KERALANEWS MAIN

അമീറുല്‍ ഇസ്ലാമിന് വധശിക്ഷ

പ്രതിക്കെതിരായ ശാസ്ത്രീയ തെളിവുകള്‍ നിരത്തിയാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ഒരുവര്‍ഷം നീണ്ട വിസ്താരത്തിനൊടുവിലാണ് കേസില്‍ വിധി പറഞ്ഞത്

കൊച്ചി: ദൃക്സാക്ഷികളില്ലാത്ത കൊലപാതകത്തില്‍ ഡി.എന്‍.എ. പരിശോധനയുടെ ഫലമാണ് നിര്‍ണായക തെളിവായത്. പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി കൊല്ലപ്പെട്ട കേസില്‍ പ്രതി അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

ദല്‍ഹിയിലെ നിര്‍ഭയകേസിന് സമാനമായ സംഭവമാണിതെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിക്ക് കുറ്റത്തില്‍ പശ്ചാത്താപമില്ലെന്നും ഇങ്ങനെയൊരാളെ സമൂഹത്തിലേക്ക് വിടാന്‍ പറ്റില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

അതേസമയം ശിക്ഷാ വിധിയുടെ വാദത്തിനിടെ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതി നല്‍കിയ ഹര്‍ജി കോടതി തള്ളുകയും ചെയ്തിരുന്നു. അമീറിന് അസമീസ് ഭാഷ മാത്രമെ അറിയുവെന്നും ആ ഭാഷ അറിയുന്നവര്‍ കേസന്വേഷിക്കണമെന്നും അമീറുല്ലിന്റെ അഭിഭാഷകന്‍ ബി.എ ആളൂര്‍ ആവശ്യപ്പെട്ടു.

പ്രതി പറഞ്ഞ കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നും അത്തരം കാര്യങ്ങളും അന്വേഷിക്കേണ്ടതുണ്ടെന്നും ആളൂര്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ അമീറിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. നിലവില്‍ ശിക്ഷ സംബന്ധിച്ച വാദമാണ് നടക്കുന്നതെന്നും അത് സംബന്ധിച്ച വാദമാണ് നടത്തേണ്ടതെന്നും കോടതി ഓര്‍മിപ്പിക്കുകയായിരുന്നു.

Leave a Reply