്തിന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരിക്കുകയാണ്.

  •  
  •  
  •  
  •  
  •  
  •  
  •