ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് നാളെ.

രാജ്യത്തിന്‍റെ അടുത്ത അഞ്ചു വര്ഷത്തേക്കുള്ള ഉപരാഷ്ട്രപതിയെ കണ്ടെത്തുവാനുള്ള തെരഞ്ഞെടുപ്പ് നാളെ. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സ്ഥാനാർത്ഥി സിപി രാധാകൃഷ്ണൻ ഇന്ത്യാ ബ്ലോക്കിന്റെ നോമിനിയായ മുൻ സുപ്രീം കോടതി ജഡ്ജി ബി സുദർശൻ റെഡ്ഡിയെ നേരിടും. രാധാകൃഷ്ണൻ തമിഴ്‌നാട്ടിൽ നിന്നുള്ളയാളും റെഡ്ഡി തെലങ്കാനയിൽ നിന്നുള്ളയാളുമായതിനാൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം ‘തെക്ക് vs തെക്ക്’ എന്ന പോരാട്ടമായാണ് കാണുന്നത്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർലമെന്റ് സെൻട്രൽ ഹാളിൽ പ്രതിപക്ഷ എംപിമാർ ഇന്ന് യോ​ഗം ചേരും. വോട്ടു ചെയ്യേണ്ട വിധം അടക്കം നേതാക്കൾ എംപിമാരോട് വിശദീകരിക്കും. ഇന്ത്യ സഖ്യം എംപിമാർക്ക് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെയുടെ വീട്ടിൽ രാത്രി അത്താഴ വിരുന്നും ഒരുക്കുന്നുണ്ട്.

ഇന്നലെ ഇന്ത്യ സഖ്യം സ്ഥാനാർത്ഥി ബി സുദർശൻ റെഡ്ഡി എല്ലാ എംപിമാരുടെയും പിന്തുണ അഭ്യർത്ഥിച്ച് വീഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു. തെരഞ്ഞെടുക്കപ്പെട്ടാൽ രാജ്യസഭയെ സംവാദത്തിനുള്ള യഥാർത്ഥ വേദിയാക്കി മാറ്റുമെന്നും പാർലമെന്ററി സമിതികളെ രാഷ്ട്രീയ സമ്മർദങ്ങളിൽനിന്നും മുക്തമാക്കുമെന്നുമാണ് സുദർശൻ റെഡ്ഡി പറഞ്ഞത്. എൻഡിഎ എംപിമാരും ഇന്ന് യോ​ഗം ചേർന്നേക്കും. ആകെ 783 എംപിമാരിൽ എൻഡിഎയ്ക്ക് 422 പേരും പ്രതിപക്ഷത്ത് 320 പേരും ആണ് നിലവിൽ ഉള്ളത്. ബിജു ജനതാദൾ, ബിആർഎസ് എന്നീ കക്ഷികൾ നിലപാട് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങൾ (തിരഞ്ഞെടുക്കപ്പെട്ടവരും നാമനിർദ്ദേശം ചെയ്യപ്പെട്ടവരുമായ അംഗങ്ങൾ) അടങ്ങുന്ന ഒരു ഇലക്ടറൽ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 324 പ്രകാരം, ഉപരാഷ്ട്രപതിയുടെ ഓഫീസിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ മേൽനോട്ടം വഹിക്കുന്നു.

പിങ്ക് നിറത്തിൽ അച്ചടിച്ച ബാലറ്റ് പേപ്പറുകൾ വഴിയാണ് വോട്ടെടുപ്പ് നടത്തുന്നത്. ബാലറ്റ് പേപ്പറുകൾ രണ്ട് കോളങ്ങളോടെയാണ് അച്ചടിക്കുന്നത് – ആദ്യ കോളത്തിൽ സ്ഥാനാർത്ഥികളുടെ പേരുകളും രണ്ടാമത്തെ കോളത്തിൽ അത്തരം ഓരോ സ്ഥാനാർത്ഥിക്കും വോട്ടർ മുൻഗണന നൽകുന്നതിനുള്ള കോളവും.

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി, ഉപരാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പിൽ എംപിമാർ മാത്രമേ പങ്കെടുക്കുന്നുള്ളൂ. കൂടാതെ, ഓരോ വോട്ടിന്റെയും മൂല്യം ഒന്നാണ്. ഒറ്റ കൈമാറ്റ വോട്ട് വഴി ആനുപാതിക പ്രാതിനിധ്യ സമ്പ്രദായത്തിലാണ് വോട്ടെടുപ്പ് നടത്തുന്നത്.