കിളിയന്തറ സെന്‍റ് തോമസ് ഹൈസ്കൂള്‍ 1976-77 ബാച്ച് പൂര്‍വ്വവിദ്യാര്‍ത്ഥി – അദ്ധ്യാപക സംഗമം ഇന്ന്.
കേരളത്തിലെ പ്രമുഖ സ്കൂളുകളിലൊന്നായ കിളിയന്തറ സെന്‍റ് തോമസ് ഹൈസ്കൂള്‍ 1976-77 ബാച്ച് പൂര്‍വ്വവിദ്യാര്‍ത്ഥി – അദ്ധ്യാപക സംഗമം ഇന്ന് (29-ശനി) കിളിയന്തറ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. കേരളത്തിലെ ഏറ്റവും നീളം കൂടിയ സ്കൂള്‍ മന്ദിരം എന്ന് ഖ്യാതി നേടിയ കിളിയന്തറ സെന്‍റ് തോമസ് ഹൈസ്കൂളില്‍ നിന്ന് 1977ല്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച് പുറത്തിറങ്ങിയവര്‍ 48 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒന്നിച്ചുകൂടുമ്പോള്‍ അവരെ സ്വീകരിക്കുവാനായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടക സമിതി അറിയിച്ചു. നാലു ഡിവിഷനുകളിലായി 170 ഓളം കുട്ടികളായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച് അന്ന് ഈ സരസ്വതീ മന്ദിരം വിട്ടിറങ്ങിയത്.
കണ്ണൂര്‍, ഇരിട്ടി വിദ്യാഭ്യാസ ജില്ലയില്‍ കിളിയന്തറ സെന്‍റ് മേരീസ് ഇടവക മാനേജ്മെന്‍റിന്‍റെ കീഴില്‍ 1957-ൽ ആണ് സ്കൂള്‍ സ്ഥാപിതമാകുന്നത്. ആദ്യം ആരംഭിച്ചത് യുപി സ്കൂള്‍. ആറു കിലോമീറ്ററിനപ്പുറം കുന്നോത്ത് എല്‍ പി സ്കൂള്‍ ഉണ്ട് എന്നതായിരുന്നു ആദ്യം യുപി സ്കൂള്‍ സ്ഥാപിക്കുവാന്‍ കാരണം. എന്നാല്‍ പ്രദേശവാസികളുടെ നിരന്തര ശ്രമഫലമായി അധികം താമസിയാതെ തന്നെ ലോവര്‍ പ്രൈമറി സ്കൂളും തുടങ്ങുവാന്‍ കഴിഞ്ഞു.
അതുവരെ ഈ പ്രദേശത്തുള്ളവര്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കണമെങ്കില്‍ 6 കി.മീറ്റര്‍ അകലെ കുന്നോത്തും ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനായി 12 കിമീ. അകലെ ഇരിട്ടിയിലും എത്തണമായിരുന്നു. വാഹന സൗകര്യം തുലോം കുറവായിരുന്ന അക്കാലത്ത് വിദ്യര്‍ത്ഥികള്‍ ഈ ദൂരം മുഴുവനും നടന്നാണ് സ്കൂളില്‍ പോയിരുന്നത്. അതിനാല്‍ തന്നെ മലയോര മേഖലയിലെ വിദ്യാഭ്യാസ രംഗത്തുള്ള ഒരു കുതിച്ചു ചാട്ടത്തിന്‍റെ നാന്ദിയായിരുന്നു കിളിയന്തറയില്‍ സ്കൂളിന്‍റെ സ്ഥാപനം. 1964 ല്‍ ഹൈസ്കൂളായി ഉയര്‍ന്നു. 1965- 66ല്‍ സെന്റ് തോമസ് ഹൈസ്കൂളിന്‍റെ ആദ്യബാച്ച് എസ്എസ്എല്‍സി പൂര്‍ത്തിയാക്കി പുറത്തിറങ്ങി. ഈ സ്കൂളില്‍ നിന്ന് 1977ല്‍ പുറത്തിറങ്ങിയ 11-ാം മത്തെ ബാച്ചിന്‍റെ സംഗമമാണ് ഇന്നു നടക്കുക.
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം വിജയിപ്പിക്കുവാനായി ജെയിംസ് സിജെ (ജനറല്‍ കണ്‍വീനര്‍) തോമസ് റ്റി.റ്റി (കോര്‍ഡിനേറ്റര്‍) ജോസ് ചാക്കോ (പ്രസിഡന്‍റ്), അബ്രാഹം ജോര്‍ജ് (വൈ.പ്രസി.) കുര്യന്‍ പിവി (ജന.സെക്രട്ടറി), ഫിലിപ്പോസ് വടാശ്ശേരി (സെക്രട്ടറി), പോള്‍ ടി.സി, വേണു ഗോപാല്‍ (ട്രഷറര്‍മാര്‍), ഗംഗാധരന്‍ എ.എം, ജിമ്മി ചാലില്‍, ജോണി കെ.സി, മാണി ടി.എന്‍, വത്സമ്മ എന്‍.ജെ, ആന്‍റണി കെ.എം (കണ്‍വീനര്‍മാര്‍) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റി രൂപീകരിച്ച് ഒരു വര്‍ഷമായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു.

