കേന്ദ്രവും ബംഗാള്‍ ഗവര്‍മെന്‍റും നേര്‍ക്കുനേര്‍. കൊല്‍ക്കത്തയില്‍ നാടകീയ രംഗങ്ങള്‍
കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയും സംസ്ഥാനപോലീസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന ഇന്ത്യാ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായ സംഭവമാണ് കൊല്‍ക്കത്തയില്‍ അരങ്ങേറുന്നത്. ശാരദ, റോസ് വാലി തട്ടിപ്പുകേസുകള്‍ അന്വേഷിച്ച സംഘത്തിന് നേതൃത്വം നല്‍കിയിരുന്നത് പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യംചെയ്യാനെത്തിയ സിബിഐ സംഘത്തെ കൊല്‍ക്കത്ത പോലീസ് തടഞ്ഞതോടെയാണ് നാടകീയ സംഭവങ്ങള്‍ക്ക് തുടക്കമായത്. കേസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ കാണാതായതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് സിബിഐ പലതവണ സമന്‍സ് അയച്ചിരുന്നു. തുടര്‍ന്നാണ് സിബിഐ സംഘം അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ കൊല്‍ക്കത്തയിലെത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വസതിക്ക് മുന്നില്‍ എത്തിയ സിബിഐ സംഘത്തെ വീട്ടിലേക്ക് കടത്തിവിടാന്‍ അവിടെ നിലയുറപ്പിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. കമ്മീഷണറെ കണ്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ സിബിഐക്ക് ഹൈക്കോടതിയുടെ അനുമതി കിട്ടിയിരുന്നു. ഇതനുസരിച്ചാണ് ഇവര്‍ കമ്മീഷണര്‍ ഓഫീസില്‍ എത്തിയത്.
തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സിബിഐ സംഘത്തെ പാര്‍ക്ക് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്കും പിന്നീട് ഷേക്‌സ്പിയര്‍ സരണി പോലീസ് സ്റ്റേഷനിലേക്കും പിന്നീട് ഷേക്‌സ്പിയര്‍ സരണി പോലീസ് സ്റ്റേഷനിലേക്കും ബലം പ്രയോഗിച്ച് കൊണ്ടുപോയി. ഇതിന് പിന്നാലെ പത്തോളം സിബിഐ ഉദ്യോഗസ്ഥര്‍ കൂടി കമ്മീഷണര്‍ ഓഫീസിലേക്ക് എത്തിയെങ്കിലും ഇവരേയും പൊലീസ് തടയുകയും സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. പൊലീസ് കസ്റ്റഡിയിലെടുത്ത സിബിഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതായും കമ്മീഷണര്‍ ഓഫീസില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതിന് ഇവരുടെ പേരില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും ആദ്യം വിവരം വന്നെങ്കിലും കേസൊന്നും എടുത്തിട്ടില്ലെന്നും ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പിന്നീട് അറിയിച്ചു.
ഇതിനകം കൊല്‍ക്കത്തയിലെ സിബിഐ സിബിഐ ജോയിന്‍റെ ഡയറക്ടര്‍ പങ്കജ് ശ്രീവാസ്തവയുടെ ഔദ്യോഗിക വസതി കൊല്‍ക്കത്ത പൊലീസ് വളഞ്ഞത് സംഭവവികാസങ്ങളുടെ നാടകീയത വര്‍ധിപ്പിച്ചു. ജോയിന്‍റ് കമ്മീഷണറെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്ന പക്ഷം അര്‍ധസൈനിക വിഭാഗത്തെ ഇറക്കി അതിനെ പ്രതിരോധിക്കണമെന്ന് സിബിഐ കേന്ദ്ര പഴ്സണല്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി ദില്ലിയില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ വന്നു.
സിബിഐ ഉദ്യോഗസ്ഥരെ തടഞ്ഞതിന് പിന്നാലെ കമ്മീഷണറുടെ ഔദ്യോഗിക വസതിയിലെത്തിയ മമതാ ബാനര്‍ജി ഇവിടെ വച്ച് മന്ത്രിമാരുമായും മറ്റു തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുമായും ചര്‍ച്ച നടത്തിയ ശേഷം മാധ്യമങ്ങളെ കണ്ട മമത ഗുരുതരമായ ആരോപണങ്ങളാണ് കേന്ദ്രസര്‍ക്കാരിനെതിരെ ഉന്നയി്ചത്. തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് കേന്ദ്ര സര്‍ക്കാര്‍ ഭരണഘടന സ്ഥാപനങ്ങളെ തകര്‍ക്കുകയാണെന്നും പ്രതിപക്ഷകക്ഷികളുടെ സമ്മേളനം വിളിച്ചു ചേര്‍ത്തതിന് സിബിഐയെ വച്ച് കേന്ദ്രസര്‍ക്കാരും ബിജെപിയും തന്നോട് പ്രതികാരം ചെയ്യുകയാണെന്നും മമത ആരോപിച്ചു. കേന്ദ്രസര്‍ക്കാരിന്‍റെ ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നടപടികള്‍ക്കെതിരെ ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കുമെന്ന് പ്രഖ്യാപിച്ച ബാംഗാള്‍ മുഖ്യമന്ത്രി സത്യാഗ്രഹസമരം ആരംഭിക്കുന്നതായും സമരപന്തലില്‍ ഇരുന്ന് ബംഗാള്‍ ഭരിക്കുമെന്നും പ്രഖ്യാപിച്ചു.
കേന്ദ്രം ഭരിക്കുന്ന ബിജെപിയും ബംഗാള്‍ ഭരിക്കുന്ന മമതാ സര്‍ക്കാരും തമ്മിലുള്ള രാഷ്ട്രീയ ഭിന്നത ഇതോടെ പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്‍റെ നടപടികളോട് കേന്ദ്രസര്‍ക്കാരും സിബിഐയും എങ്ങനെ പ്രതികരിക്കും എന്നാണ് ഇനി അറിയാനുള്ളത്.