യൂറോപ്യൻ യൂണിയനോട് വിട… ബ്രിട്ടൻ സ്വതന്ത്രമായി.

Print Friendly, PDF & Email

പുതുവർഷത്തിൽ യൂറോപ്യൻ യൂണിയനോട് വിടപറഞ്ഞ് ബ്രിട്ടൻ സ്വതന്ത്രമായി. നാലരവർഷം നീണ്ട ബ്രെക്സിറ്റ് ചർച്ചകൾക്കും വോട്ടെടുപ്പുകൾക്കും സംവാദങ്ങൾക്കും ശേഷമാണ് 48 വർഷത്തെ ബന്ധമുപേക്ഷിച്ച് വ്യാഴാഴ്ച രാത്രി 11 മണിയോടെ ബ്രിട്ടൻ ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയന്‍ (ഇയു) വിട്ടത്. ബ്രെക്സിറ്റിനുശേഷവും ഇ.യു.വുമായി വ്യാപാരബന്ധം തുടരുന്നതിനുള്ള കരാറും പുതുവത്സരദിനത്തിൽ നിലവിൽവന്നു.യൂറോപ്യൻ യൂണിയനുമായി ഭാവിയിലും ബന്ധം തുടരുന്നതിനുള്ള ഈ ബിൽ ഒറ്റദിവസംകൊണ്ട് ആണ് ബ്രിട്ടണ്‍ന്‍റെ ഇരു സഭകളും ചേര്‍ന്ന് പാസ്സാക്കിയത്. 27 രാജ്യങ്ങളാണ് യൂറോപ്യന്‍ യൂണിയനിലുള്ളത്. നേരത്തേ തന്നെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയൻ വിട്ടിരുന്നെങ്കിലും വിടുതൽ കാലാവധി അവസാനിച്ചത് ഇന്നലെ വര്‍ഷാവസാന ദിനത്തിലാണ്.

2016 ജൂണിലാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്ന കാര്യത്തിൽ ഹിതപരിശോധന നടത്തിയത്. ഹിതപരിശോധന അനുകൂലമായതോടെ അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ രാജിവെച്ചു. തുടർന്ന് അധികാരത്തിലേറിയ തെരേസ മേയ്ക്കും ബ്രെക്സിറ്റ് യാഥാർഥ്യമാക്കാൻ സാധിക്കാതെ പടിയിറങ്ങേണ്ടിവന്നു. ബ്രെക്സിറ്റ് നടപ്പാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് പിന്നീട് ബോറിസ് ജോൺസൺ അധികാരമേറ്റത്.

ബ്രിട്ടീഷ് പാർലമെന്റിലെ ഇരുസഭകളും ചേർന്ന് പാസാക്കിയ ബ്രെക്സിറ്റ് ബില്ലിന് ബുധനാഴ്ച എലിസബത്ത് രാജ്ഞി അനുമതി നൽകിയതോടെയാണ് ബില്‍ നിയമമായത്. ‘‘ഇതൊരു പുതിയ തുടക്കമാണെന്നും ബ്രിട്ടീഷ് ജനതയുടെ താത്പര്യത്തിനൊത്തും ലക്ഷ്യബോധത്തോടെയും നമ്മളീ ചുമതല ഏറ്റെടുക്കും എന്നും ബ്രിട്ടന്റെ ഭാവി നമ്മുടെ കൈയിലാണെന്നും’’ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.