പെരിയ ഇരട്ടകൊലക്കേസ് കേസ് അട്ടിമറിക്കാന്‍ പോലീസ് ഒത്താശയോടെ ഗൂഢനീക്കം

Print Friendly, PDF & Email

കാസർഗോഡ് പെരിയ ഇരട്ടക്കൊലപാതകകേസ് അട്ടിമറിക്കാന്‍ ഗൂഢ നീക്കമെന്ന് ആരോപണം. പ്രതികളെ സഹായിക്കുന്ന തരത്തിലുള്ള സാക്ഷി മൊഴികളാണ് ഇവരുടേതായി കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കുറ്റപത്രത്തിൽ സാക്ഷികളായി കുറ്റാരോപിതരേയും സിപിഎം നേതാക്കളേയും ഉള്‍ക്കൊള്ളിച്ച് വിചാരണവേളയില്‍ കേസ് അട്ടിമറിക്കാന്‍ പാര്‍ട്ടിയുടെ നിര്‍ദ്ദേശത്തോടെ പോലീസ് ശ്രമിക്കുന്നതെന്നാണ് ആരോപണവുമായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആണ് രംഗത്തെത്തിരിക്കുന്നത്. ആകെയുള്ള 229 സാക്ഷികളിൽ അമ്പത് പേ‍ർ സിപിഎം നേതാക്കളോ കുറ്റാരോപിതരോ അവരോട് അടുത്ത ബന്ധമുള്ളവരോ ആണെന്നാണ് ആരോപണം.

കൊലപാതകത്തിൽ പങ്കുണ്ടെന്ന് കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും ബന്ധുക്കൾ ആരോപിച്ചവരാണ് സാക്ഷി പട്ടികയിലുള്ളത്. ഒന്നാം പ്രതി പീതാംബരൻ കൃത്യത്തിന് മുമ്പ് തന്‍റെ ഫോണിലൂടെ മറ്റു പ്രതികളെ ബന്ധപ്പെട്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. എന്നാൽ, തന്നെ ഏൽപ്പിച്ച ഫോൺ പിന്നീട് കാണാതായെന്നാണ് ഭാര്യ മഞ്ജുഷയുടെ സാക്ഷി മൊഴി.

പാർട്ടി പ്രവർത്തനവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി പീതാംബരന് തന്നോട് ശത്രുത ഉണ്ടായിരുന്നുവെന്നാണ് ഏഴാം പ്രതി ഗിജിന്‍റെ അച്ഛൻ ശാസ്താ ഗംഗാധരന്‍റെ മൊഴി. അതു കൊണ്ടാണ് തന്‍റെ മകനെ കൊലപാതക സംഘത്തിൽ കൂട്ടിയത്. തന്‍റെ വാഹനമുപയോഗിച്ചതും കൃത്യത്തിന് വീടിനടുത്തുള്ള സ്ഥലം തെരഞ്ഞെടുത്തതും ആയുധങ്ങൾ തന്‍റെ പറമ്പിൽ ഒളിപ്പിച്ചതും വ്യക്തി വിരോധം തീർക്കാനാണെന്നുമാണ് കുറ്റപത്രത്തല്‍ രേഖപ്പെടുത്തിയിരിക്കുന്ന ഒരു പ്രധാന സാക്ഷി മൊഴി.

പ്രതികൾ താനിയടിയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറി മാത്യുവിന്‍റെ വീട്ടിലെത്തി കുളിച്ച് വസ്ത്രം മാറിയിരുന്നു. എന്നാൽ, പ്രതികളെ അറിയില്ലെന്നും തന്‍റെ വീട്ടിൽ ആരും വരികയോ കുളിക്കുകയോ ചെയ്തിട്ടില്ലെന്നാണ് മാത്യുവിന്‍റെ മൊഴി. കുറ്റം തെളിയിക്കാനാവശ്യമായ മൊഴികൾക്ക് പകരം കുറ്റാരോപിതരെ രക്ഷിക്കുവാനുള്ള നീക്കമാണിതെന്നാണ് വിമർശനം.

ഇവരെ കൂടാതെ സിപിഎം ജില്ലാ കമ്മിറ്റി അംഗം വിപിപി മുസ്ഥഫ, നേതാക്കളായ ബിനു ജോസഫ്, ബിജു സി മാത്യു, ഏഴാം പ്രതി ഗിജിന്‍റെ അമ്മ ഗീത, ആരോപണ വിധേയനായ വത്സരാജ് അഡ്വക്കറ്റ് ഗോപാലൻ നായർ എന്നിവരും സാക്ഷി പട്ടികയിലുണ്ട്.

  •  
  •  
  •  
  •  
  •  
  •  
  •