ഷീലാ ദീക്ഷിത് അന്തരിച്ചു
ദില്ലിയിലെ കോൺഗ്രസിന്‍റെ അനിഷേധ്യ നേതാവും മുൻ ദില്ലി മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരച്ചടങ്ങുകൾ നാളെ ഉച്ചയ്ക്ക് 2.30-ന് നിസാമുദ്ദീനിലെ നിഗം ബോധ് ഘട്ടിൽ നടക്കും.
ദില്ലിയുടെ മുഖ്യമന്ത്രിയായി ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്ന ഷീലാ ദീക്ഷിത് അവസാന കാലം വരെ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. ‘ദില്ലിയുടെ മരുമകൾ’ എന്ന് കൂടി വിശേഷിപ്പിക്കപ്പെട്ടിരുന്നു ഷീലാ ദീക്ഷിത് നിലവില്‍ ദില്ലി പിസിസി അധ്യക്ഷണ്. ഏറ്റവുമൊടുവിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ദില്ലിയിൽ പാർട്ടിയെ നയിച്ചത് ഷീലാ ദീക്ഷിത് ആയിരുന്നു. 15 വർഷം ദില്ലിയിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഷീലാ ദീക്ഷിതിന് അടി തെറ്റിയത് ആം ആദ്മി പാർട്ടിക്ക് മുന്നിൽ മാത്രമാണ്. കേരളാ ഗവർണറായും ഷീലാ ദീക്ഷിത് ചുമതല വഹിച്ചിട്ടുണ്ട്.
ഷീലാ ദീക്ഷിതിന്‍റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. ദില്ലിയുടെ വികസനത്തിന് നിർണായക സംഭാവന ചെയ്ത വ്യക്തിയെയാണ് നഷ്ടമായതെന്ന് പ്രാധാന മന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

