വോട്ടര്‍പട്ടികയിലെ പുതിയ ക്രമക്കേടുകള്‍ പുറത്തവിട്ട് രമേശ് ചെന്നിത്തല.
കള്ളവോട്ടിന് കളമൊരുക്കുവാനായി വോട്ടര്‍പട്ടികയില്‍ വരുത്തിയ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്തവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു മണ്ഡലത്തില്‍ വോട്ടുള്ള വോട്ടറുടെ പേരില്‍ പല മണ്ഡലങ്ങളില്‍ വ്യാജ വോട്ടുകള്‍ സൃഷ്ടിക്കപ്പെടുകയും തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തുവെന്ന ഞെട്ടിക്കുന്ന വിവരമാണ് തെളിവുകള്‍ അടക്കം രമേശ് ചെന്നിത്തല ഇന്ന് പുറത്തുവിട്ടിരിക്കുന്നത്. ഒരേ വോട്ടര്‍ക്ക് തന്നെ പല മണ്ഡലങ്ങളിലും വോട്ടുണ്ടെന്നതാണ് ചുരുക്കം. ഇവര്‍ക്കെല്ലാവര്‍ക്കും വിവത മണ്ഡലങ്ങളില്‍ തിരിച്ചറിയല്‍ കാര്‍ഡും വിതരണം ചെയ്തിട്ടുണ്ട്. വോട്ടര്‍ക്ക് തന്റെ യഥാര്‍ത്ഥ മണ്ഡലത്തില്‍ വോട്ട് ചെയ്തശേഷം മഷി മായ്ച്ചുകളഞ്ഞ് അടുത്ത മണ്ഡലത്തിലും വോട്ട് ചെയ്യാവുന്ന സ്ഥിതിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവ്.
പയ്യന്നൂര്‍ മണ്ഡലത്തില്‍ വോട്ടുള്ള 127 പേര്‍ക്ക് ഇരിക്കൂര്‍ മണ്ഡലത്തിലും വോട്ടുണ്ട്. രണ്ടിടത്തും തിരിച്ചറിയല്‍ കാര്‍ഡുമുണ്ട്. കല്ല്യാശേരി മണ്ഡലത്തില്‍ വോട്ടുള്ള 91 പേര്‍ക്കും ഇരിക്കൂരില്‍ വോട്ടുണ്ട്. ഇരിക്കൂര്‍ മണ്ഡലത്തില്‍ വോട്ടുള്ള മറ്റ് മണ്ഡലംകാരുടെ എണ്ണം ഇങ്ങനെ: തളിപ്പറമ്പിലെ 242 പേരുടെ പേര് ഇരിക്കൂറിലുമുണ്ട്. അഴീക്കോട് -47, കണ്ണൂര്‍ -30 എന്നിങ്ങനെയാണ് ഇരിക്കൂറിലെ അന്യമണ്ഡല വ്യാജ വോട്ടര്‍മാര്‍. ആകെ 537 വ്യാജ വോട്ടര്‍മാരാണ് ഇരിക്കൂറിലുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 711 കളള വോട്ടുകളാണ് അഴീക്കോട് മണ്ഡലത്തിൽ ചേർത്തിട്ടുളളത്. ചേർത്തലയിൽ 1205 വോട്ടർമാരാണ് മറ്റ് മണ്ഡലങ്ങളിൽ നിന്ന് ഇടം നേടിയിരിക്കുന്നത്. കുണ്ടറയിൽ 387 പേരും ഇടംപിടിച്ചിട്ടുണ്ട്. പരിശോധനയില്‍ ഇത്തരം ഒരു ലക്ഷത്തിലേറെ ഇരട്ട വോട്ടുകളാണ് കണ്ടെത്തിയത്.
കേരളത്തിലെ വോട്ടര്‍പട്ടികയില്‍ വ്യാപകമായ ക്രമക്കേടുകളും കള്ളവോട്ടുകളും നിറഞ്ഞിരിക്കുകയാണ്.ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്ന ആസൂത്രിതമായ നടപടിയുടെ ഭാഗമാണ് കള്ളവോട്ടുകള്‍ ചേര്‍ക്കുന്ന നടപടി. ഇത്തരം വ്യാവോട്ടുകള്‍ ചെയ്യാന്‍ അനുവദിക്കരുത്. വ്യാജവോട്ടുകള്‍ ചേര്‍ക്കാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം. തെരഞ്ഞെടുപ്പ് കമ്മീഷനെ നേരില്‍ കണ്ട് ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. തെളിവുകള്‍ സഹിതം നല്‍കിയ പരാതികള്‍ അന്വേഷിച്ച് ആരോപണം ശരിയാണെന്ന നിഗമത്തില്‍ ടിക്കാറാം മീണ എത്തിയതില്‍ സന്തോഷമുണ്ടെന്നും. രമേശ് ചെന്നിത്തല പറഞ്ഞു.

