നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം അവസാനിപ്പിക്കുന്നു !!!
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം അവസാനിപ്പിക്കുന്നു. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന് ഇനി സമയം നീട്ടി ചോദിക്കേണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ . ഈ കേസിലെ എട്ടാം പ്രതി ദിലീപിന്റെ ഭാര്യ കാവ്യാ മാധവൻ പ്രതിയാവില്ല. ദിലീപിന്റെ അഭിഭാഷകർക്കെതിരായ അന്വേഷണം നിർത്തുമെന്നുമുളള വിവരങ്ങൾ പുറത്തുവന്നിരുന്നു. ഈ കേസിലെ അധിക കുറ്റപത്രം ഈ മാസം 30 ന് കോടതിയിൽ സമർപ്പിക്കും. ദിലീപിന്റെ സുഹൃത്ത് ശരത്ത് മാത്രമാണ് അധിക കുറ്റപത്രത്തിൽ പ്രതിയാവുക.
തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യയെ ചോദ്യം ചെയ്തിരുന്നെങ്കിലും ഇത് അപൂർണമായിരുന്നു. പല ചോദ്യങ്ങൾക്കും കാവ്യ കൃത്യമായ മറുപടി നൽകിയിരുന്നില്ല. കേസ് അട്ടിമറിക്കാൻ ഇടപെട്ടെന്ന ആരോപണം നേരിടുന്ന ദിലീപിന്റെ അഭിഭാഷകരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല. സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ക്രെെം ബ്രാഞ്ച് നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നടത്തിയത്. തുടരന്വേഷണം പുരോഗമിക്കുന്നതിനിടെ ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിനെ സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തിരുന്നു.
തുടരന്വേഷണം അവസാനിപ്പിക്കുന്നതോടെ നടൻ ദിലീപ് ഒന്നാം പ്രതിയായ വധ ഗൂഢാലോചന കേസിലും അന്വേഷണം മുന്നോട്ട് പോവില്ലെന്ന് വിലയിരുത്തൽ. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സുനിൽ കുമാർ കേസിൽ നിന്ന് പിന്മാറിയേക്കുമെന്നാണ് വിവരം. വധ ഗൂഢാലോചന കേസിന്റെ ഫൈനൽ റിപ്പോർട്ട് കുറച്ചുമൊഴികൾ മാത്രമുളള റിപ്പോർട്ടിലൊതുങ്ങാനാണ് സാധ്യത. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം തകർന്ന നിലയിലാണെന്നും വിലയിരുത്തലുണ്ട്. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് ദിലീപിനെ ഒന്നാം പ്രതിയാക്കി വധ ഗൂഢാലോചന കേസെടുത്തത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
ദിലീപിന് പുറമെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി എന്‍. സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവ സ്വദേശിയായ ഹോട്ടലുടമ ശരത് എന്നിവരാണ് ഈ കേസിലെ മറ്റ് പ്രതികൾ. ഡിവൈഎസ്പി ബെെജു കെ പൗലോസും ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ എസ് സുദര്‍ശനും ഉള്‍പ്പടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരെയും പള്‍സര്‍ സുനിയെയും അപായപ്പെടുത്താന്‍ ദിലീപ് പദ്ധതിയിട്ടു എന്നതാണ് കേസ്. ബൈജു കെ പൗലോസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

