രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 45 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍
രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 45 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായി നാഷനല്‍ സാംപിള്‍ സര്‍വേ ഓഫിസിന്റെ പ്രസിദ്ധീകരിക്കാത്ത റിപ്പോര്‍ട്ടിന്‍റെ പിന്നാലെ രാജ്യത്തെ തൊഴില്‍ മേഖലയില്‍ നിന്ന് ഞെട്ടിക്കുന്ന മറ്റൊരു കണക്കു കൂടി പുറത്ത്.
രാജ്യത്ത് തൊഴില്‍ ചെയ്യാന്‍ ശേഷിയുള്ള പ്രയക്കാരില്‍(ജോലിപ്രായക്കാര്‍) 50 ശതമാനത്തിലേറെ പേരും തൊഴില്‍ മേഖലയ്ക്ക് പുറത്താണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നാഷണല്‍ സാംപിള്‍ സര്‍വെ ഓഫിസിന്റെ (NSSO) റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ബിസിനസ് സ്റ്റാന്റേര്‍ഡ് ആണ് വാര്‍ത്ത തയ്യാറാക്കിയത്. തൊഴില്‍ സൂചിക (labour force participation rate) 2011-12 സാമ്പത്തിക വര്‍ഷത്തിലെ 55.9 ശതമാനത്തില്‍ നിന്ന് 2017-18 ആയപ്പോഴേക്കും 49.8 ശതമാനത്തിലേക്ക് ഇടിഞ്ഞതായാണ് ബിസിനസ് സ്റ്റാന്‍റേര്‍ഡ് പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.
15 വയസിന് മുകളിലുള്ളവരെയാണ് വര്‍ക്കിങ് എജ് (ജോലിപ്രായം) പോപ്പുലേഷന്‍ ആയി കണക്കാക്കുന്നത്. നാഷണല്‍ സാംപിള്‍ സര്‍വെ ഓഫീസിന്റെ (NSSO) ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇതില്‍ പകുതി പേരും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് യാതൊരു സംഭാവനയും നല്‍കുന്നില്ല. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും മോശം അവസ്ഥയുണ്ടാകുന്നത്.
പീരിയോഡിക് ലേബര്‍ സര്‍വേ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്. തൊഴിലില്ലായ്മാ നിരക്ക് 6.1 ശതമാനത്തിലെത്തിയതായി പിരിയോഡിക് ലേബര്‍ സര്‍വേ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നാണ് സൂചന. 1972-73 ലാണ് തൊഴിലില്ലായ്മ നിരക്ക് ഇതിനേക്കാള്‍ ഉയര്‍ന്ന നിലയിലെത്തിയത്. 2011-12 വര്‍ഷത്തില്‍ 2.2 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന്‍ അംഗീകരിച്ച റിപ്പോര്‍ട്ട് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.