കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം – സുപ്രീം കോടതി

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി. ദേശീയ ദുരന്തമായി പ്രഖ്യാപിച്ച കൊവിഡിന് ദുരന്ത നിവാരണ അതോറിറ്റിയുടെ ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരം നല്‍കാം. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയോട് തന്നെ ഈ ചുമതല നിര്‍വഹിക്കാന്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കി. ഇതിനായി മാര്‍ഗരേഖ തയാറാക്കാന്‍ കേന്ദ്രത്തിന് സുപ്രിംകോടതി ആറാഴ്ചത്തെ സമയം അനുവദിച്ചു. എത്ര തുക എന്ന കാര്യത്തില്‍ കേന്ദ്രത്തിന് തീരുമാനമെടുക്കാം. കൊവിഡ് അനുബന്ധ രോഗങ്ങള്‍ ബാധിച്ചുള്ള മരണങ്ങളും കൊവിഡ് മരണമായി കണക്കാക്കണമെന്നും മരണ സര്‍ട്ടിഫിക്കറ്റില്‍ ഇക്കാര്യം വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു

നാല് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമപരമായ ഉത്തരവാദിത്വത്തിന്റെ വീഴ്ചയാണിതെന്ന് കോടതി നിരീക്ഷിച്ചു. ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടുവെന്നും സുപ്രിംകോടതി വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയ സാങ്കേതിക തടസങ്ങള്‍ നിയമത്തിന്റെ താത്പര്യത്തിന് യോജിച്ചതല്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് പറഞ്ഞു