രാജ്യത്തെ കോവിഡ് രണ്ടാം തരഗത്തിന്‍റെ ഉത്തരവാദിത്തം നരേന്ദ്ര മോദിക്കെന്ന് ഐഎംഎ
രാജ്യത്തെ കോവിഡ് രണ്ടാം തരഗത്തിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം നരേന്ദ്രമോദിക്കാണെന്ന് ഇന്ത്യന്‍ മെഡിക്കല് അസോസിയേഷന്‍ ദേശീയ വൈസ് പ്രസിഡന്റ് ഡോ.നവജ്യോത് ദഹിയ ആരോപിച്ചു. രാജ്യത്തുടനീളം കൂറ്റൻ തെരഞ്ഞെടുപ്പ് റാലികൾ സംഘടിപ്പിച്ച് നരേന്ദ്രമോഡി രാജ്യം മുഴുവനും കോവിഡ് പടർത്തുകയായിരുന്നു. “ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും രാജ്യത്തെ ആരോഗ്യവിദഗ്ധരും ഒത്തുചേർന്ന്, കൊവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് രാജ്യത്തെ ആബാലവൃദ്ധം പൗരന്മാർക്കും കർശനനിര്‍ദ്ദേശം നല്‍കിക്കൊണ്ടിരിക്കെയാണ് രാജ്യത്ത് നിലനിന്നിരുന്ന കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന പടുകൂറ്റൻ തെരഞ്ഞെടുപ്പ് റാലികള്‍ നടത്തിയത്. ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശങ്ങൾ കണ്ടില്ലെന്ന് നടിച്ച്, കൊവിഡ് മാനദണ്ഡങ്ങളെ കാറ്റിൽപറത്തി തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുത്ത നരേന്ദ്രമോഡി, രാജ്യത്തെ പൗരന്മാരെ പരോക്ഷമായി കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. അവസാനം തിരഞ്ഞെടുപ്പു കമ്മീഷന്‍റെ വിലക്കു വേണ്ടി വന്നു മോദിയെ റാലിയില്‍ നിന്നു പിന്തിരിപ്പിക്കുവാന്‍. അതുപോലെ തന്നെ കുഭമേള ആഘോഷമാക്കുവാന്‍ 4000 കോടി രൂപ അനുവദിച്ചു കൊണ്ട് കുംഭമേളയ്ക്ക് അനുവാദം നല്‍കിയ നടപടിയും കൊവിഡിന്റെ രണ്ടാം തരംഗത്തിനും രോഗത്തിന്റെ അതിവ്യാപനത്തിനും കാരണമായി എന്നും അദ്ദേഹം വിമര്‍ശിച്ചു.

രാജ്യത്ത് ആദ്യമായി കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട 2020 ജനുവരിയിൽ,കൊവിഡ് മഹാമാരിയെ നേരിടാനുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നതിന് പകരം, മുൻ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സ്വീകരിക്കുന്നതിന്
ഒരുലക്ഷത്തിലധികം പേരെ സംഘടിപ്പിച്ച് ഗുജറാത്തിൽ റാലി നടത്താനുള്ള തിരക്കിലായിരുന്നു നരേന്ദ്ര മോഡിയെന്നും ഇന്ത്യന്‍ മെഡിക്കല് അസോസിയേഷന്‍ ദേശീയ വൈസ് പ്രസിഡന്റ് ഡോ. നവജ്യോത് ദഹിയ ചൂണ്ടിക്കാട്ടി.
കൊവിഡ് മഹാമാരിയുടെ രണ്ടാംതരംഗം അതിന്റെ ഉച്ചസ്ഥായിയിലെത്തി നില്‍ക്കുമ്പോള്‍ ഇന്ത്യാ മഹാരാജ്യത്തെ മുഴുവന്‍ ആരോഗ്യ സംവിധാനവും പരാജയപ്പെടുകയാണ്. ഇതിന്‍റെ മുഖ്യകാരണം പ്രധാനമന്ത്രിയുടെ ഉത്തരവാദിത്വമില്ലായ്മ തന്നെയാണന്നും ഡോ.നവജ്യോത് ദഹിയ കുറ്റപ്പെടുത്തി. മെഡിക്കല്‍ ഓക്‌സിജന്റെ ദൗര്‍ലഭ്യം നിരവധി കൊവിഡ് രോഗികളുടെ മരണത്തിന് കാരണമായിട്ടുണ്ട്. ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നിരവധി പദ്ധതികള്‍ ഇപ്പോഴും ക്ലിയറന്‍സിനുവേണ്ടി കേന്ദ്രസര്‍ക്കാരിന്റെ മുന്നിലുണ്ട്. എന്നാല്‍ അത്തരം ഒരു സുപ്രധാന ആവശ്യത്തിന് ചെവികൊടുക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറായിരുന്നില്ലന്നും ഡോ.നവജ്യോത് ദഹിയ കൂട്ടിച്ചേർത്തു. ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതും, രാജ്യത്തെ ബഹു ഭൂരിപക്ഷം നഗരങ്ങളിലെ ആശുപത്രികള്‍ക്ക് പുറത്തുള്ള ആംബുലന്‍സുകളുടെ നീണ്ടനിരയും മഹാമാരിയുടെ ആഘാതത്തെ വിളിച്ചോതുകതന്നെയാണന്ന് ഡോ.ദഹിയ മുന്നറിയിപ്പുനൽകി.

കോവിഡ് പ്രതിരോധത്തിന് ഗോമൂത്രവും ചാണകവും ഉത്തമ ഔഷധമാണെന്ന് സംഘപരിവാര്‍ സംഘടനകള്‍ പ്രചാരണം നടത്തിയപ്പോഴും അതിനെതിരെ നിശബ്ദത പാലിക്കുകയായിരുന്നു പ്രധാനമന്ത്രിയും ആരോഗ്യ മന്ത്രലയവും. രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ അതിനെ നേരിടുന്നതിനായി യോഗഗുരു ബാബരാംദേവിന്റെ പതഞ്ജലി കൊണ്ടുവന്ന ‘കൊറോണിലിനെ’ പിന്തുണക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ എന്ന് ഡോ. നവജ്യോത് ദഹിയ കുറ്റപ്പെടുത്തി. കൊറോണിലിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉണ്ടെന്ന് രാംദേവ് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ബാബരാംദേവിന്റെ അവകാശവാദങ്ങളെയും കുപ്രചരണങ്ങളെയും ലോകാരോഗ്യ സംഘടനതന്നെ നിരാകരിച്ചപ്പോള്‍ പ്രധാനമന്ത്രിയും ആരോഗ്യമന്ത്രാലയവും നിശബ്ദത പാലിക്കുകയായിരുന്നുവെന്നും ഡോ. ദഹിയ ചൂണ്ടിക്കാട്ടി.

