ഫ്രഷ് ടു ഹോം: മത്സ്യ-മാംസാദികളുടെ ഡയറക്ട് മാര്‍ക്കറ്റിങ്ങിലൊരു മലയാളി സ്പര്‍ശം

Print Friendly, PDF & Email

മത്സ്യ-മാംസാദി വിഭവങ്ങളുടെ ഡയറക്ട് മാര്‍ക്കറ്റിങ്ങിലൂടെ ബെംഗളൂരു മഹാനഗരത്തിലെ മലയാളികളുടെ ഭക്ഷണക്കൂട്ടില്‍ പുതിയൊരു വിപ്ലവം തന്നെ സൃഷ്ടിച്ചിരിക്കുകയാണ് ഫ്രഷ് ടു ഹോം എന്ന ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനം. കൊതിയിളക്കുന്ന മീന്‍കറിക്ക് ആവശ്യമായ, കെമിക്കലുകള്‍ മുക്തമായ പുതിയ മീനുകള്‍ അടുക്കളപ്പടിക്കല്‍ എത്തിച്ചു കൊടുകൊടുത്തുകൊണ്ടാണ് ഫ്രഷ് ടു ഹോം വീട്ടമ്മമാരുടെ ഉറ്റസുഹൃത്തായത്. അമോണിയ, ഫോര്‍മാലിന്‍ തുടങ്ങിയ വിഷാംശങ്ങള്‍ കലരാത്തതും പഴക്കം ചെല്ലാത്തതുമായ മത്സ്യത്തിന്റെ രുചി വിത്യാസം കടല്‍തീരമില്ലാത്ത ബെംഗളൂരുവിലെ മത്സ്യ പ്രേമികള്‍ക്ക് അനുഭവവേദ്യമാക്കി എന്നതാണ് ഫ്രഷ് ടു ഹോമിനെ പ്രസക്തമാക്കുന്നത്. വെബ്‌സൈറ്റില്‍ കയറി ഒരു ക്ലിക്… അല്ലങ്കില്‍ മൊബൈലില്‍ ഒരു മെസേജ്… അതുമല്ലങ്കില്‍ ഒരു ഫോണ്‍ കോള്‍ രണ്ടുമണിക്കൂറിനുള്ളില്‍ പുതുമ നഷ്ടപ്പെടാത്ത – വിഷമുക്തമായ – ഇഷ്ട മത്സ്യ-മാംസാദികള്‍ അടുക്കളപ്പടിക്കല്‍ എത്തുകയായി. അതും കുറഞ്ഞ വിലക്ക്. ബാംഗ്ലൂര്‍ കേന്ദ്രമാക്കി മലയാളികള്‍ സ്ഥാപിച്ച ഫ്രഷ് ടു ഹോം എന്ന ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനം ഈ ഡിജിറ്റല്‍ യുഗത്തില്‍ പ്രസക്തമാകുന്നതും അതു കൊണ്ടാണ്. 2015ല്‍ സ്ഥാപിതമായ ഈ സ്ഥാപനം ഇപ്പോള്‍ മികവിന്റെ പാതയിലൂടെ രാജ്യത്തെ മറ്റു വന്‍നഗരങ്ങളിലേക്കു വളരുകയാണ്. മൂന്നു ലക്ഷം ഉപഭോക്താക്കളുടെ രുചിഭേദങ്ങളെയാണ് ഇപ്പോള്‍ കമ്പനി തൃപ്തിപ്പെടുത്തുന്നത്.

ഷാന്‍ കടവില്‍, മാത്യു ജോസഫ്, സുരേഷ് പരമേശ്വരന്‍, എന്നിവര്‍ ചേര്‍ന്നാണ് ഫ്രഷ് ടു ഹോമിനു തുടക്കമിട്ടത്. 2012ല്‍ മാത്യു ജോസഫ് കൊച്ചിയില്‍ തുടങ്ങിയ സീ ടു ഹോം എന്ന സ്ഥാപനം നല്ല മീനുകള്‍ നഗരത്തില്‍ വിതരണം ചെയ്ത് ജനപ്രീതി ആര്‍ജിച്ചിരുന്നു. എന്നാല്‍ ചില സാങ്കേതിക പ്രശ്‌നങ്ങളാല്‍ പിന്നീട് അടച്ചുപൂട്ടേണ്ടി വന്നപ്പോള്‍, അതുവരെ അവരുടെ ഉപഭോക്താവ് ആയിരുന്ന ഷാന്‍ കടവില്‍ ആ സ്ഥാപനം നിലനിര്‍ത്തുന്നതിനായി മുന്നിട്ടിറങ്ങുകയായിരുന്നു. സിംഗാ എന്ന ആഗോള ഗെയിം കമ്പനിയുടെ ഇന്ത്യന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്ന അദ്ദേഹത്തിന്റെ കൂടെ സുരേഷ് പരമേശ്വരനും ഒരു കൂട്ടം സഹപ്രവര്‍ത്തകരും ഒത്തു ചേര്‍ന്നതോടെ ഫ്രഷ് ടു ഹോം എന്ന സ്ഥാപനം യാഥാര്‍ത്ഥ്യമായി. വിഷം പുരളാത്ത മീന്‍, ചിക്കന്‍, മട്ടണ്‍ തുടങ്ങിയവ പുതുമ നഷ്ടപ്പെടാതെ വീടുകളില്‍ നേരിട്ട് വിതരണം ചെയ്യുകയായിരുന്നു സ്ഥാപനത്തിന്റെ ലക്ഷ്യം. അതിനായി മൊബൈല്‍ ആപ്പ്, വെബ്ബ്‌സൈറ്റ് തുടങ്ങി എല്ലാ ആധുനിക വിനിമയ മാര്‍ഗ്ഗങ്ങളും ഉപയോഗപ്പെടുത്തുന്നു എന്നതാണ് ഫ്രഷ് ടു ഹോമിന് ഒരു ഡിജിറ്റല്‍ മുഖം നല്‍കുന്നത്.

കേരളത്തിലെ മുക്കുവ ഗ്രാമങ്ങളിലെ വള്ളക്കാരില്‍ നിന്നു മീനുകള്‍ നേരിട്ടു വാങ്ങി ഉടന്‍തന്നെ സ്വന്തം വാഹനങ്ങളില്‍ നഗരത്തിലെത്തിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്നതിനുള്ള വിപുലമായ സംവിധാനങ്ങളാണ് ഫ്രഷ് ടു ഹോം ഒരുക്കിയിട്ടുള്ളത്. മത്സ്യത്തിന്റെ പുതുമ നഷ്ടപ്പെടാതിരിക്കുവാന്‍ ഫ്രീസര്‍ പോലും ഫ്രഷ് ടു ഹോമിന്റെ കാരിയര്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്നില്ല. ശുദ്ധമായ ഐസില്‍ മാത്രമാണ് മത്സ്യം സൂക്ഷിക്കുന്നത്. അതിനാല്‍ മത്സ്യത്തിന്റെ സ്വാഭാവിക തനിമ ഉപഭോക്താവിലെത്തുമ്പോഴും ഒട്ടും നഷ്ടപ്പെടുന്നില്ല. ഓണ്‍ലൈനിലോ, ഫ്രഷ് ടു ഹോമിന്റെ ആപ്പിലോ ഓര്‍ഡര്‍ നല്‍കിയാല്‍ ബെംഗളൂരു മഹാനഗരത്തില്‍ എവിടെയാണെങ്കിലും മത്സ്യമാംസാദികള്‍ നേരിട്ടു വീട്ടുപടിക്കല്‍ എത്തിയിരിക്കും. അപ്പോള്‍ അതിന്റെ വില നല്‍കിയാല്‍ മതി. അല്ലെങ്കില്‍ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ചെയ്യുകയുമാകാമെന്നു സിഇഒ ഷാന്‍ കടവില്‍ പറഞ്ഞു. ചുരുക്കത്തില്‍, മീന്‍കറിയില്ലാതെ ചോറുണ്ണാന്‍ കഴിയാത്ത മലയാളികളുടെ ഗൃഹാതുരത നിറഞ്ഞ രുചി മനസിലാക്കി ആരോഗ്യത്തിനു ഹാനികരമാകാത്ത മീനുകളും മാംസങ്ങളും കാലതാമസം കൂടാതെ വിതരണം ചെയ്യുകയായിരുന്നു സ്ഥാപനത്തിന്റെ ലക്ഷ്യം.

സാധാരണ ഗതിയില്‍ ബോട്ടുകളിലും മറ്റും മത്സ്യ ബന്ധനം നടത്തി ദിവസങ്ങള്‍ കഴിഞ്ഞായിരിക്കും ഇവ തീരങ്ങളില്‍ എത്തുക. കടല്‍ തീരങ്ങളിലെ മത്സ്യ ചന്തകളില്‍ നിന്ന് ലേലത്തില്‍ എടുക്കുന്ന ആ മീനുകള്‍ പല ഏജന്റുമാരുടെ കൈകളിലൂടെ ബാംഗ്ലൂരില്‍ എത്തുമ്പോഴേക്കും ആഴ്ചകള്‍ തന്നെ കഴിഞ്ഞിരിക്കും. ഇത്രയും ദിവസം മത്സ്യം കേടാകാതെയിരിക്കാന്‍ അമോണിയ, ഫോര്‍മാലിന്‍ തുടങ്ങിയ രാസവസ്തുക്കള്‍ പ്രയോഗിക്കുന്നതോടെ മീനിന്റെ രുചി പമ്പകടക്കും. മാത്രമല്ല മീനുകള്‍ വിഷമയമാകും. മാരകമായ പല രോഗങ്ങള്‍ക്കും ഇതു കാരണമാവുകയും ചെയ്യും. ഇതിനു പരിഹാരം കാണുകയെന്നതായിരുന്നു ഫ്രഷ് ടു ഹോമിന്റെ ദൗത്യം. അതിനായി കേരളത്തിന്റെ കടല്‍ത്തീരങ്ങളില്‍ അങ്ങോളമിങ്ങോളം ആയിരത്തില്‍പ്പരം മുക്കുവന്മാരുമായിട്ടാണ് ഫ്രഷ് ടു ഹോം ധാരണയിലെത്തിയിട്ടുള്ളത്. അവരില്‍ നിന്ന് നേരിട്ട് മത്സ്യം സംഭരിക്കുന്നു. ഇതു മൂലം ഏജന്റുമാരുടെ ചൂഷണത്തിന് വിധേയമാവാതെ വള്ളക്കാര്‍ക്കു നല്ല വിലയും സ്ഥാപനത്തിനു മികച്ച തരത്തിലുള്ള മീനും ലഭിക്കുന്നു. ഒരു കടവില്‍ നിന്നും ദിവസേന 100 കിലോ വരെ മത്സ്യം ഇപ്രകാരം സംഭരിക്കുന്നു. അത് ഉടന്‍ തന്നെ കമ്പനിയുടെ പ്രത്യേക വാഹനത്തില്‍ ബാംഗ്ലൂരില്‍ എത്തിക്കുന്നു. ഇത്തരത്തില്‍ 18 വാഹനങ്ങളാണ് കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്ക് മത്സ്യവുമായി ദിവസേന എത്തുന്നത്.

ഓരോ ദിവസവും നഗരത്തില്‍ എത്തുന്ന മീനുകള്‍ വൃത്തിയാക്കി ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്ന സ്വന്തം വിതരണസംവിധാനം ഫ്രഷ് ടു ഹോമിനുണ്ട്. അതിനാല്‍ തന്നെ നിലവിലുള്ള വിപണി വിലയേക്കാളും വില കുറച്ചു കൊടുക്കാന്‍ ഫ്രെഷ് ടു ഹോമിനു കഴിയുന്നു. പുതുമ നഷ്ടപ്പെടാത്ത നല്ല മീനുകള്‍ വിലകുറച്ചു ലഭിക്കുന്നു എന്നതാണ് ഉപഭോക്താവിന്റെ നേട്ടം. കൂടാതെ ശുദ്ധജല മീനുകളും ഫ്രഷ് ടു ഹോം വിതരണം ചെയ്യുന്നുണ്ട്. ബെംഗളൂരു നഗരത്തില്‍ ദിവസവും ആറു ടണ്ണിലേറെ മത്സ്യം ഫ്രഷ് ടു ഹോംമിലൂടെ വിറ്റഴിക്കപ്പെടുന്നു എന്നു പറയുമ്പോള്‍ ബെംഗളൂരുവിലെ ഏറ്റവും വലിയ മത്സ്യ മാര്‍ക്കറ്റായി ഈ ഡയറക്ട് മാര്‍ക്കറ്റിങ്ങ് സ്ഥാപനം മാറിക്കഴിഞ്ഞു എന്നു സാരം.

മത്സ്യത്തിനു പുറമേ മാംസ വിപണിയിലും ഫ്രെഷ് ടു ഹോം സജീവമാണ്. രണ്ട് ടണ്ണിലേറെ മാംസമാണ് ദിനം പ്രതി ബെംഗളൂരു നഗരത്തില്‍ ഫ്രെഷ് ടു ഹോം വീടുകളില്‍ എത്തിച്ചു കൊടുക്കുന്നത്. ചിക്കമഗളൂരില്‍ ആണ് ചിക്കന്‍ ഫാം പ്രവര്‍ത്തിക്കുന്നത്. മട്ടണ്‍ രാജസ്ഥാനില്‍ നിന്ന് വിമാനമാര്‍ഗം എത്തിക്കുന്നു. കൂടാതെ കര്‍ണ്ണാടകത്തിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിക്കുന്ന പച്ചക്കറികളും മറ്റും ഉപഭോക്താവിന്റെ അടുക്കളിയില്‍ എത്തിച്ചു കൊടുക്കുവാനുള്ള പദ്ധതക്കും ഫ്രഷ് ടു ഹോം തുടക്കം കുറിച്ചു കഴിഞ്ഞു. ഇതു കൂടുതല്‍ വിപുലീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സ്ഥാപനം. സെപ്റ്റംബര്‍ മാസം മുതല്‍ ആവശ്യാനുസരണം അരിമാവ്, പനീര്‍, മീന്‍പിക്കിള്‍, കട്‌ലെറ്റ് തുടങ്ങിയവ വിതരണം ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു. ഇന്ന് അറുനൂറോളം വിഭവങ്ങളാണ് ഉപഭോക്താക്കള്‍ക്ക് വീടുകളില്‍ ഫ്രഷ് ടു ഹോം എത്തിച്ചു കൊടുക്കുന്നത്. നഗരത്തിരക്കില്‍ വീട്ടമ്മമാര്‍ക്ക് സഹായകമാകുന്ന തിനു വേണ്ടി റെഡി ടു കുക്ക് വിഭവങ്ങളും പുറത്തിറക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഫ്രഷ് ടു ഹോം. പൊരിക്കാനും കറിവെക്കുവാനും പാകത്തില്‍ മസാലപുരട്ടിയ മത്സ്യ-മാംസാദികള്‍ ആവശ്യാനുസരണം അടുക്കളകളില്‍ എത്തിച്ചുകൊടുക്കുന്ന പദ്ധതിയാണ് ഇത്. കൂടാതെ നേരിട്ട് കണ്ട് മത്സ്യ-മാംസാദികകള്‍ വാങ്ങുന്ന പാരമ്പര്യ ഉപഭോക്താക്കളുടെ താല്‍പര്യാനുസരണം ബാംഗ്ലൂര്‍ നഗരത്തില്‍ ഫ്രഷ് ടു ഹോമിന്റെ ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്ന 50 സ്റ്റോറുകള്‍ താമസിയാതെ തുടങ്ങുമെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഷാന്‍ കടവില്‍ പറഞ്ഞു. ഇത്തരം സ്റ്റോറുകളില്‍ വന്ന് നേരിട്ട് കണ്ട് ഓര്‍ഡര്‍ നല്‍കിയാല്‍ വീടുകളില്‍ എത്തിച്ചു കൊടുക്കുന്ന പദ്ധതിയാണിത്. രാവിലെ ഏഴു മുതല്‍ രാത്രി 10മണി വരെ ഏറ്റവും കുറഞ്ഞത് 200 രൂപയുടെ ഏത് ഓര്‍ഡറും നഗരത്തിന്റെ ഏത് ഭാഗത്തും രണ്ടു മണിക്കൂറിനുള്ളില്‍ എത്തിക്കാന്‍ തക്ക വിതരണ സംവിധാനമാണ് ഫ്രഷ് ടു ഹോമിനുള്ളത്. അതിനായി 800ല്‍ പരം ജീവനക്കാര്‍ ഫ്രഷ് ടു ഹോമിന്റെ സിരാവ്യൂഹമായി നിരന്തരം പ്രവര്‍ത്തന നിരതരായിരിക്കുന്നു.

ഗുണനിലവാരത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാത്ത ഫ്രഷ് ടു ഹോമിന് ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്ന ടിയുവി, എസ്‌യുവി സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. ഫ്രഷ് ടു ഹോമിന്റെ സ്വന്തം ലാബില്‍ നടത്തുന്ന കര്‍ശനമായ ഗുണനിലവാര പരിശോധനയ്ക്കു ശേഷം മാത്രമേ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുകയുള്ളു. അതിനാലാണ് 150 കമ്പനികളുടെ സിഇഒ മാരുടെ പാനലിനു പ്രധാനമന്ത്രി രൂപം നല്‍കിയപ്പോള്‍ അതില്‍ ഫ്രഷ് ടു ഹോം സിഇഒ ഷാന്‍ കടവിലും ഉള്‍പ്പെട്ടത്. ഇത് സ്ഥാപനത്തിന്റെ അംഗീകാരത്തിനുള്ള പൊന്‍തൂവലായി മാറി. നിലവില്‍ ബെംഗളൂരുവിന് പുറമേ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളിലും ഫ്രഷ് ടു ഹോമിന് വിതരണ സംവിധാനമുണ്ട്. അടുത്തതായി ഹൈദരാബാദില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തുടങ്ങുമെന്നു വൈസ് പ്രസിഡന്റ് സുരേഷ് പരമേശ്വരന്‍ പറഞ്ഞു. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മാത്യു ജോസഫ്, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഷാന്‍ കടവില്‍, വൈസ് പ്രസിഡന്റ് സുരേഷ് പരമേശ്വരന്‍ എന്നിവരുടെ ശക്തമായ നേതൃത്വത്തിന്‍ കീഴില്‍ രാജ്യത്തെ പ്രമുഖ ഡയറക്ട് മാര്‍ക്കറ്റിംഗ് സ്ഥാപനമായി മാറിയിരിക്കുകയാണ് മലയാളികള്‍ക്ക് അഭിമാനമായ ഈ സ്ഥാപനം.

Web :www.freshtohome.com Email: customercare@freshtohome.com  Ph: 080-39514780

 • 4
 •  
 •  
 •  
 •  
 •  
 •  
  4
  Shares