‘ദി കിങ് ലയര്‍’ വീണ്ടും… പൊട്ടിച്ചിരിച്ച് ലോകം.

Print Friendly, PDF & Email

കാർമേഘങ്ങളുടെ മറവിൽ പോർ വിമാനങ്ങളെയും തെളിച്ച് നടത്തിയ സർജിക്കൽ സ്‌ട്രൈക്കിനെപ്പറ്റിയുള്ള പ്രധാനമന്ത്രിയുടെ വിവാദ പരാമർശം ട്രോളന്മാര്‍ ആഘോഷമാക്കിയതിനു പിന്നാലെ മറ്റൊരു അവകാശവാദത്തിന്‍റെ പൊള്ളത്തരവും സോഷ്യല്‍ മീഡിയകളില്‍ ചിരി പടര്‍ത്തിയിരിക്കുകയാണ്.

റഡാറിന്റെ കണ്ണുവെട്ടിക്കാന്‍ മേഘങ്ങള്‍ സഹായിക്കുമെന്ന പരാമര്‍ശം നടത്തിയ ‘ന്യൂസ് നാഷന്‍’ ചാനല്‍ നടത്തിയ അഭിമുഖത്തിൽ തന്നെയാണ് തന്‍റെ വിവരക്കേടുകള്‍ വെളിപ്പെടുത്തി കൊണ്ടുള്ള മോദിയുടെ പുതിയ അവകാശവാദം. പ്രധാനമന്ത്രി എങ്ങനെയാണ് ഒരു ‘ഗാഡ്ജറ്റ് ഫ്രീക്ക്’ ആയതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മോദി.

“ഗുജറാത്തിന്റെ മുഖ്യമന്ത്രിയാകുന്നതിനു വളരെ മുമ്പേ തന്നെ സാങ്കേതികവിദ്യയോട് തനിക്ക് താത്പര്യമുണ്ടായിരുന്നു. 1990കളില്‍ താന്‍ സ്റ്റൈലസ് പേനകള്‍(ടച്ച് സ്‌ക്രീന്‍ ഉപകരണങ്ങളില്‍ എഴുതാന്‍ ഉപയോഗിക്കുന്ന പേന) ഉപയോഗിച്ചിരുന്നെന്നും” മോദി അഭിമുഖത്തില്‍ അവകാശപ്പെടുന്നുണ്ട്. 2008 നവംബര്‍ മൂന്നാം വാരത്തിലാണ് നോക്കിയ ‘ടച്ച് സ്ക്രീന്‍ ഫോണ്‍’ രാജ്യത്തെ പരിചയപ്പെടുത്തി കൊണ്ട് ആദ്യമായി ഇന്ത്യന്‍ മാര്‍ക്കറ്റിലിറക്കിയത്. എന്നാല്‍ അതിന് രണ്ട് പതിറ്റാണ്ടു മുന്പു തന്നെ നരേന്ദ്രമോദി സ്റ്റൈലസ് പേനകള്‍ ഉപയോഗിച്ചിരുന്നു വെന്ന അവകാശവാദം വിചിത്രമാണ്.

“ഒരുപക്ഷെ, രാജ്യത്ത്..മറ്റാരെങ്കിലും ഉണ്ടോയെന്ന് എനിക്കറിഞ്ഞുകൂടാ. ഞാന്‍ ആദ്യമായി ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചു, 1987-88 കാലത്ത്. അന്ന് വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമാണ് ഇമെയിലുണ്ടായിരുന്നത്. വിരംഗാം തെഹ്‌സിലില്‍ അദ്വാനിജിയുടെ യോഗമുണ്ടായിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ ചിത്രം ഡിജിറ്റല്‍ ക്യാമറയില്‍ പകര്‍ത്തി. എന്നിട്ട് ഡല്‍ഹിയിലേക്ക് അയച്ചു. പിറ്റേദിവസം കളര്‍ ഫോട്ടോ അടിച്ചുവന്നു. അദ്വാനിജിക്ക് വളരെ ‘സര്‍പ്രൈസ്’ ആയി” ഇങ്ങനെ പോകുന്നു മോദിയുടെ അവകാശവാദങ്ങള്‍.

ആദ്യകാല ഡിജിറ്റല്‍ ക്യാമറ (1990)

1987 ലാണ് ആദ്യത്തെ ഡിജിറ്റല്‍ ക്യാമറ നിക്കോണ്‍ പുറത്തിറക്കിയത്. ആദ്യ ഡിജിറ്റല്‍ ക്യാമറ വില്പനയ്ക്ക് എത്തിയത് 1990-ലാണ്. വളരെ അപൂര്‍വ്വമായിരുന്ന ഡിജിറ്റല്‍ കാമറകള്‍ക്ക് ലക്ഷങ്ങളായിരുന്നു വില. ഡിജിറ്റല്‍ കാമറകള്‍ മാര്‍ക്കറ്റിലെത്തുന്നതിനു രണ്ടു വര്‍ഷങ്ങള്‍ക്കു മുന്പുതന്നെ ഡിജിറ്റല്‍ കാമറ ഉപയോഗിച്ച് ഫോട്ടോ എടുത്തുവന്നാണ് മോദിയുടെ അവകാശവാദം. അതു പോട്ടെന്നുവക്കാം. അക്കാലത്ത് താന്‍ ദരിദ്രനായിരുന്നുവെന്നും പണം ഇല്ലാത്തതിനാല്‍ പേഴ്സു പോലും ഉണ്ടായിരുന്നില്ല എന്നും നൊസ്റ്റാള്‍ജിയോടെ അവകാശപ്പെട്ടു പോരുന്ന മോദി ലക്ഷങ്ങള്‍ മുടക്കി ലോകത്തിലെ ആദ്യത്തെ ഡിജിറ്റല്‍ കാമറ സ്വന്തമാക്കിയിരുന്നുവെന്ന് എങ്ങനെ വിശ്വസിക്കും.

അതിലുപരി ഒട്ടും അംഗീകരിക്കാന്‍ പറ്റാത്തത് മോദി ഫോട്ടോകള്‍ ഇമെയില്‍ അയച്ചുവെന്ന അവകാശ വാദമാണ് 1988ല്‍ അമേരിക്കയിലെ ഗവേഷകരും, അക്കാദമിക് പണ്ഡിതരും, ശാസ്ത്രജ്ഞരും ഒക്കെ അവരുടെ ലാബുകളിൽ കഷ്ടിച്ച് ഉപയോഗിച്ച് തുടങ്ങിയിരുന്ന ഒരു സാങ്കേതികവിദ്യ മാത്രമായിരുന്ന ഇന്‍റര്‍നെറ്റ് മോദി അന്നേ പരിചയിച്ചിരുന്നു എന്നൊക്കെ പറഞ്ഞാൽ ആരും മൂക്കത്ത് വിരൽ വെച്ച് പോവും.

ഇന്ത്യയിൽ ഇന്റർനെറ്റ് എന്ന സാങ്കേതികവിദ്യ സൗകര്യം പൊതുജനങ്ങളിലേക്ക് എത്തുന്നത് 1995 ഓഗസ്റ്റ് 14ന് മാത്രമാണ്. വിഎസ്എന്‍എല്‍ ആയിരുന്നു സര്‍വ്വീസ് പ്രൊവൈഡര്‍. ഡല്‍ഹി മുബൈ, ചെന്നൈ,കല്‍ക്കട്ട എന്നിവിടങ്ങളില്‍ മാത്രമായിരുന്നു സര്‍വ്വീസ് ഉണ്ടായിരുന്നത്. അതേ വര്‍ഷം അവസാനത്തോടെ ബെംഗളൂരുവിലും പൂനയിലും ഇന്‍റര്‍നെറ്റ് കണക്‍ഷന്‍ എത്തി. എന്നാല്‍ ലക്‍നോ അടക്കമുള്ള മദ്ധ്യേന്ത്യന്‍ നഗരങ്ങളില്‍ നെറ്റ് കണക്‍ഷന്‍ ലഭിച്ചത് പിന്നീടുള്ള രണ്ടു വര്‍ഷം കൊണ്ടാണ്. നാലഞ്ച് വര്‍ഷമെടുത്തു രാജ്യത്ത് ഇന്‍റര്‍നെറ്റ് വ്യാപകമാകാന്‍. എന്നാല്‍ 87-88 ല്‍തന്നെ മോദി ഇമെയില്‍ അയച്ചുവന്ന അവകാശവാദ ത്തിന്‍റെ പൊരുളറിയാതെ ‘വാ’ പൊളിച്ചിരിക്കുകയാണ് ലോകം.