KERALANEWS MAIN

കേരളാ കോണ്‍ഗ്രസ് എം നിയമസഭാകക്ഷി നേതാവിനെ നിയമിക്കുന്നതിനെച്ചൊല്ലി പാര്‍ട്ടിയില്‍ ഭിന്നത

കേരളാ കോണ്‍ഗ്രസ് എം നിയമസഭാകക്ഷി നേതാവിനെ നിയമിക്കുന്നതിനെച്ചൊല്ലി പാര്‍ട്ടിയില്‍ ഭിന്നത. പാര്‍ട്ടി ഉപാധ്യക്ഷന്‍ പി.ജെ. ജോസഫിന് നിയമസഭാകക്ഷി നേതാവിന്റെ ചുമതല നല്‍കിക്കൊണ്ട് മോന്‍സ് ജോസഫ് എം.എല്‍.എ സ്പീക്കര്‍ക്ക് കത്ത് നല്‍കിയതിന് പിറകേ ഇതിനെ തിരുത്തി റോഷി അഗസ്റ്റിന്‍ എം.എല്‍.എ മറ്റൊരു കത്ത് സ്പീക്കര്‍ക്ക് നല്‍കി. നിയമസഭാ കക്ഷി നേതൃസ്ഥാനം ജോസഫിന് നല്‍കിയത് അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് റോഷി അഗസ്റ്റിന്‍ കത്ത് നല്‍കിയത്. പി.ജെ. ജോസഫിന് നിയമസഭകക്ഷി നേതാവിന്റെ ചുമതല നല്‍കിയിട്ടില്ലെന്നും ഉപാധ്യക്ഷനെ നിയമസഭാകക്ഷി നേതാവായി കണക്കാക്കുന്ന കീഴ്‌വഴക്കം പാര്‍ട്ടിയിലില്ലെന്നും റോഷി അഗസ്റ്റിന്റെ കത്തില്‍ വ്യക്തമാക്കുന്നു. പാര്‍ട്ടി ഭരണഘടന അനുസരിച്ച് ചെയര്‍മാന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗമാണ് നിയമസഭ കക്ഷി നേതാവിനെ തിരഞ്ഞെടുക്കേണ്ടതെന്നും പുതിയ ചെയര്‍മാനെ തിരഞ്ഞെടുത്തതിന് ശേഷം മാത്രമേ നിയമസഭ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുകയുള്ളുവെന്നും റോഷി അഗസ്റ്റിന്‍ സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു. ഇതോടെ കേരള മേല്‍കോയ്മക്കുവേണ്ടിയുള്ള കേരളകോണ്‍ഗ്രസ്സിലെ തര്‍ക്കം പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്.

0