3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതി ഉപേക്ഷിക്കുന്നതായി സാബു ജേക്കബ്

Print Friendly, PDF & Email

കിറ്റക്‌സ് സ്ഥാപനങ്ങളിലേക്കുള്ള തുടര്‍ച്ചയായ പരിശോധനാ നടപടികള്‍ക്ക് മറുപടിയായി സര്‍ക്കാരുമായി ഒപ്പുവെച്ച 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതി ഉപേക്ഷിക്കുന്നതായി സാബു ജേക്കബിന്റെ പ്രഖ്യാപനം. ഒരു മാസത്തിനുള്ളില്‍ 11 തവണയാണ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കിറ്റെക്‌സിന്റെ യൂണിറ്റുകളില്‍ പരിശോധന നടത്തിയതെന്നും ഇന്ന് വീണ്ടും ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തിയ സാഹചര്യത്തില്‍ സര്‍ക്കാരുമായി ഒപ്പുവെച്ച പദ്ധതിയില്‍ നിന്നും കിറ്റെക്‌സ് പിന്മാറുകയാണെന്നും സാബു ജേക്കബ് പത്രക്കുറിപ്പ് വഴി അറിയിച്ചു.

കൊച്ചിയില്‍ ഒരു അപ്പാരല്‍ പാര്‍ക്കും കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ വ്യവസായ പാര്‍ക്കുകളും നിര്‍മ്മിക്കാനുമുള്ള ധാരണാ പത്രത്തില്‍ പത്രത്തില്‍ നിന്നാണ് സാബു ജേക്കബ് പിന്മാറുന്നത്. 2020- ജനുലവരിയില്‍ അസെന്റ് ആഗോള നിക്ഷേപക സംഗമത്തിലായിരുന്നു കിറ്റെക്‌സുമായി ചേര്‍ന്ന് ഈ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ധാരണാപത്രം തയ്യാറാക്കിയത്. ഇതനുസരിച്ച് അപ്പാരല്‍ പാര്‍ക്കിനുള്ള സ്ഥലം എടുത്ത് വിശദമായ പ്ലാനും പ്രൊജക്റ്റ് റിപ്പോര്‍ട്ടും മറ്റും തയ്യാറാക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പദ്ധതിയുമായി മുന്നോട്ടില്ലെന്ന പ്രഖ്യാപനം.

വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം: കൊച്ചിയില്‍ 2020 ജനുവരിയില്‍ നടന്ന അസെന്റ് ആഗോള നിക്ഷേപക സംഗമത്തില്‍ സര്‍ക്കാരുമായി ഒപ്പുവെച്ച 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയില്‍ നിന്നും കിറ്റെക്‌സ് പിന്മാറുകയാണ് . ഒരു അപ്പാരല്‍ പാര്‍ക്കും കൊച്ചി , തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ 600 ഓളം പുതുസംരംഭകര്‍ക്ക് അവസരമൊരുക്കുന്ന വ്യവസായ പാര്‍ക്കും നിര്‍മ്മിക്കാനുമുള്ള ധാരണാ പത്രത്തില്‍ നിന്നാണ് പിന്മാറുന്നത്. 20000പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന അപ്പാരല്‍ പാര്‍ക്കും തിരുവനന്തപുരത്തും എറണാകുളത്തും പാലക്കാടും ആയി 5000 പേര്‍ക്ക് വീതം തൊഴില്‍ ലഭിക്കുന്ന 3 ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കും അടക്കം 35000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന പദ്ധതിയുടെ ധാരണാ പത്രമാണ് അന്ന് ഒപ്പിട്ടത്. ഇതനുസരിച്ചുള്ള തുടര്‍ നടപടികള്‍ക്കും തുടക്കമിട്ടിരുന്നു. അപ്പാരല്‍ പാര്‍ക്കിനുള്ള സ്ഥലം എടുത്ത് വിശദമായ പ്ലാനും പ്രൊജക്റ്റ് റിപ്പോര്‍ട്ടും മറ്റ് തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയിരുന്നു. കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും വലിയ മുതല്‍ മുടക്കുള്ള നിക്ഷേപ പദ്ധതികളുമായി മുന്നോട്ടു പോകാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതുമാണ്. 2025 ഓടെ പദ്ധതി പൂര്‍ത്തികരിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇപ്പോഴുള്ള അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ മുതല്‍മുടക്കാനുള്ള ധാരണാ പത്രത്തില്‍ നിന്നും പിന്നോട്ട് പോകുവാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

നിലവിലുള്ള വ്യവസായ സ്ഥാപനങ്ങള്‍ തന്നെ നടത്തിക്കൊണ്ടു പോകാന്‍ പറ്റാത്ത സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 11 തവണയാണ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കിറ്റെക്‌സിന്റെ യൂണിറ്റുകളില്‍ പരിശോധനയുടെ പേരില്‍ കയറിയിറങ്ങിയത്. പത്തും പതിനഞ്ചും വണ്ടിയില്‍ വന്നിറങ്ങി നാല്‍പ്പതും അമ്പതും പേര്‍ വരുന്ന ഉദ്യോഗസ്ഥസംഘം ഫാക്ടറിയുടെ ഓരോ ഫ്‌ളോറിലേക്കും ഇരച്ച് കയറുകയായിരുന്നു. ജോലി തടസ്സപ്പെടുത്തി സ്ത്രീകള്‍ അടക്കമുള്ള തൊഴിലാളികളെ വിളിച്ചു ചോദ്യം ചെയ്ത് അവരുടെ അഡ്രസും ഫോണ്‍നമ്പറും എഴുതി എടുക്കുന്നു.ഓരോ തവണയും മൂന്നും നാലും മണിക്കൂര്‍ കമ്പനിക്കകത്ത് അഴിഞ്ഞാടി പരിശോധനകള്‍ നടത്തി മുന്നൂറും നാനൂറും പേരെ ചോദ്യം ചെയ്ത് പോയതല്ലാതെ, ഇതുവരെയും എന്തിനാണ് പരിശോധിച്ചതെന്നോ എന്താണ് കണ്ടെത്തിയതെന്നോ, എന്താണ് ഞങ്ങള്‍ ചെയ്ത കുറ്റമെന്നോ അവര്‍ പറഞ്ഞിട്ടില്ല.

കൊള്ളക്കാരെയും കൊടും കുറ്റവാളികളെയും തീവ്രവാദികളെയും പിടിക്കാന്‍ വരുന്ന രീതിയിലാണ് കഴിഞ്ഞ 26 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ പരിശോധനകളെല്ലാം നടന്നത്. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സമയത്ത് യാതൊരു കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ ഇത്തരത്തില്‍ നിയമാനുസൃതമല്ലാത്ത പരിശോധനകള്‍ കേരളത്തില്‍ മാത്രമേ ഉണ്ടാകൂ. 10000 ത്തിലധികം ആളുകള്‍ ജോലി ചെയ്യുന്ന ഒരു ഫാക്ടറിയില്‍ പല പരിശോധനകള്‍ക്കും ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ക്യാമറ സംഘവും ആയിട്ടാണ് ഇവര്‍ എത്തിയത്.

53 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ ഒരു പുതിയ വ്യവസായ സംസ്‌കാരത്തിന് തുടക്കം കുറിച്ച സ്ഥാപനമാണ് അന്ന കിറ്റെക്‌സ് ഗ്രൂപ്പ്. 1968 ല്‍ പത്ത് തൊഴിലാളികളുമായി തുടക്കം കുറിച്ച കിറ്റെക്‌സ് ഇന്ന് കേരളത്തില്‍ സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനമാണ്. 15000 പേര്‍ക്കാണ് ഞങ്ങള്‍ നേരിട്ട് തൊഴില്‍ നല്‍കുന്നത്. നിരവധി വിദേശആഭ്യന്തര ബ്രാന്റുകളാണ് ഈ ഗ്രൂപ്പുകളുടേതായി ഇന്ന് വിപണിയിലുള്ളത്. അന്ന അലുമിനിയം, സാറാസ്, ലുങ്കി, ബെഡ്ഷീറ്റ്, സ്‌കൂബി അടക്കമുള്ള കിറ്റെക്‌സിന്റെ നിരവധി ജനപ്രിയ ഉല്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ വലിയ വിപണിയുമുണ്ട്. അമേരിക്കയിലെ വാള്‍മാര്‍ട്ട്, ടാര്‍ഗെറ്റ് അടക്കം ലോകത്തിലെ വിവിധ രാജ്യങ്ങളിലെ നിരവധി ഡിപ്പാര്‍ട്‌മെന്റ് സ്റ്റോറുകളിലേക്കാണ് കിറ്റെക്‌സ് ഉല്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. നവജാതശിശു മുതല്‍ 24 മാസം വരെ പ്രായമുള്ള കുട്ടികളുടെ ഉല്പന്നങ്ങളിലാണ് കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് കേന്ദ്രീകരിച്ചിരിക്കുന്നത്. കുട്ടികളുടെ വസ്ത്ര ഉല്പന്നങ്ങളില്‍ ലോകത്ത് തന്നെ രണ്ടാം സ്ഥാനത്തുള്ള കമ്പനിയാണ് കിറ്റെക്‌സ്. നിലവിലുള്ള യൂണിറ്റുകള്‍ തന്നെ നടത്തിക്കൊണ്ടു പോവാന്‍ കഴിയാത്ത സാഹചര്യമായതോടെയാണ് ഇനിയും കേരളത്തില്‍ നിക്ഷേപങ്ങള്‍ നടത്തണ്ട എന്ന തീരുമാനത്തിലേക്ക് കിറ്റെക്‌സ് എത്തിയത് .

ഇന്ത്യയില്‍ നിക്ഷേപ സൗഹൃദ റാങ്കിംഗില്‍ 29 സംസ്ഥാനങ്ങളുള്ളതില്‍ വെച്ച് 28ആം സ്ഥാനമാണ് കേരളത്തിനുള്ളത്. കേരളത്തിന് പിന്നിലുള്ള ഒരേയൊരു സംസ്ഥാനം ത്രിപുര മാത്രമാണ് . ഇതില്‍ നിന്നും വ്യക്തമാണ് കേരളത്തിലെ വ്യവസായിക സൗഹൃദം എത്രത്തോളമുണ്ടെന്ന്..വ്യവസായ സൗഹൃദത്തില്‍ വളരെയധികം പിന്നിലായിരുന്ന ഉത്തര്‍പ്രദേശ് ,ആസാം ,ഒറീസ, ജാര്‍ഖണ്ഡ് എന്നിവയെല്ലാം സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മുന്നിലേക്ക് പോയപ്പോള്‍ കേരളം 18 ല്‍ നിന്നും 28 ലേക്ക് പോവുകയാണ് ഉണ്ടായത്.

  •  
  •  
  •  
  •  
  •  
  •  
  •