കൂട്ട തോല്‍വിക്കു പിന്നാലെ കര്‍ണ്ണാടക കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി. ഡി.കെ. എസ് അടുത്ത പ്രസിഡന്‍റ് …?.

Print Friendly, PDF & Email

കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും 12 സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്ത് ബിജെപി ഭരണസ്ഥിരത ഉറപ്പുവരുത്തയതോടെ കോണ്‍ഗ്രസ്സില്‍ പൊട്ടിത്തറി.
തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി വച്ചതിന് പിന്നാലെ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് ദിനേശ് ഗുണ്ടുറാവുവും രാജി സമര്‍പ്പിച്ചു. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി വയ്ക്കുയാണ് എന്ന് ദിനേശ് മാദ്ധ്യമങ്ങളോട് പറഞ്ഞു. തന്റെ രാജി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ചതായി സിദ്ധരാമയ്യ വ്യക്തമാക്കി. രാജിക്കത്തിന്റെ കോപ്പി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനും കെ.പി.സി.സി അദ്ധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവുവിനും അയച്ചിട്ടുണ്ട്. 15 മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 12 മണ്ഡലങ്ങളിലും ബി.ജെ.പിയാണ് ജയിച്ചത്. രണ്ടിടത്ത് കോണ്‍ഗ്രസും ഒന്നില്‍ സ്വതന്ത്രനും ജയിച്ചപ്പോള്‍ ജെഡിഎസ് ചിത്രത്തില്‍ പോലുമില്ല. കഴിഞ്ഞ തവണ വിജയിച്ച 10 സീറ്റുകളാണ് കോണ്‍ഗ്രസിന് നഷ്ടമായത്. ജെഡ്എസ്സിനാകട്ടെ മൂന്നും. സഖ്യസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് 17 കോണ്‍ഗ്രസ്, ജെ.ഡി.എസ്. എം.എല്‍.എ.മാര്‍ രാജിവെച്ചതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇനി നടക്കാനുള്ള രണ്ട് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഭരണത്തെ യാതൊരു തരത്തിലും സ്വാധീനിക്കുകയില്ല. കാരണം ഭരണം നിലനിര്‍ത്താന്‍ ആറു സീറ്റ് വേണ്ട സാഥാനത്ത് ഇപ്പോള്‍ തന്നെ 12 സീറ്റ് നേടിയാണ് ബിജെപി ഭരണസ്ഥിരത ഉറപ്പിച്ചത്.

കോൺ​ഗ്രസ്- ജെഡിഎസ് സർക്കാറിനെ അട്ടിമറിച്ച ബിജെപിയെ ഭരണത്തിൽ നിന്നും മാറ്റി നിർത്താനുള്ള അവസരമാണ് ഇരുകൂട്ടർക്കും നഷ്ടപ്പെട്ടത്. ഇതോടെ വലിയ പ്രതിസന്ധിയാണ് കോൺ​ഗ്രസ് നേരിടുന്നത്. സിദ്ധാരാമയ്യയും ദിനേശ് ഗുണ്ടുറാവുവും രാജിവെച്ചതോടെ കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ് കോൺ​ഗ്രസ്. നാഥനില്ലാത്ത അവസ്ഥയിലേക്കാണ് കോണ്‍ഗ്രസ്സിനെ ഇത് കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. ഇതിനെ മറികടക്കാനുള്ള ആലോചനകൾ ഡി.കെ ശിവകുമാറിലെത്തിയിരിക്കുന്നുവെന്നാണ് അറിയുന്നത്. ശിവകുമാറിനെ പോലെയുള്ള ഒരു നേതാവിന് മാത്രമേ സംസ്ഥാത്ത് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താനാവൂവെന്നാണ് കര്‍ണ്ണാട കോണ്‍ഗ്രസ്സില്‍ നിന്നുയരുന്ന പൊതു വികാരം. ഇതേ വികാരം തന്നെയാണ് കേന്ദ്ര നേതൃത്വത്തിന്‍റേയും എന്നാണ് പുറത്തു വരുന്ന സൂചനകള്‍.

  •  
  •  
  •  
  •  
  •  
  •  
  •