കലൈഞ്ജര്‍ എം.കരുണാനിധി അന്തരിച്ചു
കലൈഞ്ജര്‍ എം.കരുണാനിധി അന്തരിച്ചു. കാവേരി ആശുപത്രി 6.40 ന് പുറപ്പെടുവിച്ച മെഡിക്കൽ ബുള്ളറ്റിനാലാണ് കരുണാനിധിയുടെ മരണം സ്ഥിരീകരിച്ചത്.
1924 ജൂണ്‍ മൂന്നിന് തമിഴ്‌നാട്ടിലെ നാഗപട്ടണത്താണ് മുത്തുവേല്‍ കരുണാനിധി എന്ന എം.കരുണാനിധി ജനിച്ചത്. 1938-ല്‍ 14-ാം വയസ്സില്‍ പിന്നീട് ദ്രാവിഡക്കഴകമായി മാറിയ ജസ്റ്റിസ് പാര്‍ട്ടിയില്‍ കരുണാനിധി അംഗമായി. ജസ്റ്റിസ് പാര്‍ട്ടി നടത്തിയ ഹിന്ദു വിരുദ്ധ സമരത്തിന്റെ മുന്‍നിര പോരാളിയായിട്ടായിരുന്നു കരുണാനിധിയുടെ പൊതുപ്രവര്‍ത്തനരംഗത്തേക്കുള്ള വരവ്. അഞ്ച് തവണകളിലായി 20 വര്‍ഷം തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം 1957 മുതല്‍ 2018 വരെ തമിഴ്‌നാട് നിയമസഭാംഗമായിരുന്നു.
1942-ല്‍ മുരശൊലി പത്രത്തിന് തുടക്കമിട്ട അദ്ദേഹം 1944-ല്‍ ജൂപ്പിറ്റര്‍ പിക്‌ച്ചേഴ്‌സില്‍ തിരക്കഥാകൃത്തായി ചേര്‍ന്നു. കരുണാനിധിയുടെ ചലച്ചിത്ര ജീവിതത്തിന് തുടക്കമാക്കുന്നത് ഇതിലൂടെയാണ്. പിന്നീട് 1949-ല്‍ ദ്രാവിഡ കഴകത്തില്‍ നിന്നും പുറത്തു വന്ന അണ്ണാദുരൈ ഡിഎംകെ രൂപീകരിച്ചപ്പോള്‍ അദ്ദേഹത്തോടൊപ്പം കരുണാനിധിയുമുണ്ടായിരുന്നു.
1961-ല്‍ ഡിഎംകെ ട്രഷററായി തിരഞ്ഞെടുകക്‌പ്പെട്ട അദ്ദേഹം 1967-ല്‍ ഡിഎംകെ അധികാരത്തിലെത്തിയപ്പോള്‍ പൊതുമരാമത്ത് മന്ത്രിയായി. 1969-ല്‍ അണ്ണാദുരൈ മരണപ്പെട്ടപ്പോള്‍ ആദ്യമായി കരുണാനിധി മുഖ്യമന്ത്രി സ്ഥാനമേറ്റെടുത്തു.
1972-ല്‍ എംജിആര്‍ കരുണാനിധിയോട് തെറ്റിപ്പിരിഞ്ഞ് എഐഎഡിഎംകെ രൂപീകരിച്ചതോടെ കരുണാനിധിയുടെ രാഷ്ട്രീയജീവിതത്തില്‍ പുതിയ ഘട്ടം ആരംഭിച്ചു. 1976-ല്‍ അടിയന്തരാവസ്ഥകാലത്ത് കരുണാനിധി സര്‍ക്കാരിനെ ഇന്ദിരാഗാന്ധി പിരിച്ചു വിട്ടു.
പിന്നീടുള്ള തിരഞ്ഞെടുപ്പുകളില്‍ എംജിആര്‍ പ്രഭാവത്തില്‍ അപ്രസക്തനായ കരുണാനിധിയും ഡിഎംകെയും എംജിആറിന്റെ മരണശേഷം 1989-ല്‍ അധികാരത്തില്‍ തിരിച്ചെത്തി. എന്നാല്‍ എല്‍ടിടിഐയുമായുള്ള ബന്ധത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ കരുണാനിധി സര്‍ക്കാരിനെ പിരിച്ചു വിട്ടു. എന്നാല്‍ 1996-ല്‍ അദ്ദേഹം അധികാരത്തില്‍ തിരിച്ചെത്തി.
2001-ല്‍ ജയലളിതസര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ അഴിമതിക്കേസുകളില്‍ കരുണാനിധിയും സ്റ്റാലിനും മുരശൊലി മാരനും ജയിലിലായി. പിന്നീട് 2004-ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടി ഡിഎംകെയും കരുണാനിധിയും തിരിച്ചെത്തി.യുപിഎ സര്‍ക്കാരില്‍ ഏഴ് മന്ത്രിമാരുമായി ഡിഎംകെ നിര്‍ണായകശക്തിയായി.
2006-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഡിഎംകെ അധികാരം തിരിച്ചു പിടിച്ചു കരുണാനിധി വീണ്ടും മുഖ്യമന്ത്രിയായി. എന്നാല്‍ 2009-ല്‍ നട്ടെല്ലിന് ചെയ്ത ശസ്ത്രക്രിയയെ തുടര്‍ന്ന് അദ്ദേഹം വീല്‍ചെയറിലായി. 2010-ലാണ് കരുണാനിധിയുടേയും ഡിഎംകെയുടേയും രാഷ്ട്രീയഅടിത്തറ തകര്‍ത്ത 2ജി അഴിമതി പുറത്തു വരുന്നത്. യുപിഎ സര്‍ക്കാരിനെ നയിച്ച കോണ്‍ഗ്രസിന്റേയും ഡിഎംകെയുടേയും സമ്പൂര്‍ണ തകര്‍ച്ചയ്ക്ക് ടുജി അഴിമതി വഴിവച്ചു.
കരുണാനിധിക്ക് അന്ത്യവിശ്രമത്തിനു ചെന്നൈ മറീനാ ബീച്ചില്‍ സ്ഥലം അനുവദിക്കിക്കാത്തതിന്റെ പേരില്‍ നഗരത്തില്‍ സംഘര്‍ഷം ഉടലെടുത്തു.
ബീച്ചില്‍ സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മകന്‍ സ്റ്റാലിന്‍ മുഖ്യമന്ത്രി പളനിസ്വാമിയെ കണ്ടിരുന്നു. എന്നാല്‍ അനുകൂല തീരുമാനം സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. സംസ്‌കാരം മറീന ബീച്ചില്‍ തന്നെ വേണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ ഹൈക്കോടതിയില്‍ ഹരജി നല്‍കി. അതേസമയം ഗാന്ധി മണ്ഡപത്തില്‍ രണ്ടേക്കര്‍ സ്ഥലം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇതോടെ അണികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. മറീന ബീച്ചില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
അക്രമസംഭവങ്ങള്‍ അരങ്ങേറാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് പൊലിസ് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷയ്ക്കായി സേനാംഗങ്ങളെ നിയോഗിച്ചു. മദ്യഷാപ്പുകളും തിയേറ്ററുകളും ഇന്നും നാളെയും അടച്ചിടും. വ്യാപാര സ്ഥാപനങ്ങള്‍ മൃതദേഹം സംസ്‌കരിക്കുന്നതു വരെ അടച്ചിടാനും നിര്‍ദ്ദേശമുണ്ട്.