അടിമ പെണ്‍കുട്ടികള്‍ വില്‍പനക്ക്. പരമാവധി വില 14 യുഎസ് ഡോളര്‍
മധ്യ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. 10നും 22നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളേയും സ്ത്രീകളേയും അടിമകളാക്കി വില്‍ക്കുന്ന മാര്‍ക്കറ്റുകള്‍ കിഴക്കന്‍ ഉഗാണ്ടയുടെ ഉള്‍നാടന്‍ മാര്‍ക്കറ്റുകളില്‍ സജീവമായി കൊണ്ടിരിക്കുന്നതായാണ് പുറത്തു വരുന്ന വിവരങ്ങള്‍. വില്‍ക്കപ്പെടുന്നവരാകട്ടെ ലൈഗിക അടിമകളായി സൗദി അറേബ്യ, യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഗാര്‍ഹിക പണികള്‍ക്കായാണ് നിയോഗിക്കപ്പെടുന്നത്. അങ്ങനെ നിയോഗിക്കപ്പെടുന്നവരില്‍ പലരും ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അടിമകളായതിനാല്‍ അവരുടെ മരണത്തെപ്പറ്റി കാര്യമായ പരാതികളോ അന്വേഷണങ്ങളോ ഒന്നും ഉണ്ടാവുകയുമില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പതിനാറോളം ഉഗാണ്ടന്‍ പെണ്‍കുട്ടികള്‍ ഇങ്ങനെ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു എന്നാണ് ഉഗാണ്ടയിലെ പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയില്‍ നിന്ന് 180 മൈല്‍ വടക്കുകിഴക്ക് സ്ഥിതി ചെയ്യുന്ന അരാപൈ നഗരത്തില്‍ 2018 ജനുവരിയിലാണ് മാര്‍ക്കറ്റുകളിലൂടെയുള്ള സ്ത്രീകളുടെ പരസ്യമായ വില്‍പ്പന ആരംഭിച്ചതെന്ന് പ്രാദേശിക ഭരണകൂടത്തില്‍ മാര്‍ക്കറ്റിന്‍റെ ചുമതല വഹിക്കുന്ന ഏഡീന നാഗുഡി പറയുന്നു. 14 യുഎസ് ഡോളര്‍ വരെയാണ് ഒരു യുവതിക്ക് ഈ മാര്‍ക്കറ്റിലെ പരമാവധി വില. അങ്ങനെ വിലക്കെടുക്കപ്പെടുന്ന പെണ്‍കുട്ടികള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് മറിച്ചു വില്‍ക്കപെടുകയാണ് ചെയ്യുക. അഞ്ച് പെണ്‍കുട്ടികളെ ലേലത്തില്‍ വച്ചു തുടങ്ങിയ കച്ചവടം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ 20 പെണ്‍കുട്ടികളെ വരെ ദിവസവും വില്‍ക്കുന്ന നിലയിലേക്ക് കച്ചവടം വളര്‍ന്നു. അധികം താമസിക്കാതെ ചാപ്പി, സയര്‍, സോറോട്ടി തുടങ്ങിയ സമീപ റീജിയണുകളിലെ മാര്‍ക്കറ്റുകളിലേക്കും പരസ്യമായി പെണ്‍കുട്ടികളുടെ കച്ചവടം വ്യപിച്ചു. ഇന്ന് അരാപൈ മാര്‍ക്കറ്റില്‍ മാത്രം ദിവസേന അന്പതോളം പെണ്‍കുട്ടികളെ പരസ്യമായി വില്‍പന നടത്തുന്നുണ്ടെന്ന് ഏഡീന നാഗുഡി പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 9000ത്തില്‍ പരം പെണ്‍കുട്ടികള്‍ അടിമകളാക്കി കച്ചവടം നടത്തി ഗള്‍ഫ് നാടുകളിലേക്കും മറ്റും കയറ്റിവിട്ടിട്ടുണ്ടെന്ന് പറയുന്നത് മറ്റാരുമല്ല. ഉഗാണ്ടന്‍ പാര്‍ലിമെന്‍റഗമായ ബെറ്റി ആറ്റിം ആണ്.
ഉഗാണ്ടയുടെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരെ അപേഷിച്ച് താഴ്ന്ന സാമൂഹിക പരിഗണനയാണ് ഉള്ളത്. അതോടൊപ്പം കുടുംബത്തെ സംരക്ഷിക്കേണ്ട ചുമതലയും സ്ത്രീകളില്‍ നിഷിപ്തമാണ്. സാക്ഷരത നിരക്കാകട്ടെ 50 ശതമാനത്തില്‍ താഴേയും. പട്ടിണിയും പരിവട്ടവും അലട്ടുന്ന പെണ്‍കുട്ടികള്‍ എട്ടോ പത്തോ വയസാകുന്നതോടെ ഗാര്‍ഹിക-കാര്‍ഷിക തൊഴിലിലേക്കോ അല്ലങ്കില്‍ സെക്സ് വര്‍ക്കുകളിലേക്കോ സാധാരണയായി നയിക്കപ്പെടുകയാണ് ചെയ്യുക. ഒരു ഡോളറില്‍ താഴെയാണ് അവര്‍ക്കു കിട്ടുന്ന പരമാവധി ദിവസ വരുമാനം. ദിവസം 15മുതല്‍ 18 മണിക്കൂര്‍വരെ തൊഴില്‍ എടുക്കുവാന്‍ നിര്‍ബ്ബന്ധിതരാകുന്ന പെണ്‍കുട്ടികള്‍ നാട്ടില്‍ കിട്ടുന്ന തുശ്ചമായ കൂലിക്കുപകരം രണ്ടോ മൂന്നോ മടങ്ങ് കൂലിയും മറ്റ് ജീവിത സൗകര്യങ്ങളും വാഗ്നാനം ചെയ്യ പ്പെടുമ്പോള്‍ മാര്‍ക്കറ്റുകളില്‍ സ്വയം വില്‍പന ചരക്കാകുവാന്‍ തയ്യാറാവുകയാണ് ചെയ്യുന്നതെന്ന് ഏഡീന നാഗുഡി പറയുന്നു.
കിഴക്കന്‍ ഉഗാണ്ടയിലെ മാര്‍ക്കറ്റുകളില്‍ പെണ്‍കുട്ടികളെ പരസ്യമായി കച്ചവടം ചെയ്യുന്നതിനെ പറ്റി അന്വേഷിക്കുവാന്‍ 1985മുതല്‍ ഉഗാണ്ടയുടെ പ്രസിഡന്‍റായ മുസേവേനിയുടെ സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമായിരിക്കുകയാണ്. ഉഗാണ്ടയുടെ ലിഗ, തൊഴില്‍, സാമൂഹിക ക്ഷേമ മന്ത്രാലയം അടിമ മാര്‍ക്കറ്റുകളെ പറ്റി പഠിക്കാന്‍ ഒരു അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണെന്ന് മന്ത്രി ജാനറ്റ് മുക്വായ പറയുന്നു. അടിമ പെണ്‍കുട്ടികളുടെ കച്ചവടം തടയുന്നതിനായി വ്യാപക റെയിഡുകള്‍ നടത്തുമെന്ന് ഉഗാണ്ടന്‍ പോലീസും പറയുന്നു.
തങ്ങള്‍ അടുത്തിടെ ദുബൈയില്‍ നടത്തിയ സന്ദര്‍ശനത്തില്‍ അവിടുത്തെ അടിമപാളയത്തിനു സമാനമായ റിക്രൂട്ട്മെന്‍റ് സന്‍റര്‍ കണ്ട് ഞെട്ടിപോയെന്നും യുഎഇലേയും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേയും ഉഗാണ്ടന്‍ പെണ്‍കുട്ടികളുടെ അവസ്ഥ പഠിക്കുവാനായി ഒരു സെലക്ട് കമ്മറ്റിയെ നിയോഗിക്കണെന്ന് ബുട്ടംബാല റീജിയണിലെ പാര്‍ലിമെന്‍റഗമായ മുഹമ്മദ് മുവാംഗ കിവുംബി പാര്‍ലിമെന്‍റില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഉഗാണ്ടയുടെ അന്തര്‍ദേശീയ കാര്യമന്ത്രി ഹെന്‍ട്രി ഒക്കിലോ ഒറിയം അടിമക്കച്ചവടം നടക്കുന്നുവെന്നത് നിക്ഷേധിച്ചിരിക്കുകയാണ്. ഉഗാണ്ടയിലെ ആഗ്ലിക്കന്‍ ചര്‍ച്ച് ആര്‍ച്ച് ബിഷപ്പ് സ്റ്റാന്‍ലി ടാഗ്ലി പറയുന്നതുപോലെ രാജ്യത്തെ ദാരിദ്ര്യത്തിന് പരിഹാരം കാണാന്‍ കഴിയാത്ത മുസേവേനിയുടെ സര്‍ക്കാരിന് പെണ്‍കുട്ടികളെ കൂട്ടമായി പരസ്യലേലത്തിലൂടെ കച്ചവടം നടത്തുന്ന അടിമ ചന്തകളെ എങ്ങനെ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് കണ്ടറിയണ്ട കാര്യമാണ്.